അദ്ദേഹത്തെ കാണുമ്പോഴെല്ലാം പുതിയതെങ്കിലും പഠിക്കും; ദ്രാവിഡിനെ കുറിച്ച് ദേവ്ദത്ത് പടിക്കല്‍

By Web TeamFirst Published Apr 5, 2021, 7:11 PM IST
Highlights

അടുത്തിടെ കൊവിഡ് പോസിറ്റീവായ പടിക്കല്‍ ഹോം ക്വാറന്റൈനിലാണ്. മുംബൈക്കെതിരായ ആദ്യ ഐപിഎല്‍ മത്സരം അദ്ദേഹത്തിന് നഷ്ടമാവും.

ദില്ലി: കഴിഞ്ഞ വര്‍ഷമാണ് മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറുന്നത്. റോയല്‍ ചലഞ്ചേവ്‌സ് ബാംഗ്ലൂരിനായി അരങ്ങേറിയ പടിക്കല്‍ 15 മത്സരങ്ങളില്‍ നിന്ന് 473 റണ്‍സ് നേടി. ഇതില്‍ അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഈ സീസണ്‍ സയ്യിദ് മുഷ്താഖ് അലി ടി20യിലും (218) വിജയ് ഹസാരെ ട്രോഫിയിലും (737) മികച്ച ഫോമിലായിരുന്നു പടിക്കല്‍. വിജയ് ഹസാരെയില്‍ രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും നേടി.

അടുത്തിടെ കൊവിഡ് പോസിറ്റീവായ പടിക്കല്‍ ഹോം ക്വാറന്റൈനിലാണ്. മുംബൈക്കെതിരായ ആദ്യ ഐപിഎല്‍ മത്സരം അദ്ദേഹത്തിന് നഷ്ടമാവും. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തില്‍ താരം തിരിച്ചെത്തിയേക്കും. ക്വാറൈന്റിനില്‍ ഇരിക്കുമ്പോഴും ക്രിക്കറ്റിനെ കുറിച്ചാണ് പടിക്കല്‍ ചന്തിക്കുന്നത്. 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡ് തന്നിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ച് സംസാരിക്കുകയാണ് പടിക്കല്‍. ''നിരവധി തവണ ദ്രാവിഡുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഒരുപാട് അടുപ്പം തോന്നുന്ന വ്യക്തിയാണ് അദ്ദേഹം. ഏത് സമയവും അദ്ദേഹത്തിന്റെ സേവനം ലഭ്യമാണ്. എല്ലാത്തിനും അദ്ദേഹത്തിനടുത്ത് പരിഹാരമുണ്ടെന്നുള്ളതാണ് വാസ്തവം. 

കഠിനാധ്വാനം ചെയ്യാനാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തെ കാണുമ്പോവും സംസാരിക്കുമ്പോഴുമെല്ലാം പുതിയതെന്തെങ്കിലും പഠിക്കും. ഞാനും അദ്ദേഹത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്നു.'' പടിക്കല്‍ പറഞ്ഞുനിര്‍ത്തി. 

എന്നാല്‍ തന്റെ റോള്‍മോഡല്‍ ഗൗതം ഗംഭീറാണെന്നും പടിക്കല്‍ കൂട്ടിച്ചേര്‍ത്തു. എബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി എന്നിവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമാണെന്നും പടിക്കല്‍ പറഞ്ഞു.

click me!