പകല്‍-രാത്രി ടെസ്റ്റ്: പിങ്ക് പന്തിനെ മെരുക്കാന്‍ ടീം ഇന്ത്യയുടെ മാസ്റ്റര്‍ പ്ലാന്‍

By Web TeamFirst Published Nov 11, 2019, 2:08 PM IST
Highlights

മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരാണ് പിങ്ക് പന്തില്‍ പരിശീലനത്തിനിറങ്ങിയത്

ബെംഗളൂരു: ചരിത്രത്തിലാദ്യമായി പിങ്ക് ബോളില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കാന്‍ തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. നവംബര്‍ 22ന് കൊല്‍ക്കത്തയിലെ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഇന്ത്യ-ബംഗ്ലാദേശ് ചരിത്ര മത്സരം. ആദ്യമായി കളിക്കുന്നതിന്‍റെ ആശങ്ക ഒഴിവാക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ പിങ്ക് പന്തില്‍ പ്രത്യേക പരിശീലനത്തിലാണ്. 

ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലൈറ്റുകള്‍ക്ക് കീഴെ അഞ്ച് ടെസ്റ്റ് താരങ്ങള്‍ പരിശീലനം നടത്തി. മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരാണ് പരിശീലനത്തിനിറങ്ങിയത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്‌ടറായ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്‍റെ മേല്‍നോട്ടത്തിലായിരുന്നു താരങ്ങളുടെ പരിശീലനം. ഇന്ത്യ എയുടെ മുഖ്യ പരിശീലകന്‍ ഷിതാൻഷു കൊടാക്, ദ്രാവിഡിനൊപ്പമുണ്ടായിരുന്നു. 

മായങ്കും രഹാനെയും പൂജാരയും ജഡേജയും കര്‍ണാടക ജൂനിയര്‍ താരങ്ങളുടെ പേസ്-സ്‌‌പിന്‍ ബൗളിംഗിനെയാണ് നേരിട്ടത്. പേസര്‍മാരെ കരുതലോടെ നേരിടുന്നതിലും പന്ത് ലീവ് ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സ്‌പിന്നര്‍മാരെ അടിച്ചകറ്റാനായിരുന്നു ബാറ്റ്സ്‌മാന്‍മാരുടെ ശ്രമം. എന്നാല്‍ മികച്ച പേസിലും കൃത്യതയിലും ഷമിക്ക് പന്തെറിയാനായി. അത്യാവശ്യം സ്വിങും പിങ്ക് പന്തില്‍ ഷമി കണ്ടെത്തി. 

ഈഡന്‍ ഗാര്‍ഡന്‍സ് പുതു ചരിത്രമെഴുതും

ഇന്ത്യയും ബംഗ്ലാദേശും ആദ്യമായാണ് ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ മത്സരത്തിനുള്ള ടിക്കറ്റ് അതിവേഗം വിറ്റഴിയുകയാണ്. ദിവസവും ഉച്ചയ്‌ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന മത്സരം രാത്രി എട്ട് മണിവരെ തുടരും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ മത്സരം കാണാനെത്തും. 

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി ചുമതലേറ്റതിന് പിന്നാലെയാണ് ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ടീം ഇന്ത്യ സമ്മതംമൂളിയത്. പകല്‍-രാത്രി മത്സരങ്ങള്‍ അടക്കമുള്ള പരീക്ഷണങ്ങളില്ലാതെ ടെസ്റ്റ് ക്രിക്കറ്റിന് മുന്നോട്ടുപോകാനാവില്ല എന്ന വിലയിരുത്തലാണ് ഇതിന് കാരണം. ദാദയുടെ നിലപാട് നായകന്‍ വിരാട് കോലി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അഡ്‌ലെയ്‌ഡില്‍ ഓസീസിനെതിരെ പകല്‍-രാത്രി മത്സരം കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. 

click me!