ലണ്ടന്‍: കൊവിഡ് 19മൂലം കളിക്കളങ്ങള്‍ നിശ്ചലമായതോടെ എങ്ങനെ ആരാധകരുടെ പിന്തുണ നിലനിര്‍ത്തുമെന്ന് തലപുകയ്ക്കുകയാണ് കായിക താരങ്ങള്‍. ക്രിക്കറ്റിലാണെങ്കില്‍ ഇന്ത്യന്‍ ആരാധകരെ എങ്ങനെ കൈയിലെടുക്കാമെന്നാണ് കളിക്കാരുടെ ചിന്ത. ഇന്ത്യന്‍ താരങ്ങളെക്കാള്‍ വിദേശതാരങ്ങളാണ് ഇന്ത്യന്‍ ആരാധകരുടെ ഇഷ്ടം നേടാന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്.

ഇന്ത്യന്‍ കളിക്കാരുമായി ഇന്‍സ്റ്റഗ്രാം ലൈവ് സെഷനില്‍ പങ്കെടുത്തും ഇന്ത്യന്‍ താരങ്ങളെ പാടിപുകഴ്ത്തിയുമെല്ലാം വിദേശതാരങ്ങള്‍ ഇന്ത്യന്‍ ആരാധകരുടെ പ്രീതി പിടിച്ചുപറ്റാന്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്. ഇന്ത്യന്‍ പാട്ടുകള്‍ക്ക് ചുവടുവെച്ചും ഇന്ത്യന്‍ സിനിമാ ഡയലോഗുകള്‍ക്ക് ചുണ്ടനക്കിയുമെല്ലാം ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ആണ് ഇതില്‍ മുന്‍പന്തിയില്‍. എന്നാല്‍ ഇപ്പോള്‍ വാര്‍ണറെയും വെല്ലുന്ന വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍.

Also Read:ആ ഡയലോഗ് ഏറ്റു; വാര്‍ണറെ സിനിമയിലേക്ക് ക്ഷണിച്ച് 'പോക്കിരി' സംവിധായകന്‍

1993ല്‍ ഷങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ജെന്റില്‍മാന്‍ എന്ന ഹിറ്റ് ചിത്രത്തിലെ എ ആര്‍ റഹ്മാന്‍ ഈണം നല്‍കിയ ഒട്ടകത്തെ കെട്ടിക്കോ...എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെച്ചാണ് പീറ്റേഴ്സണ്‍ രംഗത്തെത്തിയിരിക്കുന്നത്. പീറ്റേഴ്സന്റെ പാട്ട് വീഡിയോ സാക്ഷാല്‍ എ ആര്‍ റഹ്മാന്‍ തന്നെ പങ്കുവെച്ചതോടെ ആരാധകരും ഏറ്റെടുത്തു. നേരത്തെ ഇന്ത്യന്‍ താരങ്ങളുമായി ഇന്‍സ്റ്റഗ്രാം ലൈവിലെത്തി രസകരമായ ചോദ്യങ്ങളും മറുപടികളുമായും പീറ്റേഴ്സണ്‍ ആരാധകരെ കൈയിലടുത്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @arrahman on May 11, 2020 at 9:29am PDT

ഇംഗ്ലണ്ടിനായി 104 ടെസ്റ്റുകള്‍ കളിച്ച പീറ്റേഴ്സണ്‍ 23 സെഞ്ചുറികള്‍ അടക്കം 8,181 റണ്‍സ് നേടിയിട്ടുണ്ട്. 136 ഏകദിനങ്ങളില്‍ നിന്ന് 4,440 റണ്‍സാണ് പീറ്റേഴ്സന്റെ നേട്ടം. 37 ടി20 മത്സരങ്ങളില്‍ നിന്ന് 1176 റണ്‍സും പീറ്റേഴ്സണ്‍ നേടി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കമന്റേറ്ററായും പീറ്റേഴ്സണ്‍ തിളങ്ങി.

Also Read:'ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ അവനെ സഹിക്കാന്‍ പാടാണ്'; ശിഖര്‍ ധവാനെക്കുറിച്ച് രോഹിത് ശര്‍മ