
സിഡ്നി: ഇന്ത്യന്‍ ആരാധകരെ കൈയിലെടുക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകനും ഓസ്ട്രേലിയന്‍ ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. പോക്കിരിയെന്ന തെലുങ്കു ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഡയലോഗിനുശേഷം ഇപ്പോഴിതാ ഇന്ത്യന്‍ സിനിമിയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാഹുബലിയിലെ അമരേന്ദ്ര ബാഹുബലി ആയാണ് താരം ടിക് ടോക്കില്‍ രംഗത്തെത്തിയിരിക്കുന്നത്.
ഏത് സിനിമയിലേതാണെന്ന് പറയാമോ എന്ന് ചോദിച്ചാണ് വാര്‍ണര്‍ ബാഹുബലിയിലെ ഡയലോഗിനെ ചുണ്ടനക്കുന്ന ടിക് ടോക് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാഹുബലിയെപ്പോലെ പടച്ചട്ടയും കിരീടവുമെല്ലാം ധരിച്ചാണ് വാര്‍ണര്‍ പുതിയ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
നേരത്തെ പോക്കിരിയിലെ ഡയലോഗ് പറയുന്ന ടിക് ടോക് വീഡിയോക്ക് പിന്നീലെ ചിത്രത്തിന്റെ സംവിധായകനായ പുരി ജഗന്നാഥ് വാര്‍ണറെ തന്റെ സിനിമയില്‍ അതിഥി വേഷം ചെയ്യാന്‍ ക്ഷണിച്ചിരുന്നു.കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ലോകം മുഴുവന്‍ ലോക്ഡൗണിലായതോടെ സമൂഹമാധ്യമങ്ങളില്‍ വാര്‍ണറും കുടുംബവും സജീവമാണ്.
Also Read:ഒട്ടകത്തെ കെട്ടിക്കോ'... ചുവടുവെച്ച് പീറ്റേഴ്സണ്‍; വീഡിയോ പങ്കുവെച്ച് എ ആര്‍ റഹ്മാന്‍
ഏതാനും ദിവസങ്ങൾക്കു മുൻപ് കേരളത്തിൽ ഉൾപ്പെടെ വൻ തരംഗമായി മാറിയ അല്ലു അര്‍ജ്ജുന്റെ അങ്ങ് വൈകുണ്ഠാപുരത്ത് എന്ന തെലുങ്ക് ചിത്രത്തിലെ ‘ബുട്ട ബൊമ്മ’ എന്നു തുടങ്ങുന്ന തെലുങ്കുഗാനത്തിന് ചുവടുവച്ചും താരം രംഗത്തെത്തിയിരുന്നു. ഭാര്യ കാൻഡിസിനൊപ്പമായിരുന്നു ഇത്.
മുൻപും ഇത്തരം രസകരമായ ടിക് ടോക്ക് വിഡിയോകൾ വാർണർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ഷീലാ കി ജവാനി’ എന്ന വിഖ്യാത ബോളിവുഡ് ഗാനത്തിന് വാർണറും മക്കളും ചേർന്ന് ചുവടുവച്ചതും ഫ്രീക്ക്‌സ് എന്ന സംഗീത ആല്‍ബത്തിലെ പാട്ടിനൊപ്പം ചുവടുവെച്ചതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.