
ബെംഗളൂരു: സീസണിന് മുമ്പേ താരപ്പകിട്ടുകൊണ്ട് ടി20 പൂരത്തിന് വെടിമരുന്ന് നിറയ്‌ക്കാന്‍ കരുക്കളും പണസഞ്ചിയുമായി 10 ടീമുകള്‍, ലേലംവിളിയില്‍ കോടിപതികളാവാന്‍ മോഹിച്ച് 590 ക്രിക്കറ്റ് താരങ്ങള്‍, സര്‍പ്രൈസും ട്വിസ്റ്റും റാഞ്ചലും കൊണ്ട് എന്തും സംഭവിക്കാവുന്ന രണ്ട് ദിനങ്ങള്‍...ഐപിഎല്‍ പതിനഞ്ചാം സീസണിന് (IPL 2022) മുന്നോടിയായുള്ള മെഗാതാരലേലത്തിന് (IPL Auction 2022) നാളെ തുടക്കമാവുകയാണ്. ബെംഗളൂരുവാണ് ഇക്കുറി വാശിയേറിയ ലേലത്തിന് അങ്കത്തട്ടാകുന്നത്. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലിന്‍റെ ത്രില്ലടിപ്പിക്കും താരലേലവുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങള്‍ അറിയാം.
കൂട്ടലും കിഴിക്കലുമായി 10 ഫ്രാഞ്ചൈസികള്‍
ലക്‌നോ, ഗുജറാത്ത് ഫ്രാഞ്ചൈസികളുടെ രംഗപ്രവേശനത്തോടെ ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മുതല്‍ 10 ടീമുകളാണ് കളത്തില്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്.
ഇവര്‍ കസേരയുറപ്പിച്ചവര്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: രവീന്ദ്ര ജഡേജ(16 കോടി), എം എസ് ധോണി(12 കോടി), മൊയീന്‍ അലി(8 കോടി), റുതുരാജ് ഗെയ്‌ക്‌വാദ്(6 കോടി).
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ(16 കോടി), ജസ്‌പ്രീത് ബുമ്ര(12 കോടി), സൂര്യകുമാര്‍ യാദവ്(8 കോടി), കീറോണ്‍ പൊള്ളാര്‍ഡ്(6 കോടി).
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി(15 കോടി), ഗ്ലെന്‍ മാക്‌സ്‌വെല്‍(11 കോടി), മുഹമ്മദ് സിറാജ്(7 കോടി).
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: കെയ്‌ന്‍ വില്യംസണ്‍(14 കോടി), അബ്‌ദുള്‍ സമദ്(4 കോടി), ഉമ്രാന്‍ മാലിക്(4 കോടി).
രാജസ്ഥാന്‍ റോയല്‍സ്: സഞ്ജു സാംസണ്‍(14 കോടി), ജോസ് ബട്‌ലര്‍(10 കോടി), യഷസ്വി ജയ്‌സ്വാള്‍(4 കോടി).
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആന്ദ്രേ റസല്‍(12 കോടി), വരുണ്‍ ചക്രവര്‍ത്തി(8 കോടി), വെങ്കടേഷ് അയ്യര്‍(8 കോടി), സുനില്‍ നരെയ്‌ന്‍(6 കോടി).
ഡല്‍ഹി ക്യാപിറ്റല്‍സ്: റിഷഭ് പന്ത്(16 കോടി), അക്‌സര്‍ പട്ടേല്‍(9 കോടി), പൃഥ്വി ഷാ(7.5 കോടി), ആന്‍റിച് നോര്‍ക്യ(6.5 കോടി).
പഞ്ചാബ് കിംഗ്‌സ്: മായങ്ക് അഗര്‍വാള്‍(12 കോടി), അര്‍ഷ്‌ദീപ് സിംഗ്(4 കോടി).
ഡ്രാഫ്റ്റ്
ഗുജറാത്ത് ടൈറ്റന്‍സ്: ഹര്‍ദിക് പാണ്ഡ്യ(15 കോടി), റാഷിദ് ഖാന്‍(15 കോടി), ശുഭ്‌മാന്‍ ഗില്‍(8 കോടി).
ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്: കെ എല്‍ രാഹുല്‍(17 കോടി), മാര്‍ക്കസ് സ്റ്റോയിനിസ്(9.2 കോടി), രവി ബിഷ്‌ണോയി(4 കോടി).
ചില്ലറക്കളിയല്ല, 590 താരങ്ങള്‍ ലേലത്തിന്
ആകെ 590 താരങ്ങളാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ലേലത്തില്‍ മാറ്റുരയ്‌ക്കുക. ഇവരില്‍ 228 പേര്‍ ക്യാപ്‌ഡ് കളിക്കാരും 355 പേര്‍ അണ്‍ക്യാപ്‌ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് താരങ്ങളും അന്തിമ പട്ടികയില്‍ പേരുകാരായി. ആകെ താരങ്ങളില്‍ 370 പേരാണ് ഇന്ത്യയില്‍ നിന്നുള്ളത്. 220 താരങ്ങള്‍ വിദേശികള്‍. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്. 1.5 കോടി അടിസ്ഥാന വില 20 താരങ്ങളും ഒരു കോടി 34 താരങ്ങളും തെരഞ്ഞെടുത്തു.
കണക്കുണ്ടേ മുടക്കാവുന്ന പണത്തിന്...
