
ധരംശാല: ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ദേവ്ദത്ത് പടിക്കലിന് അപൂര്‍വ റെക്കോര്‍ഡ്. അരങ്ങേറ്റ ടെസ്റ്റില്‍ നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയാണ് പടിക്കല്‍ റെക്കോര്‍ഡിട്ടത്.സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോലിയുമെല്ലാം അടക്കി ഭരിച്ചിരുന്ന നാലാം നമ്പറില്‍ ഒരു ഇന്ത്യന്‍ താരം അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്നത് 37 വര്‍ഷത്തിനിടെ ഇതാദ്യമായാണ്.
1988ല്‍ ഇന്ത്യക്കായി അരങ്ങേറിയ ഡബ്ല്യു വി രാമനാണ് നാലാം നമ്പറില്‍ അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. അതിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന്‍ യുഗവും പിന്നീട് കോലി യുഗവുമായിരുന്നതിനാല്‍ നാലാം നമ്പര്‍ ബാറ്റിംഗ് സ്ഥാനത്ത് അരങ്ങേറ്റം കുറിക്കുക എന്നത് ഒരു താരത്തെ സംബന്ധിച്ച് അപൂര്‍വങ്ങളില്‍ അപൂര്‍വതയായിരുന്നു.
ഓള്‍ റൗണ്ട് പ്രകടനവുമായി മിന്നി സജ്ന സജീവൻ, വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സിനെ തൂത്തുവാരി മുംബൈ
ഈ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ അരങ്ങേറിയ രജത് പാടീദാര്‍ തന്‍റെ രണ്ടാം ടെസ്റ്റിലാണ് നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയത്. അരങ്ങേറ്റ ടെസ്റ്റില്‍ പാടീദാര്‍ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്.ശ്രേയസ് അയ്യരായിരുന്നു രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി നാലാം നമ്പറിലിറങ്ങിയത്.മൂന്നാം ടെസ്റ്റില്‍ അരങ്ങേറിയ സര്‍ഫറാസ് ഖാനാകട്ടെ രവീന്ദ്ര ജഡേജക്കും ശേഷം ആറാം നമ്പറിലാണ് കളിച്ചത്.
രഞ്ജി ട്രോഫിയിലും ഇന്ത്യ എ ക്കായും നടത്തിയ മിന്നും പ്രകടനങ്ങളോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിയ പടിക്കല്‍ അരങ്ങേറ്റ ടെസ്റ്റില്‍ 65 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങുകയും ചെയ്തു. പടിക്കലിന് മുമ്പ് ഇന്ത്യക്കായി നാലാം നമ്പറില്‍ അരങ്ങേറിയത് എട്ട് ബാറ്റര്‍മാര്‍ മാത്രമാണ്.സി കെ നായിഡു, വിജയ് ഹസാരെ, ഹേമു അധികാരി, രാംനാഥ് കെന്നി, അപൂര്‍വ സെന്‍ ഗുപ്ത, മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി, ഗുണ്ടപ്പ വിശ്വനാഥ്, ഡബ്ല്യു വി രാമന്‍ എന്നിവരാണവര്‍.
65 റണ്‍സടിച്ച പടിക്കല്‍ അരങ്ങേറ്റ ടെസ്റ്റില്‍ നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ ബാറ്ററുമായി. അരങ്ങേറ്റ ടെസ്റ്റില്‍ നാലാം നമ്പറില്‍ 137 റണ്‍സടിച്ച ഗുണ്ടപ്പ വിശ്വനാഥ് ആണ് ഒന്നാമത്. ഡബ്ല്യു വി രാമനുശേഷം 1992ലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ സ്ഥിരമായത്.പിന്നീട് 21 വര്‍ഷക്കാലം സച്ചിന്‍ കളിച്ച മത്സരങ്ങളില്ലൊം നലാം നമ്പറില്‍ മറ്റൊരു താരം കളിച്ചിട്ടില്ല.
സച്ചിനില്ലാത്ത മത്സരങ്ങളില്‍ അപൂര്‍വമായി സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും നാലാം നമ്പറില്‍ കളിച്ചിട്ടുണ്ട്. സച്ചിന്‍ വിരമിച്ചശേഷം 2103 മുതല്‍ വിരാട് കോലിയായിരുന്നു നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തന്‍. കോലിയില്ലാത്ത മത്സരങ്ങളില്‍ മാത്രം അജിങ്ക്യാ രഹാനെ നാലാം നമ്പറിലെത്തിയിട്ടുണ്ട്. ഈ പരമ്പരയിലാകട്ടെ നാലാം നമ്പറില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രജത് പാടീദാര്‍, എന്നിവര്‍ പടിക്കലിന് മുമ്പ് നാലാം നമ്പറിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!