സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ ആന്ധ്രാ പ്രദേശിനെതിരെ കേരളത്തിന് 29 റൺസിന്റെ തോൽവി. ആന്ധ്ര ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് 196 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ ഗ്രൂപ്പ് സിയിൽ കേരളം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ആന്ധ്രാ പ്രദേശിനെതിരെ കേരളത്തിന് തോല്‍വി. മൊഹാലിയില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആന്ധ്ര നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. ഷെയ്ഖ് റഷീദ് (60), എസ് വി രാഹുല്‍ (64) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ കേരളത്തിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടാന്‍ സാധിച്ചത്. 35 പന്തില്‍ 70 റണ്‍സുമായി പുറത്താവാതെ നിന്ന അബ്ദുള്‍ ബാസിത് മാത്രമാണ് കേരളത്തിന് വേണ്ടി പൊരുതിയത്. സഞ്ജു സാംസണ്‍ 13 പന്തില്‍ 26 റണ്‍സ് നേടി മടങ്ങി. മൂന്ന് മത്സരങ്ങളില്‍ കേരളത്തിന്റെ രണ്ടാം തോല്‍വിയാണിത്.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് ഭേദപ്പെട്ട തുടക്കമാണ് സഞ്ജു നല്‍കിയത്. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്ന പ്രകടനവുമായി സഞ്ജു മടങ്ങുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ 27 ആയിരുന്നു. എന്നാല്‍ സഹഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന് (4) തളങ്ങാനായില്ല. വിഷ്ണു വിനോദും (13), സല്‍മാന്‍ നിസാര്‍ (13) എന്നിവര്‍ നിരാശപ്പെടുത്തി. ഗോവിന്ദ് പൈ (36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബാസിത് - ഷറഫുദീന്‍ (13 പന്തില്‍ പുറത്താവാതെ 27) സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും പൊരുതി നോക്കിയെങ്കിലും തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാണ് ഇരുവര്‍ക്കും സാധിച്ചത്. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബാസിത്തിന്റെ ഇന്നിംഗ്‌സ്.

നേരത്തെ റഷീദ്, രാഹുല്‍ എന്നിവര്‍ക്ക് പുറമെ അശ്വിന്‍ ഹെബ്ബാര്‍ (37), ഹേമന്ത് റെഡ്ഡി (32) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കാളിണ്ടിഡി രാജു (7 പന്തില്‍ പുറത്താവാതെ 20) ഇന്നിംഗ്‌സാണ് ആന്ധ്രയെ 200 കടത്താന്‍ സഹായിച്ചത്. തോല്‍വിയോടെ ഗ്രൂപ്പ് സിയില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാ സ്ഥാനത്തായി കേരളം. ആന്ധ്ര മൂന്നാം സ്ഥാനത്തും. മധ്യ പ്രദേശാണ് ഒന്നാമത്. കേരളം വെള്ളിയാഴ്ച്ച ത്രിപുരയെ നേരിടും.

YouTube video player