'തല'യ്‌ക്കൊപ്പം ഏഴാം നമ്പറും പടിയിറങ്ങുന്നു; ധോണിയുടെ ഏഴാം നമ്പർ ജേഴ്സി പിന്‍വലിക്കാൻ ചെന്നൈ സൂപ്പര്‍ കിംഗ്സ്

Published : Nov 18, 2026, 05:11 PM IST
MS Dhoni

Synopsis

2008-ൽ സി.എസ്.കെയുടെ ആദ്യ സൈനിംഗായി ടീമിലെത്തിയത് മുതൽ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞാണ് ധോണി കളത്തിലിറങ്ങിയത്.

ചെന്നൈ: വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരം എം.എസ്. ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍റെ ഐക്കോണിക് 'ഏഴാം നമ്പർ' ജേഴ്സി പിൻവലിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) തീരുമാനിച്ചു. ഇന്നലെയാണ് 45കാരനായ ധോണി തന്‍റെ ഐപിഎല്‍ കരിയറിന് വിരാമമിട്ടത്. ഇതിന് പിന്നാലെയാണ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്സി പിന്‍വലിക്കാൻ ചെന്നൈ തീരുമാനിച്ചതെന്ന് 'ടെലഗ്രാഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. 2008-ൽ സി.എസ്.കെയുടെ ആദ്യ സൈനിംഗായി ടീമിലെത്തിയത് മുതൽ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞാണ് ധോണി കളത്തിലിറങ്ങിയത്. ചെന്നൈയുടെ 17 വർഷത്തെ ഐ.പി.എൽ യാത്രയിലും, ഇടക്കാലത്ത് റൈസിംഗ് പൂനെ സൂപ്പർജയന്‍റ്സിനായി കളിച്ച രണ്ട് വർഷങ്ങളിലും ധോണി ഏഴാം നമ്പർ നിലനിർത്തിയിരുന്നു.

ചെന്നൈയെ അഞ്ച് ഐ.പി.എൽ കിരീടങ്ങളിലേക്ക് നയിച്ച ധോണി, ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരൻ കൂടിയാണ്. 'തല' എന്ന വിളിപ്പേരും ഏഴാം നമ്പറും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയൊരു വികാരമായി മാറിയിരുന്നു. ധോണിക്കൊപ്പം ഏഴാം നമ്പറും വിരമിക്കുന്നതോടെ ഇനി മുതൽ ചെന്നൈ സൂപ്പർ കിംഗ്സിൽ മറ്റൊരു താരത്തിനും ഏഴാം നമ്പർ ജേഴ്സി അണിയാനാവില്ല. 2020-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ ബി.സി.സി.ഐയും ധോണിയോടുള്ള ആദരവായി ഏഴാം നമ്പർ ജേഴ്സി പിൻവലിച്ചിരുന്നു.

ഏഴാം നമ്പർ തിരഞ്ഞെടുത്തതിന് പിന്നിലെ കൗതുകകരമായ കാരണവും ധോണി മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. തന്‍റെ മാതാപിതാക്കൾ തന്നെ ഈ ഭൂമിയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ച ദിവസമാണതെന്നായിരുന്നു ധോണിയുടെ രസകരമായ മറുപടി. ജൂലൈ ഏഴിനാണ് ധോണിയുടെ ജനനം. വർഷത്തിലെ ഏഴാം മാസമായ ജൂലൈയിലെ ഏഴാം തീയതി എന്നതിനൊപ്പം, ജനിച്ച വർഷമായ 1981-ലെ അവസാന അക്കങ്ങളായ 8-ൽ നിന്ന് 1 കുറച്ചാലും 7 ആണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് നമ്പറാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ മറ്റൊന്നും ആലോചിക്കാതെ ഏഴ് തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഐ.പി.എൽ ചരിത്രത്തിൽ ഇതിന് മുൻപ് മൂന്ന് ഫ്രാഞ്ചൈസികൾ നാല് ജേഴ്സി നമ്പറുകൾ പിൻവലിച്ചിട്ടുണ്ട്. 2013-ൽ സച്ചിൻ ടെണ്ടുൽക്കറുടെ വിരമിക്കലിന് പിന്നാലെ അദ്ദേഹത്തിന്‍റെ പത്താം നമ്പർ ജേഴ്സി പിൻവലിച്ച മുംബൈ ഇന്ത്യൻസാണ് ഇതിന് തുടക്കമിട്ടത്. പിന്നീട് ഒരു പതിറ്റാണ്ടിന് ശേഷം 2023-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു രണ്ട് നമ്പറുകൾ ഒരേസമയം പിൻവലിച്ചു. 11 സീസണുകളിലായി 4,491 റൺസ് നേടിയ എബി ഡിവില്ലിയേഴ്സിനോടുള്ള ആദരവായി 17-ാം നമ്പറും, ചരിത്രപ്രസിദ്ധമായ 175 റൺസ് പ്രകടനമടക്കം നിരവധി റെക്കോർഡുകൾ കുറിച്ച ക്രിസ് ഗെയ്‌ലിനായി 333-ാം നമ്പറുമാണ് ആർ.സി.ബി ഒഴിവാക്കിയത്. ഏറ്റവും ഒടുവിലായി 2026-ൽ, കളിക്കാരനിൽ നിന്ന് ടീമിന്‍റെ 'പവർ കോച്ച്' എന്ന റോളിലേക്ക് മാറിയ ആന്ദ്രെ റസ്സലിന്‍റെ ഒരു പതിറ്റാണ്ട് നീണ്ട പ്രകടനങ്ങളെ ആദരിച്ചുകൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അദ്ദേഹത്തിന്റെ 12-ാം നമ്പർ ജേഴ്സിയും പിൻവലിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തോറ്റാല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷ അവസാനിക്കും, ന്യൂസിലൻഡിനെതിരെ അഗ്നിപരീക്ഷക്ക് ഇന്ത്യ നാളെ ഇറങ്ങുന്നു
സയ്യിദ് മുഷ്താഖ് അലി ടി20: ആന്ധ്രാ പ്രദേശിനെതിരെ കേരളത്തിന് 29 റണ്‍സിന്റെ തോല്‍വി