2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തില്‍ തനിക്കെതിരെ 64 റണ്‍സടിച്ചപ്പോള്‍ ധോണി അരികിലെത്തി തന്ന പിന്തുണയെ കുറിച്ചാണ് ചാഹല്‍ മനസുതുറന്നത്
ചെന്നൈ: ഒരുവേള ടീം ഇന്ത്യയുടെ (Team India) വിശ്വസ്‌ത സ്‌പിന്‍ ജോഡിയിലംഗമായിരുന്നു യുസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal). ഇതിഹാസ നായകന്‍ എം എസ് ധോണിക്ക് (MS Dhoni) കീഴിലാണ് കരിയറിന്‍റെ തുടക്കത്തില്‍ ചാഹല്‍ കളിച്ചത്. ധോണിക്ക് കീഴില്‍ കുല്‍ദീപ് യാദവിനൊപ്പം (Kuldeep Yadav) ചാഹല്‍ വൈറ്റ് ബോളുകൊണ്ട് എതിരാളികളെ വട്ടംകറക്കി. എം എസ് ധോണി തന്‍റെ കരിയറില്‍ തന്ന വലിയ പിന്തുണയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ചാഹല്‍.
2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തില്‍ തനിക്കെതിരെ 64 റണ്‍സടിച്ചപ്പോള്‍ ധോണി അരികിലെത്തി തന്ന പിന്തുണയെ കുറിച്ചാണ് ചാഹല്‍ മനസുതുറന്നത്. 'ദക്ഷിണാഫ്രിക്കയിലെ ടി20 മത്സരത്തില്‍ എനിക്കെതിരെ 64 റണ്‍സടിച്ചു, ഹെന്‍റിക് ക്ലാസന്‍ എന്ന മൈതാനത്തിന്‍റെ നാലുപാടും പായിച്ചു. എറൗണ്ട് വിക്കറ്റില്‍ പന്തെറിയാന്‍ മഹി ഭായ് ആവശ്യപ്പെട്ടു. എന്നാല്‍ മിഡ് വിക്കറ്റിലെ ഏറ്റവും നീളമേറിയ ബൗണ്ടറിയിലൂടെ എന്ന സിക്‌സറിന് ക്ലാസന്‍ പറത്തി. പിന്നാലെ ധോണി എന്‍റെ അരികിലെത്തി. എന്തുചെയ്യണമെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ നിന്നെ നോക്കാന്‍ വന്നതുമാത്രമാണ് എന്നായിരുന്നു മറുപടി. ഇത് നിന്‍റെ ദിവസമല്ലെന്ന് എനിക്കറിയാം. നീ പരിശ്രമിക്കുന്നുണ്ട്, എന്നാല്‍ സാധിക്കുന്നില്ല. കൂടുതല്‍ ചിന്തിക്കണ്ടാ, നാല് ഓവര്‍ എറിഞ്ഞുതീര്‍ക്കൂ, ചില്‍ ചെയ്യൂ...
ആ സമയം ആരെങ്കിലും വന്ന് ശകാരിച്ചിരുന്നെങ്കില്‍ എന്‍റെ ആത്മവിശ്വാസം കൂടുതല്‍ താഴെപ്പോയേനെ. എന്നാല്‍ ഇതൊരു മത്സരം മാത്രമല്ലേ എന്നായിരുന്നു ധോണിയുടെ പ്രതികരണം. നീ ഏകദിനങ്ങളില്‍ നന്നായി പന്തെറിഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാ മത്സരത്തിലും ഒരുപോലെ മികവ് കാട്ടാനാവില്ല. മറ്റുള്ളവരും കളിക്കുന്നില്ലേ' എന്നും ധോണി പറഞ്ഞതായി ചാഹല്‍ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിന്‍റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2016ലാണ് ഏകദിനത്തിലും ടി20യിലും യുസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തില്‍ 59 മത്സരത്തില്‍ 99 വിക്കറ്റുകളും ടി20യില്‍ 50 മത്സരങ്ങളില്‍ 64 വിക്കറ്റും വീഴ്‌ത്തി. കുല്‍ദീപ്-ചാഹല്‍ സഖ്യം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ നിര്‍ണായക സ്‌പിന്‍ ജോഡിയായിരുന്നു. ക്യാപ്റ്റനായി മാത്രമല്ല, വിക്കറ്റിന് പിന്നിലും ധോണിയുടെ സാന്നിധ്യം ഇതില്‍ നിര്‍ണായകമായിരുന്നു.
IND vs WI : ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര; ആരാധകര്‍ക്ക് നിരാശ വാര്‍ത്ത