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(48 കോടി), ഡല്‍ഹി ക്യാപിറ്റല്‍സ്(47.5 കോടി), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(48 കോടി), ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ്(59 കോടി) മുംബൈ ഇന്ത്യന്‍സ്(48 കോടി), പഞ്ചാബ് കിംഗ്‌സ്(72 കോടി), രാജസ്ഥാന്‍ റോയല്‍സ്(62 കോടി), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(57 കോടി), സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(68 കോടി), ടീം അഹമ്മദാബാദ്(52 കോടി).
തോന്നുംപടി താരങ്ങളെ എടുക്കാനാവില്ല!
പഞ്ചാബിന് 23ഉം രാജസ്ഥാനും ബാംഗ്ലൂരിനും ഹൈദരാബാദിനും അഹമ്മദാബാദിനും ലക്‌നോവിനും 22 വീതവും ചെന്നൈക്കും ഡല്‍ഹിക്കും കൊല്‍ക്കത്തയ്‌ക്കും മുംബൈക്കും 21 വീതവും താരങ്ങളേയാണ് ലേലത്തില്‍ സ്വന്തമാക്കാനാവുക. പഞ്ചാബിന് എട്ടും കൊല്‍ക്കത്തയ്‌ക്ക് ആറും മറ്റ് ഫ്രാഞ്ചൈസികള്‍ക്ക് ഏഴ് വീതവും വിദേശ താരങ്ങളെ പാളയത്തിലെത്തിക്കാം.
ലേലത്തിലെ വിദേശികള്‍
അഫ്‌ഗാനിസ്ഥാന്‍(17 താരങ്ങള്‍), ഓസ്‌ട്രേലിയ(47), ബംഗ്ലാദേശ്(5), ഇംഗ്ലണ്ട്(24), അയര്‍ലന്‍ഡ്(5), ന്യൂസിലന്‍ഡ്(24), ദക്ഷിണാഫ്രിക്ക(33), ശ്രീലങ്ക(23), വെസ്റ്റ് ഇന്‍ഡീസ്(34), സിംബാബ്‌വെ(1), നമീബിയ(3), നേപ്പാള്‍(1), സ്‌കോട്‌ലന്‍ഡ്(2), യുഎസ്എ(1).
ഇവരെ നോക്കിവച്ചോ...
ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഫാഫ് ഡുപ്ലസിസ്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ശ്രേയസ് അയ്യര്‍, ആര്‍ അശ്വിന്‍, ക്വിന്‍റണ്‍ ഡികോക്ക്, കാഗിസോ റബാഡ, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരാണ് മാര്‍ക്വീ താരങ്ങള്‍. ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍ എന്നീ ഇന്ത്യന്‍ താരങ്ങളും ലേലത്തില്‍ ശ്രദ്ധേയമാകും. ഇവരില്‍ ശ്രേയസ് അയ്യര്‍ക്കും ഇഷാന്‍ കിഷനും പിന്നാലെ പണസഞ്ചിയുമായി ഫ്രാഞ്ചൈസികള്‍ വട്ടമിട്ട് പറക്കും എന്നാണ് സൂചന. ജോണി ബെയര്‍സ്റ്റോ, ജേസണ്‍ ഹോള്‍ഡര്‍, ഡ്വെയ്‌ന്‍ ബ്രാവോ, ഷാക്കിബ് അല്‍ ഹസന്‍, വനിന്ദു ഹസരംഗ തുടങ്ങിയ വിദേശതാരങ്ങളുടെ സാന്നിധ്യവും ലേലച്ചൂട് ഇരട്ടിയാക്കും.
കാണാം ഒറ്റ ക്ലിക്കില്‍ ലേലപ്പോര്
രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ തീപാറും ലേലംവിളിയാണ് ബെംഗളൂരുവില്‍ നടക്കുക. ഫെബ്രുവരി 12ന് ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിക്ക് ലേലം ആരംഭിക്കും. 11 മണിമുതല്‍ ഔദ്യോഗിക ബ്രോഡ്‌കാസ്‌റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ താരലേലത്തിന്‍റെ ഓരോ കരുനീക്കങ്ങളും ആരാധകര്‍ക്ക് നേരില്‍ വീക്ഷിക്കാം. ഡിസ്‌നി ഹോട്‌സ്റ്റാറില്‍ ലൈവ് സ്‌ട്രീമിംഗുമുണ്ട്.
കണ്ണുകള്‍ ശ്രീശാന്തില്‍
ഐപിഎല്ലില്‍ തിരിച്ചുവരവിനൊരുങ്ങുന്ന മലയാളി പേസര്‍ എസ് ശ്രീശാന്തും ലേലത്തിനുള്ള താരങ്ങളുടെ പട്ടികയിലുണ്ട്. 2013ലാണ് മലയാളി പേസര്‍ എസ് ശ്രീശാന്ത് അവസാനമായി ഐപിഎല്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സായിരുന്നു ടീം. എന്നാല്‍ ആ സീസണില്‍ സ്‌പോട്ട് ഫിക്‌സിംഗ് വിവാദത്തില്‍ കുടുങ്ങിയ ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തി. പിന്നീട് നടത്തിയ നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള എസ് ശ്രീശാന്താണ് ഇക്കുറി കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള രണ്ടാമത്തെ താരം.
IPL 2022: ഐപിഎല്‍ രാജ്യത്തേക്ക് തിരിച്ചെത്തുന്നു; മത്സരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍- EXCLUSIVE
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!