'ക്യാപ്റ്റൻ അങ്ങനെ കൂൾ ആവേണ്ട', ട്രേഡ്‌മാര്‍ക്ക് സ്വന്തമാക്കാനുള്ള ധോണിയുടെ നീക്കത്തിനെതിരെ എതിര്‍പ്പുമായി അഭിഭാഷകന്‍

Published : Jul 08, 2025, 06:32 PM ISTUpdated : Jul 08, 2025, 06:33 PM IST
MS Dhoni (Photo: IPL)

Synopsis

ക്യാപ്റ്റൻ കൂള്‍ എന്ന വിളിപ്പേര് ട്രേഡ് മാര്‍ക്ക് ചെയ്യാനുള്ള എം എസ് ധോണിയുടെ നീക്കത്തിനെതിരെ എതിര്‍പ്പ്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ അശുതോഷ് ചൗധരിയാണ് ട്രേഡ്മാര്‍ക്ക് രജിസ്ട്രിയില്‍ പരാതി നല്‍കിയത്.

റാഞ്ചി: ക്യാപ്റ്റൻ കൂള്‍ എന്ന വിളിപ്പേരിന്‍റെ ട്രേഡ് മാര്‍ക്ക് സ്വന്തമാക്കാനുള്ള ഇന്ത്യൻ മുന്‍ നായകന്‍ എം എസ് ധോണിയുടെ അപേക്ഷയില്‍ എതിര്‍പ്പ് അറിയിച്ച് അഭിഭാഷകന്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിയമസ്ഥാപനത്തിലെ അഭിഭാഷകന്‍ അശുതോഷ് ചൗധരിയാണ് ക്യാപ്റ്റന്‍ കൂൾ എന്നത് പൊതുവായ വാക്കാണെന്നും അതിന് ധോണിക്ക് മാത്രമായി ട്രേഡ് മാര്‍ക്ക് അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് ട്രേഡ്മാര്‍ക്ക് രജിസ്ട്രറിയില്‍ പരാതി നല്‍കിയത്. മാധ്യമങ്ങളും ആരാധകരും പൊതുവായി ഉപയോഗിക്കുന്ന വാക്കാണിതെന്നും പ്രശസ്തിയെ ട്രേഡ്‌മാര്‍ക്ക് ചെയ്യാനാവില്ലെന്നും അതുകൊണ്ട് തന്നെ ആ വാക്കിന്‍റെ കുത്തക ഒരു വ്യക്തിക്ക് മാത്രമായി ചുരുക്കരുതെന്നും പരാതിയില്‍ പറയുന്നു.

ധോണിയെ മാത്രമല്ല ശ്രീലങ്കയുടെ മുന്‍ നായകന്‍ അർജ്ജുന രണതുംഗ അടക്കം ക്രിക്കറ്റിലെ മറ്റ് പല ക്യാപ്റ്റന്‍മാരെയും ഇതേ വിശേഷണം ഉപയോഗിച്ച് വിളിക്കാറുണ്ടെന്നും പൊതുവായ വിശേഷണമായതിനാല്‍ ഒരു വ്യക്തിക്ക് മാത്രമായി അത് അനുവദിക്കരുതെന്നും അശുതോഷ് ചൗധരി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദ്രാവിഡിനെ വന്‍മതിലെന്നും സച്ചിനെ ക്രിക്കറ്റിലെ ദൈവമെന്നും വിശേഷിപ്പിക്കുന്നതുപോലെ ആരാധകര്‍ നല്‍കിയ പേരാണ് ക്യാപ്റ്റൻ കൂള്‍ എന്നത്. അതുകൊണ്ട് തന്നെ ഈ പേരിന് ട്രേഡ്‌മാര്‍ക്ക് രജിസ്റ്റര്‍ ധോണിക്കാവില്ലെന്നും പരാതിയില്‍ പറയുന്നു. 1999ലെ ട്രേഡ് മാര്‍ക്ക് നിയമത്തിലെ ക്ലാസ് 41 പ്രകാരമാണ് ധോണി ക്യാപ്റ്റന്‍ കൂള്‍ ട്രേഡ് മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ ട്രേഡ്മാര്‍ക്ക് രജിസ്റ്ററിയില്‍ അപേക്ഷ നല്‍കിയത്. ധോണിയുടെ അപേക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള എതിര്‍വാദങ്ങള്‍ കൂടി കേട്ടശേഷമാകും ട്രേഡ്മാര്‍ക്ക് രജിസ്ട്രറി ധോണിക്ക് ട്രേഡ്മാര്‍ക്ക് അനുവദിക്കുക.

