
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. ഡല്‍ഹി 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 51 പന്തില്‍ 90 റണ്‍സെടുത്ത സമീര്‍ റിസ്വിയാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. 30 പന്തില്‍ 44 റണ്‍സെടുത്ത പതും നിസ്സങ്കയും ഡല്‍ഹിക്ക് വേണ്ടി തിളങ്ങി. നേരത്തെ, സൂര്യകുമാര്‍ യാദവ് (36 പന്തില്‍ 51) മുംബൈക്ക് വേണ്ടി അര്‍ധ സെഞ്ചുറി നേടി. രോഹിത് ശര്‍മ (35), നമന്‍ ധിര്‍ (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹിക്കും മോശം തുടക്കമാണ് ലഭിച്ചത്. ഏഴ് റണ്‍സെടുക്കുന്നിതിനിടെ കെ എല്‍ രാഹുല്‍ (1), നിതീഷ് റാണ (0) എന്നിവരുടെ വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായിരുന്നു. പിന്നീട് നിസ്സങ്ക - റിസ്വി സഖ്യം നാലാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിചേര്‍ത്ത് തോല്‍വിഭയത്തില്‍ നിന്ന് രക്ഷിച്ചു. പത്താം ഓവറില്‍ നിസ്സങ്ക മടങ്ങിയെങ്കിലും റിസ്വിയുടെ ഇന്നിംഗ്‌സ് ഡല്‍ഹിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. എന്നാല്‍ അര്‍ഹിച്ച സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ റിസ്വിക്ക് സാധിച്ചില്ല. 17-ാം ഓവറില്‍ താരം മടങ്ങി. ഏഴ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഡേവിഡ് മില്ലര്‍ (21), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (3) പുറത്താവാതെ നിന്നു.
നേരത്തെ, മോശം തുടക്കമായിരുന്നു മുംബൈക്ക്. 18 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് റിയാന്‍ റിക്കിള്‍ട്ടണ്‍ (9), തിലക് വര്‍മ (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇരുവരേയും മൂന്നാം ഓവറില്‍ മുകേഷ് കുമാര്‍ മടക്കി. തുടര്‍ന്ന് രോഹിത് - സൂര്യ സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്ത് തകര്‍ച്ചില്‍ നിന്ന് രക്ഷിച്ചു. എന്നാല്‍ രോഹിത്തിനെ പുറത്താക്കി അക്‌സര്‍ പട്ടേല്‍ ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഷെഫാനെ റുതര്‍ഫോര്‍ഡിനാവട്ടെ (5) തിളങ്ങാനായില്ല. 16-ാം ഓവറില്‍ സൂര്യകുമാര്‍ യാദവ്, ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
നമന്‍ ധിര്‍ (21 പന്തില്‍ 28), മിച്ചല്‍ സാന്റ്‌നര്‍ (13 പന്തില്‍ 18), കോര്‍ബിന്‍ ബോഷ് (11) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥിരം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇല്ലാതെയാണ് മുംബൈ ഇറങ്ങിയത്. ഡല്‍ഹി മാറ്റമൊന്നും വരുത്തിയിരുന്നില്ല.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ട്ടണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നമന്‍ ധിര്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, മിച്ചല്‍ സാന്റ്നര്‍, കോര്‍ബിന്‍ ബോഷ്, ഷാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹാര്‍, ജസ്പ്രീത് ബുംറ.
ഡല്‍ഹി ക്യാപിറ്റല്‍സ്: കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പതും നിസ്സങ്ക, നിതീഷ് റാണ, അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, വിപ്രാജ് നിഗം, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി. നടരാജന്‍, മുകേഷ് കുമാര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!