
ദുബായ്: ഐസിസിയുടെ സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് (ICC Spirit of Cricket Award 2021) ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചലിന് (Daryl Mitchell). 2021 ഐസിസി ടി20 ലോകകപ്പ് സെമിയിലെ (England vs New Zealand 1st Semi) ശ്രദ്ധേയ നിമിഷത്തിനാണ് പുരസ്‌കാരം.
സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സ്വന്തമാക്കുന്ന നാലാം ന്യൂസിലന്‍ഡ് താരമാണ് ഡാരില്‍ മിച്ചല്‍. ഡാനിയല്‍ വെട്ടോറി, ബ്രണ്ടന്‍ മക്കല്ലം, കെയ്‌ന്‍ വില്യംസണ്‍ എന്നിവര്‍ നേരത്തെ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഐസിസി സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ട് എന്നാണ് ഡാരില്‍ മിച്ചലിന്‍റെ പ്രതികരണം. 'വലിയ മത്സരങ്ങളില്‍ വിവാദമുണ്ടാക്കുകയല്ല, തങ്ങളുടെ ശൈലിയില്‍ ജയിക്കുകയാണ് കിവീസ് എക്കാലവും ലക്ഷ്യമിടുന്നത്. തീര്‍ച്ചയായും മത്സരങ്ങള്‍ ജയിക്കണം, എന്നാലത് ക്രിക്കറ്റിന്‍റെ മൂല്യങ്ങളെ മറികടന്നാകരുത്. സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്. ഇത് ഭാവി താരങ്ങള്‍ക്ക് മാതൃകയാവും' എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അബുദാബിയിലെ സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 166/4 എന്ന പൊരുതാവുന്ന സ്‌കോര്‍ നേടി. ന്യൂസിലന്‍ഡിന്‍റെ മറുപടി ബാറ്റിംഗിലെ 18-ാം ഓവറിലായിരുന്നു ഡാരില്‍ മിച്ചല്‍ ഉള്‍പ്പെട്ട സംഭവം. ഓവറിലെ ആദില്‍ റഷീദിന്‍റെ ആദ്യ പന്തില്‍ ജയിംസ് നീഷാമിന് അനായാസം സിംഗിളെടുക്കാമായിരുന്നു. എന്നാല്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന ഡാരില്‍ മിച്ചല്‍ സിംഗിളെടുക്കാന്‍ മുതിര്‍ന്നില്ല. പന്ത് പിടിക്കാന്‍ ശ്രമിച്ച ആദില്‍ റഷീദിനെ അറിയാതെയെങ്കിലും തടസപ്പെടുത്തിയതിനാലായിരുന്നു ഇത്. പിന്നാലെ കമന്‍റേറ്റര്‍ നാസര്‍ ഹുസൈന്‍ ഡാരില്‍ മിച്ചലിനെ പ്രശംസിക്കുന്നത് കാണാമായിരുന്നു.
എന്തായാലും ഒരോവര്‍ ബാക്കിനില്‍ക്കേ മത്സരം ന്യൂസിലന്‍ഡ് വിജയിച്ചു. 47 പന്തില്‍ 72 റണ്‍സുമായി ഡാരില്‍ മിച്ചല്‍ പുറത്താകാതെ നിന്ന് മത്സരത്തിലെ ഹീറോയായി. മത്സരത്തില്‍ 11 പന്തില്‍ 27 റണ്‍സെടുത്ത നീഷാമിന്‍റെ പ്രകടനവും നിര്‍ണായകമായി. എന്നാല്‍ കലാശപ്പോരില്‍ ഓസീസിന് മുന്നില്‍ ന്യൂസിലന്‍ഡ് കീഴടങ്ങി.