രവീന്ദ്ര ജഡേജയുടെ വിഷയത്തില്‍ മലക്കംമറിഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. ജഡേജയെ തട്ടിക്കൂട്ട് കളിക്കാരനെന്ന് വിളിച്ച മഞ്ജരേക്കര്‍ അക്കാര്യം പാടെ വിഴുങ്ങി.
മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ വിഷയത്തില്‍ മലക്കംമറിഞ്ഞ് സഞ്ജയ് മഞ്ജരേക്കര്‍. ജഡേജയെ തട്ടിക്കൂട്ട് കളിക്കാരനെന്ന് വിളിച്ച മഞ്ജരേക്കര്‍ അക്കാര്യം പാടെ വിഴുങ്ങി. ഇന്നലെ ന്യൂസിലന്‍ഡിനെതിരെ കളിച്ച ഇന്നിങ്‌സിന് ശേഷം ജഡേജ ഒരു പൂര്‍ണ ക്രിക്കറ്ററാണെന്ന് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.
മത്സരശേഷം സംസാരിക്കുകയായിരുന്നു മഞ്ജരേക്കര്‍. അദ്ദേഹം പറഞ്ഞതിങ്ങനെ... ''ജഡേജ ഇന്ന് ശരിക്കും ഞെട്ടിച്ചുകളഞ്ഞു. കിവീസിനെതിരായ ഇന്നിങ്‌സ് ഞാന്‍ മുമ്പ് പറഞ്ഞത് പൂര്‍ണമായും തെറ്റാണെന്ന് തെളിയിച്ചു. നമ്മള്‍ അടുത്തകാലം വരെ കണ്ട ജഡേജ ആയിരുന്നില്ല ന്യൂസിലന്‍ഡിനെതിരെ കണ്ടത്. കഴിഞ്ഞ 40 ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 33ന് അടുത്തെന്തോ ആയിരുന്നു.
എല്ലാം കൊണ്ടും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. പന്തെറിഞ്ഞപ്പോള്‍ അധികം റണ്‍സ് വിട്ടുകൊടുത്തില്ല. ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും തകര്‍പ്പന്‍ പ്രകടനം. ശരിക്കും ഞെട്ടിച്ചു കളഞ്ഞു ജഡേജ.'' മഞ്ജരേക്കര്‍ പറഞ്ഞു നിര്‍ത്തി.
എന്നാല്‍ മഞ്ജരേക്കര്‍ ട്വിറ്ററില്‍ പങ്കുവച്ച ട്വീറ്റ് വിവാദമുണ്ടാക്കി. ''ജഡേജ നന്നായി കളിച്ചു'' എന്നാണ് മഞ്ജരേക്കര്‍ ട്വീറ്റില്‍ പറഞ്ഞത്. എന്നാല്‍ ട്വീറ്റിനോടൊപ്പം ചേര്‍ത്ത സ്‌മൈലി അനവസരത്തിലായി പോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.
നേരത്തെ, ജഡേജ ഒരു 'തട്ടിക്കൂട്ട്' കളിക്കാരനാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു. ഏകദിന ടീമില്‍ കളിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നായിരുന്നു മഞ്ജരേക്കറുടെ വാദം. ഇതിന് മറുപടിയുമായി ജഡേജയെത്തുകയും ചെയ്തു. നിങ്ങളേക്കാള്‍ ഇരട്ടി മത്സരം ഞാന്‍ കളിച്ചിട്ടുണ്ടെന്നായിരുന്നു ജഡേജ മറുപടി. നേട്ടങ്ങള്‍ സ്വന്തമാക്കിയ താരങ്ങളെ അംഗീകരിക്കാന്‍ പഠിക്കൂവെന്നും ജഡേജ മറുപടിയില്‍ പറഞ്ഞു.
