കണ്ടറിയണം കോശി നിനക്ക് നാളെ എന്തു സംഭവിക്കുമെന്ന സിനിമാ ഡയലോഗും ആരാധകര്‍ ബഷീറിന്‍റെ തുറിച്ചുനോട്ടത്തിന് മറുപടിയായി നല്‍കുന്നുണ്ട്.
ധരംശാല: ഇംഗ്ലണ്ടിനെതിരായ ധരംശാല ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ ഇന്ത്യയുടെ യശസ്വി ജയ്സ്വാള്‍-രോഹിത് ശര്‍മ ഓപ്പണിംഗ് സഖ്യം ഇംഗ്ലീഷ് ബൗളര്‍മാരെ തല്ലിപ്പരത്തിയപ്പോള്‍ കൂടുതല്‍ പ്രഹരമേറ്റത് സ്പിന്നര്‍ ഷുയൈബ് ബഷീറിനായിരുന്നു. മെല്ലെത്തുടങ്ങിയ യശസ്വി ജയ്സ്വാള്‍ ബഷീറിനെതിരെ തുടര്‍ച്ചയായി മൂന്ന് സിക്സുകള്‍ പറത്തിയാണ് ടോപ് ഗിയറിലായത്.
ഇംഗ്ലണ്ട് യുവ സ്പിന്നറോട് യാതൊരു ദയയും കാട്ടാതിരുന്ന യശസ്വി ബഷീറിനെതിരെ ബൗണ്ടറിയടിച്ചാണ് ഫിഫ്റ്റി അടിച്ചത്. പിന്നാലെ ഒരു ബൗണ്ടറി കൂടി നേടിയ യശസ്വി സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ സ്റ്റംപിഗിലൂടെ പുറത്തായി. യശസ്വിയുടെ വിക്കറ്റെടുത്തശേഷം ബഷീറിന്‍റെ തുറിച്ചുനോട്ടം വൈറലാവുകയും ചെയ്തു. എന്നാല്‍ ആ നോട്ടത്തിനുള്ള മറുപടി രോഹിത് നാളെ ഗ്രൗണ്ടില്‍ നല്‍കുമെന്നാണ് ആരാധകര്‍ പറയുന്നത്.
കണ്ടറിയണം കോശി നിനക്ക് നാളെ എന്തു സംഭവിക്കുമെന്ന സിനിമാ ഡയലോഗും ആരാധകര്‍ ബഷീറിന്‍റെ തുറിച്ചുനോട്ടത്തിന് മറുപടിയായി നല്‍കുന്നുണ്ട്. പോരാട്ടം ജയിച്ചത് യശസ്വിയും യുദ്ധം ജയിച്ചത് ബഷീറുമാണെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ യശസ്വിയുടെ പുറത്താകലിനെ വിശേഷിപ്പച്ചത്.
അര്‍ധസെഞ്ചുറിയുമായി ക്രീസിലുള്ള രോഹിത് ശര്‍മയും 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലുമാണ് രണ്ടാം ദിനം ഇന്ത്യന്‍ പോരാട്ടം നയിക്കാനായി ഇറങ്ങുക.ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 218ന് മറുപടിയായി 135-1 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ട് സ്കോറിനൊപ്പമെത്താന്‍ ഇന്ത്യക്കിനി 83 റൺസ് കൂടി വേണം. 57 റണ്‍സെടുത്ത് പുറത്തായെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ എതിരാളികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ സിക്സുകള്‍ പറത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് യശസ്വി ഇന്ന് ക്രീസ് വിട്ടത്.
