മെച്ചപ്പെടുത്തിയത് 80 സ്ഥാനങ്ങള്‍, ടി20 റാങ്കിംഗിന്‍ വന്‍ നേട്ടമുണ്ടാക്കി ബ്രേവിസ്; സഞ്ജു ഒരു പടിയിറങ്ങി

Published : Aug 14, 2025, 07:39 AM IST
Dewald Brevis

Synopsis

ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡിവാള്‍ഡ് ബ്രേവിസ് 80 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 21-ാം സ്ഥാനത്തെത്തി.

ദുബായ്: ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡിവാള്‍ഡ് ബ്രേവിസ്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ സെഞ്ചുറി നേടിയ താരം 80 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 21-ാം സ്ഥാനത്തെത്തി. ഡാര്‍വിന്‍, മറാര ക്രിക്കറ്റ് ഗ്രൗണ്ടില്‍ 56 പന്തില്‍ പുറത്താവാതെ 125 റണ്‍സാണ് ബ്രേവിസ് അടിച്ചെടുത്തത്. 41 പന്തില്‍ 22കാരന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇന്നിംഗ്സില്‍ എട്ട് സിക്സും 12 ഫോറുകളും ഉള്‍പ്പെടും. ഈ പ്രകടനം തന്നെയാണ് ബ്രേവിസിന്റെ മുന്നേറ്റത്തിന് കാരണമായതും. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ബ്രേവിസിന്റെ കരുത്തില്‍ അടിച്ചെടുത്തത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ്. പിന്നീട് 53 റണ്‍സിന് ദക്ഷിണാഫ്രിക്ക മത്സരം ജയിക്കുകയും ചെയ്തു.

അതേസമയം, ടി20 മത്സരങ്ങളൊന്നും ഇല്ലെങ്കില്‍ പോലും ഇന്ത്യന്‍ താരം തിലക് വര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഓസീസ് താരം ട്രാവിസ് ഹെഡിന്റെ മോശം ഫോമാണ് തിലകിന് ഗുണം ചെയ്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് മത്സരത്തിലും ഹെഡിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടാണ് മൂന്നാമത്. ട്രാവിസ് ഹെഡ് നാലാം സ്ഥാനത്തേക്ക് വീണു. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ് അഞ്ചാമത്.

ആറാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. പതും നിസ്സങ്ക (ശ്രീലങ്ക), ടിം സീഫെര്‍ട്ട് (ന്യൂസിലന്‍ഡ്), ജോഷ് ഇന്‍ഗ്ലിസ് (ഓസ്‌ട്രേലിയ), ടിം ഡേവിഡ് (ഓസ്‌ട്രേലിയ) എന്നിവര്‍ യഥാക്രം ഏഴ് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഡേവിഡ് ആദ്യ പത്തിലെത്തിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ട് മത്സരങ്ങളിലും താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഡേവിഡ് ആദ്യ പത്തിലെത്തിയതോടെ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 11-ാം സ്ഥാനത്തായി. മലയാളി താരം സഞ്ജു സാംസണ്‍ 34-ാം സ്ഥാനത്താണ്. സഞ്ജുവിന് ഒരു പടി ഇറങ്ങേണ്ടി വന്നു.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ മുന്ന് ഇന്ത്യന്‍ താരങ്ങളാണുള്ളത്. വരുണ്‍ ചക്രവര്‍ത്തി നാലാം സ്ഥാനത്തുണ്ട്. രവി ബിഷ്‌ണോയ് (7), അര്‍ഷ്ദീപ് സിംഗ് (9) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്.

PREV
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