ഇംഗ്ലണ്ടിനെതിരെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം തൊടുന്നത്.

മുംബൈ: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്കോററായ മലയാളി താരം സഞ്ജു സാംസണായിരുന്നു. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായതിനൊപ്പം ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിക്കുന്നതിലും നിര്‍ണായകമായി. ഇംഗ്ലണ്ടിനായി ജേക്കബ് ബെഥേല്‍ സെഞ്ചുറി നേടിയെങ്കിലും മത്സരം ജയിപ്പിച്ച ഇന്നിംഗ്സ് സഞ്ജുവിന്‍റേതായതിനാലാണ് സഞ്ജുിവനെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു ഇന്ത്യക്കായി കളിയിലെ താരമാകുന്നത്. വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന സൂപ്പര്‍ 8 മത്സരത്തില്‍ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നായിരുന്നു സഞ്ജു കളിയിലെ താരമായത്.

എന്നാല്‍ ഇംഗ്ലണ്ടിനെതിരെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ ഹൃദയം തൊടുന്നത്. വളരെ സന്തോഷം തോന്നുന്നു. കഴിഞ്ഞ മത്സരത്തിൽ തന്നെ ഞാൻ ഫോമിലായിരുന്നു. ആ ഫോം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഉറപ്പിച്ചിരുന്നു, അഭിഷേക് തുടക്കത്തില്‍ പുറത്തായതോടെ ക്രീസിൽ കൂടുതല്‍ നേരം ചെലവഴിക്കണമെന്ന് തീരുമാനിച്ചിരുന്നു. കാരണം, ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള ഞങ്ങള്‍ക്ക് അറിയാം, ഒരു സ്കോറും ഇവിടെ സുരക്ഷിതമല്ലെന്ന്. അതുകൊണ്ട് പരമാവധി റൺസ് കണ്ടെത്താനാണ് ശ്രമിച്ചത്. ഞാനും ഇഷാനും ബാറ്റ് ചെയ്ത രീതി വെച്ച് 250 റൺസ് സാധ്യമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തി കളിക്കാനായത് ഗുണകരമായി. ഇംഗ്ലണ്ട് വിജയത്തിനടുത്തെത്തി, അവർ ശരിക്കും നന്നായി കളിച്ചു. രണ്ടാമത് ബാറ്റ് ചെയ്യുന്നത് എളുപ്പമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു.

മത്സരത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയുടെ ഡെത്ത് ഓവറുകളായിരുന്നുവെന്നും സഞ്ജു പറഞ്ഞു. ഈ വിജയത്തിന്‍റെ മുഴുവൻ ക്രെഡിറ്റും ജസ്പ്രീത് ബുമ്രയ്ക്കുള്ളതാണ്. അദ്ദേഹം ലോകോത്തര ബൗളറാണ്, ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം. ഈ മാൻ ഓഫ് ദി മാച്ച് അവാർഡ് യഥാർത്ഥത്തിൽ അദ്ദേഹത്തിനാണ് ലഭിക്കേണ്ടത്. ഡെത്ത് ഓവറുകളിൽ അദ്ദേഹം അത്രയും മികച്ച രീതിയിൽ പന്തെറിഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ (അവാർഡ് വേദിയിൽ) നിൽക്കില്ലായിരുന്നു-സഞ്ജു വികാരാധീനനായി പറഞ്ഞു. 

മത്സരത്തിലെ തന്റെ ആദ്യ പന്തിൽ തന്നെ ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്കിനെ പുറത്താക്കി ബുംറ ചരിത്രം കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്‍റെ 500-ാം വിക്കറ്റാണ് ബുംറ വാംഖഡെയിൽ ആഘോഷിച്ചത്. ഇംഗ്ലണ്ട് 254 റൺസ് പിന്തുടരുന്നതിനിടെ, സമ്മർദ്ദഘട്ടങ്ങളിൽ വെറും 33 റൺസ് മാത്രം വിട്ടുകൊടുത്ത് ബുമ്ര നടത്തിയ പ്രകടനം ഇന്ത്യയെ 7 റൺസ് വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായകമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക