പരമ്പരയിൽ മോശം പ്രകടനം നടത്തുന്ന ഗില്ലിനെ മാറ്റി സഞ്ജുവിനെ കളിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ആദ്യ കളിയിൽ നാല് റണ്ണിന് പുറത്തായ ഗില്ലിന് രണ്ടാംമത്സരത്തിൽ അക്കൗണ്ട് തുറക്കാൻപോലുമായില്ല.
ലക്നൗ: കനത്ത മഞ്ഞുവീഴ്ച കാരണം ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം ഉപേക്ഷിച്ചപ്പോൾ തിരിച്ചടിയായത് മലയാളിതാരം സഞ്ജു സാംസണ്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതോടെ സഞ്ജു പ്ലേയിംഗ് ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് കളിയിലും കാഴ്ചക്കാരന്‍റെ റോളിലായിരുന്നു സഞ്ജു. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ടി20 ടീമിൽ തിരികെയെത്തിയതോടെ ഓപ്പണറുടെ റോൾ നഷ്ടമായ സഞ്ജുവിന്‍റെ മധ്യനിരയിലെ സ്ഥാനം ജിതേഷ് ശർമ്മയും സ്വന്തമാക്കിയിരുന്നു.
ഇതിനിടെയാണ് കാലിന് പരിക്കേറ്റ ഗിൽ ലക്നൗവിൽ കളിക്കില്ലെന്ന വാർത്ത പുറത്തുവന്നത്. സഞ്ജുവിന് ഓപ്പണറായി തിരികെ പ്ലേയിംഗ് ഇലവനിലെത്താനുള്ള സുവർണാവസരം. പക്ഷേ ലക്നൗവിലെ കനത്ത മഞ്ഞുവീഴ്ച വില്ലാനായി. ടോസ് പോലും ഇടാതെ മത്സരം ഉപേക്ഷിച്ചപ്പോൾ സഞ്ജുവിനും ആരാധകർക്കും ഒരുപോലെ നിരാശ. പരിശീലനത്തിനിടെ പരിക്കേറ്റ ഗിൽ അഹമ്മദാബാദിലെ അവസാന മത്സരത്തിലും കളിച്ചേക്കില്ല എന്നാണ് സൂചന. അങ്ങനെയെങ്കിൽ സഞ്ജുവിന് അവസാന മത്സരത്തിൽ അവസരം കിട്ടിയേക്കും.
പരമ്പരയിൽ മോശം പ്രകടനം നടത്തുന്ന ഗില്ലിനെ മാറ്റി സഞ്ജുവിനെ കളിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ആദ്യ കളിയിൽ നാല് റണ്ണിന് പുറത്തായ ഗില്ലിന് രണ്ടാംമത്സരത്തിൽ അക്കൗണ്ട് തുറക്കാൻപോലുമായില്ല. ധമ്മശാലയിലെ 28 റൺസാണ് ഗില്ലിന്റെ ആശ്വാസം. ഓപ്പണറായി മൂന്ന് സെഞ്ച്വറി നേടിയ സഞ്ജു അഭിഷേക് ശര്‍മക്കൊപ്പം ടീമിൽ സ്ഥാനം ഉറപ്പിച്ചെന്ന് കരുതി ഇരിക്കേയാണ് അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഗില്ലിനെ ടി20 ടീമിലേക്ക് തിരികെ വിളിച്ചത്. ഇതോടെ മധ്യനിരയിലേക്ക് ഇറങ്ങേണ്ടിവന്ന സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെ സ്ഥാനവും നഷ്ടമാവുക ആയിരുന്നു. ഓപ്പണറായി മികച്ച റെക്കോർഡുള്ള സഞ്ജുവിനെ കളിപ്പിക്കാത്തതിനെതിരെ നിരവധി മുൻതാരങ്ങൾ രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ടീം മാനേജ്മെന്റിനെതിരെയും സെലക്ടർമാർക്കെതിരെയും വിമർശനം ശക്തമാണ്.


