സമ്മര്‍ദ്ദഘട്ടത്തില്‍ രോഹിത് നല്‍കിയ ഉപദേശം വെളിപ്പെടുത്തി ചാഹര്‍

By Web TeamFirst Published Nov 11, 2019, 5:27 PM IST
Highlights

ജസ്പ്രീത് ബുമ്രയുമായി താരതമ്യം പോലും തനിക്ക് അംഗീകാരമാണെന്നും ചാഹര്‍ പറഞ്ഞു. കാരണം ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ് ബുമ്രയെന്ന് എനിക്കറിയാം. ബുമ്ര എവിടെ നില്‍ക്കുന്നു, ഞാനെവിടെ നില്‍ക്കുന്നുവെന്നും വ്യക്തമായി എനിക്കറിയാം.

നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ കളിയിലെ കേമനായത് ലോക റെക്കോര്‍ഡ് പ്രകടനവുമായി പേസ് ബൗളര്‍ ദീപക് ചാഹറായിരുന്നു. വെറും ഏഴ് റണ്‍സ് മാത്രം നല്‍കി ആറ് വിക്കറ്റെടുത്ത ചാഹറിന്റെ ബൗളിംഗാണ് ബംഗ്ലാദേശിന്റെ പരമ്പര വിജയം തടഞ്ഞത്.

ബംഗ്ലാദേശ് ബാറ്റ്സ്മാന്‍ മൊഹമ്മദ് നയീമിന്റെ അപ്രതീക്ഷിത വെടിക്കെട്ടില്‍ സമ്മര്‍ദ്ദത്തിലേക്ക് വീണുപോയ ഇന്ത്യ ചാഹറിലൂടെയാണ് മത്സരത്തിലേക്ക് തിരികെയെത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നിലര്‍പ്പിച്ച വിശ്വാസമാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കാരണമായതെന്ന് ചാഹര്‍ പറഞ്ഞു. ബൗളര്‍മാര്‍ക്ക് ഒട്ടും അനുകൂലമായിരുന്നില്ല സാഹചര്യങ്ങള്‍. ബംഗ്ലാദേശ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയ ഘട്ടത്തില്‍ പന്തേല്‍പ്പിച്ചുകൊണ്ട് രോഹിത് ഭായ് എന്നോട് പറഞ്ഞത് ജസ്പ്രീത് ബൂമ്രയെ എങ്ങനെ ഉപയോഗിക്കുന്നോ അതുപോലെയാണ് എന്നെ ഇന്ന് ഉപയോഗിക്കാന്‍ പോവുന്നത് എന്ന്. ആ വാക്കുകള്‍ എന്നെ ശരിക്കും പ്രചോദിപ്പിച്ചു.

എന്നെ ഉത്തരവാദിത്തം ഏല്‍പ്പിച്ചത് എന്നിലുള്ള വിശ്വാസം കൊണ്ടാണെന്ന ബോധ്യം മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ പ്രാപ്തനാക്കി. എന്നെ ആരും വിശ്വസിക്കുന്നില്ല എങ്കില്‍ എനിക്കിതുപോലെ മികച്ച പ്രകടനം നടത്താന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍ തന്നെ എന്നില്‍ വിശ്വാസമര്‍പ്പിച്ചതോടെ എനിക്ക് ആത്മവിശ്വാസമായി. ജസ്പ്രീത് ബുമ്രയുമായി താരതമ്യം പോലും തനിക്ക് അംഗീകാരമാണെന്നും ചാഹര്‍ പറഞ്ഞു. കാരണം ലോകത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ് ബുമ്രയെന്ന് എനിക്കറിയാം. ബുമ്ര എവിടെ നില്‍ക്കുന്നു, ഞാനെവിടെ നില്‍ക്കുന്നുവെന്നും വ്യക്തമായി എനിക്കറിയാം. എന്റെ മനസിലും ബുമ്ര തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍. അത് തുറന്നു പറയാന്‍ എനിക്ക് മടിയില്ല.

അതുകൊണ്ടുതന്നെ ബുമ്രയുമായി മത്സരത്തിനുമില്ല. എന്റെ ജോലി നന്നായി ചെയ്യുക എന്നത് മാത്രമാണ് മുന്നിലുള്ള കാര്യം. പന്ത്രണ്ടാം ഓവറില്‍ ബംഗ്ലാദേശ് വിജയത്തിലേക്ക് ബാറ്റ് വീശുമ്പോള്‍ ക്യാപ്റ്റനടുത്ത് എത്തി ഞാന്‍ ബൗള്‍ ചെയ്യട്ടെ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നീട് വേണ്ടെന്ന് വെച്ചു. കാരണം, അദ്ദേഹത്തിന് തന്റേതായ പദ്ധതികളുണ്ടാവുമല്ലോ. ഐപിഎല്ലില്‍ കനത്ത മഞ്ഞുവീഴ്ചയുള്ള സാഹചര്യങ്ങളില്‍ ചെന്നൈക്കായി പന്തെറിഞ്ഞത് തനിക്കേറെ ഗുണം ചെയ്തുവെന്നും ചാഹര്‍ പറഞ്ഞു.

click me!