
ചെന്നൈ: കമന്ററി പാനലില്‍ നിന്ന് സഞ്ജയ് മഞ്ജരേക്കറെ ഒഴിവാക്കിയ ബിസിസിഐ നടപടിയില്‍ പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചെന്നൈ താരമായ രവീന്ദ്ര ജഡേജയെ ലോകകപ്പ് മത്സരത്തിനിടെ മഞ്ജരേക്കര്‍ തട്ടിക്കൂട്ട് കളിക്കാരനെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതേ ഭാഷയിലാണ് ചെന്നൈയും മറുപടി നല്‍കിയത്. കമന്ററി ബോക്സില്‍ നിന്ന് ഇനി തട്ടിക്കൂട്ട് കമന്ററി ഇനി കേള്‍ക്കണ്ടല്ലോ എന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്രതികരണം.
അതേസമയം, സഞ്ജയ് മഞ‌്ജരേക്കറെ ബിസിസിഐ കമന്‍ററി ബോക്സില്‍ വിലക്കിയത് പൗരത്വസമരത്തെ പിന്തുണച്ചതിന്റെ പേരിലുള്ള പ്രതികാര നടപടിയാണെന്ന രീതിയിലുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ചൊ ന്നും ബിസിസിഐയും മഞ്ജരേക്കറും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read: മഞ്ജരേക്കര്‍ മലക്കം മറിഞ്ഞു; ഒറ്റയടിക്ക് തട്ടിക്കൂട്ട് താരം സൂപ്പര്‍ സ്റ്റാറായി
ഇന്ത്യാ-ബംഗ്ലാദേശ് ഡേ നൈറ്റ് ടെസ്റ്റിനിടെ സഹ കമന്റേറ്ററായ ഹര്‍ഷ ഭോഗ്‌ലെയെ കളിയാക്കിയ മഞ്ജരേക്കറുടെ നടപടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡേ നൈറ്റ് ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് പന്ത് കാണാനാവുമോ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായപ്പോഴാണ് രാജ്യാന്തരതലത്തിലോ ആഭ്യന്തര തലത്തിലോ കളിച്ചിട്ടുള്ളവര്‍ക്ക് അറിയാം ഇക്കാര്യം എന്ന് പറഞ്ഞായിരുന്നു മഞ്ജരേക്കര്‍ ഭോഗ്‌ലെയെ ട്രോളിയത്. ഭോഗ്‌ലെ സജീവ ക്രിക്കറ്ററായിരുന്നില്ലെന്നത് മനസിലാക്കിയായിരുന്നു മഞ്ജരേക്കറുടെ കുത്ത്.