ആറ് കളികളില്‍ മുംബൈയുടെ നാലാം ജയമാണിത്.ആറ് കളികളില്‍ നാലാം തോല്‍വി വഴങ്ങിയ യുപി വാരിയേഴ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു.
ദില്ലി:വനിതാ ഐപിഎല്ലില്‍ മലയാളി താരം സജ്ന സജീവന്‍ ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ മിന്നിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. യുപി വാരിയേഴ്സിനെതിരെ 42 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയവുമായി മുംബൈ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തപ്പോള്‍ യുപി വാരിയേഴ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ആറ് കളികളില്‍ മുംബൈയുടെ നാലാം ജയമാണിത്.ആറ് കളികളില്‍ നാലാം തോല്‍വി വഴങ്ങിയ യുപി വാരിയേഴ്സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 160-6, യു പി വാരിയേഴ്സ് 20 ഓവറില്‍ 118-9.
ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 17 റണ്‍സെടുക്കുമ്പോവേക്കും ഓപ്പണര്‍മാരായ യാസ്തിക ഭാട്ടിയയും(9), ഹെയ്ലി മാത്യൂസും(4) ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. മൂന്നാം വിക്കറ്റില്‍ നാറ്റ് സ്കൈവറും(31 പന്തില്‍ 45), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(30 പന്തില്‍ 33), അമേല കെറും(23 പന്തില്‍ 39) പൊരുതിയതിനൊപ്പം അവസാന ഓവറുകളില്‍ സജ്ന നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് കൂടിയായപ്പോള്‍(14 പന്തില്‍ 22*) മുംബൈ ഭേദപ്പെട്ട സ്കോറിലെത്തി.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റൻ അലീസ ഹീലി(3) കിരണ്‍ നാവ്ഞഗിരെ(7), ചമരി അത്തപത്തു(3) എന്നിവരെ തുടക്കത്തിലെ നഷ്ടമായ യുപിക്കായി ഗ്രേസ് ഹാരിസും(15), ദീപ്തി ശര്‍മയും(36 പന്തില്‍ 53), ശ്വേത ഷെറാവത്തും(15 പന്തില്‍ 17)മാത്രമെ രണ്ടക്കം കടന്നുള്ളു. മുംബൈക്കായി അവസാന ഓവര്‍ എറിഞ്ഞ സജ്ന 12 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മത്സരത്തില്‍ മൂന്ന് നിര്‍ണായക ക്യാച്ചുകളും കൈയിലൊതുക്കിയ സജ്ന ഓള്‍ റൗണ്ട് പ്രകടനവുമായി വീണ്ടും താരമായി. സോഫി എക്ലിസ്റ്റണെ പുറത്താക്കാന്‍ സജ്നയെടുത്ത ക്യാച്ച് മത്സരത്തിലെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് മുഹൂര്‍ത്തമായിരുന്നു.
