ആമിര്‍ വന്നവഴി മറക്കരുത്; കടുത്ത വിമര്‍ശനവുമായി ഡാനിഷ് കനേരിയ

By Web TeamFirst Published May 17, 2021, 9:57 PM IST
Highlights

അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് വിരമിച്ചതെന്ന് ആമിര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ ഇംഗ്ലണ്ടിലാണ് ആമിര്‍.
 

കറാച്ചി: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഭീഷണിപ്പെടുത്തി ദേശീയ ടീമില്‍ തിരിച്ചുവരാനുള്ള ശ്രമമാണ് മുഹമ്മദ് ആമിര്‍ നടത്തുന്നതെന്ന് മുന്‍ താരം ഡാനിഷ് കനേരിയ. കടുത്ത വിമര്‍ശനമാണ് അടുത്തിടെ പാക് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 29കാരനെ കുറിച്ച് കനേരിയ ഉന്നയിച്ചിരിക്കുന്നത്. യുവ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ പിസിബി വീഴ്ച വരുത്തുന്നുവെന്ന് ആമിര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു.

അതിന് പിന്നാലെയാണ് കനേരിയ രംഗത്തെത്തിയത്. മുന്‍ സ്പിന്നര്‍ പറയുന്നതിങ്ങനെ... ''കഴിഞ്ഞ ഒന്നര വര്‍ഷം ആമിറിന്റെ പ്രകടനത്തിന്റെ കാര്യത്തില്‍ പിന്നിലായിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തുവെന്നുള്ളത് മുഖവിലയ്‌ക്കെടുക്കുന്നു. എന്നാല്‍ പിന്നീട് അദ്ദേഹത്തിന് ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. ആമിര്‍ ഇംഗ്ലണ്ടിലേക്കു കുടിയേറാനും അവിടുത്തെ പൗരത്വം നേടാനുമൊക്കെ ശ്രമിക്കുന്നതില്‍ ഒരു കാര്യം വ്യക്തമാണ്. പിസിബിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമം. 

വാതുവയ്പ്പ് വിവാദത്തില്‍ അകപ്പെട്ടിട്ടും ദേശീയ ടീമില്‍ വീണ്ടും ഇടം നല്‍കാന്‍ മാത്രം കാരുണ്യം കാണിച്ചവരാണ് പിസിബിയെന്ന് ആമിര്‍ മറക്കരുത്. ടീം മാനേജ്‌മെന്റിനൊപ്പം സഹകരിക്കാനില്ലെന്ന് പറഞ്ഞാണ് ആമിര്‍ ടീം വിട്ടത്. മിസ്ബ ഉള്‍ ഹഖ്, മുഹമ്മദ് ഹഫീസ് തുടങ്ങിയവരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ആമിറിനെ വീണ്ടും ടീമിലെത്തിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ ആമിറിനെ കൈവിടാതിരുന്നവരാണ് അവരെന്ന് മറക്കരുത്.'' കനേരിയ പറഞ്ഞുനിര്‍ത്തി.

അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് വിരമിച്ചതെന്ന് ആമിര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ ഇംഗ്ലണ്ടിലാണ് ആമിര്‍.

click me!