വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പ്; മൂന്നാം നമ്പറില്‍ ദേവ്ദത്ത് കളിച്ചേക്കും, സാധ്യതാ ഇലവന്‍

Published : Oct 09, 2025, 02:32 PM IST
Sudharsan - Devdutt Padikkal

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര പിടിക്കാന്‍ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. മോശം ഫോമിലുള്ള സായ് സുദര്‍ശന് പകരം ദേവ്ദത്ത് പടിക്കല്‍ മൂന്നാം നമ്പറില്‍ കളിച്ചേക്കും. 

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര പിടിക്കാന്‍ നാളെ രണ്ടാം ടെസ്റ്റിന് ഇറങ്ങുകയാണ് ഇന്ത്യ. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാളെ ജയിച്ചാല്‍ സമ്പൂര്‍ണ ജയത്തോടെ പരമ്പര സ്വന്തമാക്കാം. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ ടെസ്റ്റില്‍ അനായാസ ജയം നേടിയ ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യ തയാറാവുമോ എന്നാണ് കണ്ടറിയേണ്ടത്.

ഓപ്പണിംഗില്‍ യശസ്വി ജയ്‌സ്വാള്‍-കെ എല്‍ രാഹുല്‍ സഖ്യം തുടരും. അഹമ്മദാബാദില്‍ സെഞ്ചുറി നേടിയ രാഹുല്‍ തകര്‍പ്പന്‍ ഫോമിലാണ്. മൂന്നാം നമ്പറില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയ സായ് സുദര്‍ശന് പകരം മലയാളി താരം ദേവ്ദത്ത് പടിക്കലിന് രണ്ടാം ടെസ്റ്റില്‍ അവസരം നല്‍കിയേക്കുമെന്ന് സൂചനകളുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡ് ഉണ്ടെങ്കിലും സായിക്ക് ആ മികവ് അന്താരാഷ്ട്ര തലത്തില്‍ തുടരാന്‍ സാധിക്കുന്നില്ല.

ഏഴ് ഇന്നിങ്‌സുകളില്‍ മൂന്നാം നമ്പറിലെത്തിയ സായ് 21 ശരാശരിയില്‍ 147 റണ്‍സ് മാത്രമാണ് നേടാനായത്. പൂജ്യത്തില്‍ തുടങ്ങിയ കരിയറില്‍ മാഞ്ചസ്റ്ററില്‍ നേടിയ അര്‍ദ്ധ സെഞ്ച്വറി മാത്രമായിരുന്നു ഇടം കയ്യന്‍ ബാറ്റര്‍ക്ക് ഓര്‍ത്തുവെക്കാനുണ്ടായിരുന്നത്. ഏഴ് ഇന്നിങ്‌സില്‍ രണ്ട് തവണയും റണ്ണൊന്നുമെടുക്കാതെയായിരുന്നു സായ് മടങ്ങിയതും. എന്നാല്‍ സുദര്‍ശന് ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചാല്‍ പടിക്കല്‍ ഇത്തവണയും പുറത്തിരിക്കേണ്ടിവരും.

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇറങ്ങുമ്പോള്‍ ആദ്യ ടെസ്റ്റിലെ സെഞ്ചുറി വീരനായ ധ്രുവ് ജുറെല്‍ ആകും അഞ്ചാം നമ്പറില്‍ ക്രീസിലെത്തുക. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി ടീമിലെത്തുമ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി പേസ് ഓള്‍ റൗണ്ടറായി ടീമിലെ സ്ഥാനം നിലനിര്‍ത്തും കുല്‍ദീപ് യാദവായിരിക്കും ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് നിരയിലാണ് മറ്റൊരു മാറ്റം പ്രതീക്ഷിക്കുന്നത്. ആദ്യ ടെസ്റ്റില്‍ കളിച്ച ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയില്ലെന്ന് ഇന്ത്യയുടെ സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ വ്യക്തമാക്കിയിരുന്നു.

അങ്ങനെ വന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുള്ള പേസര്‍ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ച് പ്രസിദ്ധ് കൃഷ്ണയെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. ജസ്പ്രീത് ബുമ്ര ഏകദിന പരമ്പരക്കുള്ള ടീമിലില്ല.

വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍ / സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ധ്രുവ് ജുറെല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അവരെ കുറ്റം പറയുന്നത് നിര്‍ത്തൂ'; ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തെ പ്രശംസിച്ച് മുന്‍ പാകിസ്ഥാന്‍ താരങ്ങള്‍
ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പ്രതാപകാലം തിരികെ കൊണ്ടുവരാന്‍ ഇന്ത്യയുടെ മുന്‍ കോച്ച് വരുന്നു; സ്ഥിരീകരിച്ച് ബോര്‍ഡ്