ക്രിക്കറ്റില്‍ ഏത് സമ്മര്‍ദ്ധഘട്ടത്തിലും ഗ്രൗണ്ടില്‍ സമചിത്തതയോടെ ശാന്തനായി പെരുമാറുന്ന നായകന്‍മാരെ വിളിക്കുന്ന പേരാണ് ക്യാപ്റ്റന്‍ കൂള്‍ എന്നത്. 2007ലെ ടി20 ലോകകപ്പ് ഫൈനില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ കിരീടം നേടിയതിന് പിന്നാലെയാണ് സമ്മര്‍ദ്ദഘട്ടങ്ങളില്‍ അടിപതറാതെ നിന്ന ധോണിയെ ആദ്യമായി ആരാധകര്‍ ക്യാപ്റ്റൻ കൂള്‍ എന്ന് വിശേഷിപ്പിച്ചത്. പിന്നീട് അത് ധോണിയുടെ വിശേഷണമായി മാറി. 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും നേടിയതോടെ ധോണിയുടെ പേരിനൊപ്പം ക്യാപ്റ്റൻ കൂള്‍ ശരിക്കും ഉറക്കുകയായിരുന്നു.

അതിനുശേഷം പൊതുവെ ശാന്തരായ ക്യാപ്റ്റൻമാരെ ആ വിശേഷണം ഉപയോഗിച്ച് വിളിക്കുന്ന പതിവും തുടങ്ങി. ബ്രാന്‍ഡിംഗിനായാണ് സാധാരണഗതിയില്‍ കായിക താരങ്ങള്‍ അവരുടെ പേരിനൊപ്പമുള്ള വിശേഷണങ്ങള്‍ ട്രേഡ്‌മാര്‍ക്കായി രജിസ്റ്റര്‍ ചെയ്യാറുള്ളത്. ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ തന്‍റെ വിശേഷണമായ സിആര്‍7 ഇത്തരത്തില്‍ ട്രേഡ്മാര്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിആര്‍ 7ന് കീഴില്‍ വലിയൊരു ബിസിനസ് സാമ്രാജ്യവും റൊണാള്‍ഡോക്കുണ്ട്. ബാസ്കറ്റ് ബോള്‍ താരം മൈക്കല്‍ ജോര്‍ദാന്‍ 'ജംപ്മാന്‍' ലോഗോയാണ് തന്‍റെ ബ്രാന്‍ഡായ എയര്‍ ജോര്‍ദാനായി ഉപയോഗിക്കുന്നത്. ഇന്ത്യൻ താരം വിരാട് കോലിയാകട്ടെ തന്‍റഎ ജേഴ്സി നമ്പറായ 18നെ അനുസ്മരിപ്പിക്കുന്ന വണ്‍ 8 എന്ന ലോഗോയാണ് ഹോട്ടല്‍ ശൃംഖല അടക്കമുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

ട്രേഡ്മാര്‍ക്ക് ചെയ്യപ്പെട്ടാല്‍ ക്യാപ്റ്റൻ കൂള്‍ എന്ന വാക്ക് ധോണിക്ക് മാത്രമാകും നിയമപരമായി ഉപയോഗിക്കാന്‍ അവകാശമുണ്ടാകുക. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും കളിക്കുന്ന ധോണി കഴിഞ്ഞ സീസണില്‍ വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായനുമായിരുന്നു. ഐപിഎല്ലില്‍ വിരമിച്ചിട്ടില്ലാത്ത ധോണി അടുത്ത സീസണിലും കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ടീമിലെത്താൻ ഞങ്ങള്‍ തമ്മിൽ മത്സരമില്ല, സഞ്ജു മൂത്ത സഹോദരനെപ്പോലെ', തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ
ടി20യില്‍ 'ടെസ്റ്റ്' കളിച്ച ബാറ്ററെ സ്റ്റംപ് ചെയ്യാതെ ക്രീസില്‍ തുടരാന്‍ അനുവദിച്ച് പുരാന്‍, ഒടുവില്‍ ബാറ്ററെ തിരിച്ചുവിളിച്ച് ടീം