ക്യാപ്‌റ്റന്‍ തിലക് വര്‍മ സെഞ്ച്വറിയുമായി പൊരുതിയിട്ടും ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് മത്സരത്തില്‍ പാക്കിസ്ഥാന്‍ എ ടീമിനോട് ഇന്ത്യ എ ടീം പരാജയപ്പെട്ടു. 314 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ എ 48 റണ്‍സിനാണ് തോല്‍വി സമ്മതിച്ചത്.
ദോഹ: ക്യാപ്‌റ്റന്‍ തിലക് വര്‍മ സെഞ്ച്വറിയുമായി പൊരുതിയിട്ടും ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് മത്സരത്തില്‍ പാക്കിസ്ഥാന്‍ എ ടീമിനോട് ഇന്ത്യ എ ടീം പരാജയപ്പെട്ടു. 314 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ എ 48 റണ്‍സിനാണ് തോല്‍വി സമ്മതിച്ചത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 49.2 ഓവറില്‍ 313 റണ്‍സിന് ആള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യ 49.1 ഓവറില്‍ 265ന് എല്ലാവരും പുറത്തായി.
മറുപടി ബാറ്റിംഗില്‍ അഭിഷേക് ശര്‍മ (42 പന്തുകളില്‍ 70), തിലക് വര്‍മ (149 പന്തുകളില്‍ 100), ഷഹബാസ് അഹമ്മദ് (49 പന്തുകളില്‍ 56) എന്നിവര്‍ മാത്രമാണ് പോരാട്ടം കാഴ്‌ചവെച്ചത്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന വൈഭവ് സൂര്യവംശി തുടരെ രണ്ടാം മത്സരത്തിലും ഇംപാക്ട് ഉണ്ടാക്കാതെ ക്രീസ് വിട്ടത് ടീമിന് തിരിച്ചടിയായി. 13 പന്തുകളില്‍ നിന്ന് 11 റണ്‍സ് മാത്രമായിരുന്നു വൈഭവിന്റെ സംഭാവന.
രണ്ട് ബൗണ്ടറികള്‍ നേടി വൈഭവ് ഫോമിലേക്കുയരുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും മുഹമ്മദ് ഇമ്രാന്റെ പന്തില്‍ അബ്ദുല്‍ സമദിന് ക്യാച്ച് നല്‍കി യുവ താരം മടങ്ങി. പിന്നാലെ ആയുഷ് ബദോനെ പൂജ്യത്തിന് പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. മൂന്നാം വിക്കറ്റില്‍ അഭിഷേക് ശര്‍മക്കൊപ്പം ചേര്‍ന്ന തിലക് വര്‍മ ടീം സ്‌കോര്‍ ഉയര്‍ത്താന്‍ പരിശ്രമിച്ചു. ടീം സ്‌കോര്‍ 93 ല്‍ അഭിഷേക് പുറത്തായത് മത്സരഗതി പാക്കിസ്ഥാന് അനുകൂലമാക്കി.
ഒരറ്റം കാത്തുസൂക്ഷിച്ച് തിലക് വര്‍മ പൊരുതിയപ്പോള്‍ മറുഭാഗത്ത് ആര്‍ക്കും തന്നെ വലിയ ഇന്നിംഗ്‌സുകള്‍ക്ക് സാധിച്ചില്ല. ഷഹബാസ് അര്‍ധസെഞ്ച്വറി നേടിയത് പ്രതീക്ഷ നല്‍കിയിരുന്നു. ഷഹബാസ് പുറത്തായതിന് പിന്നാലെ വിപ്രജ് നിഗമും ഹര്‍ഷിത് റാണയും പൂജ്യത്തിന് പുറത്തായത് ഇന്ത്യയുടെ സാധ്യതകള്‍ അടച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മ പുറത്തായതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ അലി റാസയും ഹസന്‍ നവാസുമാണ് പാക് ബൗളിംഗില്‍ തിളങ്ങിയത്. മുഹമ്മദ് ഇമ്രാന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. പാക് ബാറ്റര്‍മാരില്‍ ടോപ് സ്‌കോറര്‍ 79 റണ്‍സ് നേടിയ ഹസന്‍ നവാസാണ്. മാസ് സദാഖത് (59), ഫര്‍ഹാന്‍ യൂസഫ് (56) എന്നിവര്‍ പാക് ഇന്നിംഗ്‌സിന് കരുത്ത് പകര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP














