തോറ്റാല്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷ അവസാനിക്കും, ന്യൂസിലൻഡിനെതിരെ അഗ്നിപരീക്ഷക്ക് ഇന്ത്യ നാളെ ഇറങ്ങുന്നു

Published : Nov 18, 2026, 04:14 PM IST
kl rahl and shubman gill

Synopsis

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഇന്ത്യ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾ തമ്മിൽ കടുത്ത പോരാട്ടത്തിലാണ്. അവശേഷിക്കുന്ന ഏഴ് ടെസ്റ്റുകളിലെ വിജയത്തിന് പുറമെ മറ്റ് ടീമുകളുടെ മത്സരഫലങ്ങളും ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിൽ നിർണ്ണായകമാകും.

വെല്ലിംഗ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ വെല്ലിംഗ്ടണില്‍ തുടക്കമാകുമ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബർത്തിനായി നാല് ടീമുകൾ തമ്മിൽ കടുത്ത പോരാട്ടത്തിലാണ്. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ ടീമുകൾക്കാണ് ഫൈനലിലെത്താൻ നിവില്‍ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. നിലവിലെ പോയിന്‍റ് പട്ടികയിൽ 72.22 ശതമാനം പോയിന്‍റ് ശതമാവുമായി ന്യൂസിലൻഡ് ഒന്നാം സ്ഥാനത്താണ്. 71.43 ശതമാനവുമായി ദക്ഷിണാഫ്രിക്ക രണ്ടാമതും, 69.23 ശതമാനവുമായി ഓസ്‌ട്രേലിയ മൂന്നാമതും നിൽക്കുമ്പോൾ 51.52 ശതമാനം പോയിന്‍റോടെ ഇന്ത്യ നാലാം സ്ഥാനത്താണ്. എന്നാൽ, 2026 അവസാനത്തിലും 2027 തുടക്കത്തിലുമായി നടക്കാനിരിക്കുന്ന നിർണ്ണായക പരമ്പരകളുടെ ഫലങ്ങൾ ഈ നിലവിലെ കണക്കുകളെ പൂർണ്ണമായും മാറ്റിമറിച്ചേക്കാം.

നവംബർ 19-ന് ആരംഭിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് രണ്ട് ടെസ്റ്റുകളുടെ പരമ്പര പോയിന്‍റ് പട്ടികയിൽ വലിയ ചലനങ്ങളുണ്ടാക്കും. ഇതേസമയം, ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്ക കളിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയും നിലവിലെ ചാമ്പ്യന്മാരുടെ സ്ഥാനത്തെ സ്വാധീനിക്കും. വരും മാസങ്ങളിൽ ന്യൂസിലൻഡിനെതിരെ നാല് ടെസ്റ്റുകളും ഇന്ത്യക്കെതിരെ അഞ്ച് ടെസ്റ്റുകളും കളിക്കുന്ന ഓസ്‌ട്രേലിയയുടെ പ്രകടനവും ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും. ഇതിനുപുറമെ ന്യൂസിലൻഡിന് ശ്രീലങ്കയ്ക്കും പാകിസ്ഥാനുമെതിരെ രണ്ട് ടെസ്റ്റുകൾ വീതമുള്ള പരമ്പരകളും, ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെതിരെ ഹോം ഗ്രൗണ്ടിൽ മൂന്ന് ടെസ്റ്റുകളും ശ്രീലങ്കയിൽ രണ്ട് ടെസ്റ്റുകളും ബാക്കിയുണ്ട്. ചുരുക്കത്തിൽ, ഇന്ത്യക്ക് ഏഴും, ന്യൂസിലൻഡിന് പത്തും, ഓസ്‌ട്രേലിയക്ക് ഒൻപതും, ദക്ഷിണാഫ്രിക്കയ്ക്ക് ഏഴും ടെസ്റ്റ് മത്സരങ്ങളാണ് ഇനി ഈ സൈക്കിളിൽ അവശേഷിക്കുന്നത്.

നായകൻ ശുഭ്മാൻ ഗില്ലിനും പരിശീലകൻ ഗൗതം ഗംഭീറിനും കീഴിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് ഇനിയൊരു തോല്‍വി താങ്ങാനാവില്ല. ഇതുവരെ കളിച്ച 11 ടെസ്റ്റുകളിൽ നാലെണ്ണത്തിലും പരാജയപ്പെട്ട ഇന്ത്യക്ക്, ബാക്കിയുള്ള ഏഴ് മത്സരങ്ങളിലും മികച്ച വിജയം നേടിയേ തീരൂ. ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളിലും വിജയിച്ചാൽ പോലും ഇന്ത്യക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുമെന്ന് ഉറപ്പില്ല എന്നതാണ് നിലവിലെ സാഹചര്യം. ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളും ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളും ഇന്ത്യ തൂത്തുവാരിയാൽ പോലും, മറ്റ് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും വിജയം തുടർന്നാൽ ഇന്ത്യ പുറത്താകുന്ന സാഹചര്യമാണുള്ളത്.

അതുകൊണ്ടുതന്നെ, ന്യൂസിലൻഡിനെയും ഓസ്‌ട്രേലിയയെയും വൻ മാർജിനിൽ പരാജയപ്പെടുത്തുന്നതിനൊപ്പം, എതിരാളികളുടെ മത്സരഫലങ്ങളും ഇന്ത്യക്ക് അനുകൂലമാകേണ്ടതുണ്ട്. ഉദാഹരണത്തിന്, ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള പരമ്പര സമനിലയിൽ പിരിയുന്നത് ഇരുടീമുകൾക്കും പോയിന്‍റ് ശതമാനത്തിൽ മുൻതൂക്കം ലഭിക്കുന്നത് തടയുകയും ഇന്ത്യക്ക് ഗുണകരമാവുകയും ചെയ്യും. ന്യൂസിലൻഡിനെതിരെ 2-0 നും ഓസ്‌ട്രേലിയക്കെതിരെ 3-2 നും പരമ്പര നേടിയാൽ പോലും ഇന്ത്യക്ക് ഫൈനലിന് യോഗ്യത ഉറപ്പിക്കാൻ കഴിയില്ല. അങ്ങനെയൊരു സാഹചര്യത്തിൽ പാകിസ്ഥാനും ശ്രീലങ്കയും ന്യൂസിലൻഡിനെയോ ദക്ഷിണാഫ്രിക്കയെയോ തോൽപ്പിക്കേണ്ടത് ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിന് അനിവാര്യമായി വരും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

മറുവശത്ത്, ഫലങ്ങൾ അനുകൂലമാവുകയാണെങ്കിൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായിത്തന്നെ ഫൈനലിലേക്ക് മുന്നേറാനും ഇന്ത്യക്ക് സാധിക്കും. ചുരുക്കത്തിൽ, ഫൈനൽ പ്രതീക്ഷയിലുള്ള നാല് ടീമുകളുടെയും ഓരോ മത്സരഫലവും 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ വലിയ മാറ്റങ്ങളാകും സൃഷ്ടിക്കാൻ പോകുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സയ്യിദ് മുഷ്താഖ് അലി ടി20: ആന്ധ്രാ പ്രദേശിനെതിരെ കേരളത്തിന് 29 റണ്‍സിന്റെ തോല്‍വി
പന്ത് ചുരണ്ടല്‍ വിവാദത്തിൽ തുറന്ന അന്വേഷണം വേണമെന്ന് ഡേവിഡ് വാര്‍ണര്‍; സ്വകാര്യ ഫോറത്തെ ചോദ്യം ചെയ്ത് മുന്‍ താരം