ഐപിഎല്ലിലെ മികച്ച മൂന്ന് പവര്‍ പ്ലേ താരങ്ങളെ തെരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്; കോലിയും ഗെയ്ലുമില്ല

By Web TeamFirst Published Mar 28, 2020, 12:35 PM IST
Highlights

സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സുരേഷ് റെയ്ന,രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്ലര്‍. ഓഫ് സൈഡിലും ഓണ്‍ സൈഡിലും ഒരുപോലെ കരുത്തനായ വാര്‍ണര്‍ക്ക് വിക്കറ്റിനിടയിലെ ഓട്ടത്തിലും മുന്‍തൂക്കമുണ്ടെന്ന് ഹോഗ് പറഞ്ഞു. 

സിഡ്നി: ടി20 ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാന്‍ ആരെന്ന് ചോദിച്ചാല്‍ ക്രിസ് ഗെയ്ലെന്ന് മറുപടി പറയാന്‍ ആരാധകര്‍ക്ക് അധികം സമയമൊന്നും വേണ്ട. ഐപിഎല്ലിലും എക്കാലത്തും പൊന്നുംവിലയുള്ള താരമാണ് ക്രിസ് ഗെയ്ല്‍. എന്നാല്‍ മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ് തെരഞ്ഞെടുത്ത ഐപിഎല്ലിലെ ഏറ്റവും മികച്ച പവര്‍ പ്ലേ ഹിറ്റര്‍മാരില്‍ ക്രിസ് ഗെയ്ലിന്റെ പേരില്ല. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ഓപ്പണ്‍ ചെയ്യുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേരും ഹോഗിന്റെ ലിസ്റ്റിലില്ല. 

പകരം ഹോഗ് തെരഞ്ഞടുത്ത മൂന്ന് പേര്‍ ഇവരാണ്, സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സുരേഷ് റെയ്ന, രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്ലര്‍. ഓഫ് സൈഡിലും ഓണ്‍ സൈഡിലും ഒരുപോലെ കരുത്തനായ വാര്‍ണര്‍ക്ക് വിക്കറ്റിനിടയിലെ ഓട്ടത്തിലും മുന്‍തൂക്കമുണ്ടെന്ന് ഹോഗ് പറഞ്ഞു. 

ചില ബൌളര്‍മാരെ തെരഞ്ഞെുപിടിച്ച് ആക്രമിക്കാനും ചെന്നൈയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനുമുള്ള റെയ്നയുടെ കഴിവാണ് രണ്ടാമതായി ഹോഗ് എടുത്തുപറയുന്നത്. വമ്പനടികളില്ലാതെ തന്നെ നൂതനമായ ഷോട്ടുകള്‍ കളിച്ച് രണ്‍സ് കണ്ടെത്താനുള്ള കഴിവാണ് ബട്ലറെ വ്യത്യസ്തനാക്കുന്നതെന്ന് ഹോഗ് പറയുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15 വരെ ഐപിഎല്‍ നീട്ടിവെച്ചിരിക്കുകയാണ്. ഇത്തവണ ഐപിഎല്‍ നടക്കുമോ എന്ന കാര്യം ഏപ്രിലിലെ വ്യക്തമാവു.

click me!