കോലി ക്യാപ്റ്റനായി തിളങ്ങുന്നത് ധോണിയും രോഹിത്തും ടീമിലുള്ളതിനാലെന്ന് ഗംഭീര്‍

By Web TeamFirst Published Sep 20, 2019, 12:39 PM IST
Highlights

ഒരു ക്യാപ്റ്റന്റെ മികവറിയുന്നത് പ്രതിഭാശാലികളായ കളിക്കാരുടെ സഹായമില്ലാത്തപ്പോള്‍ ടീമിനെ എങ്ങനെ നയിക്കുന്നു എന്നതിലാണ്. അങ്ങനെ നോക്കിയാല്‍ കോലിയുടെ ഐപിഎല്‍ റെക്കോര്‍ഡ് അത്ര മികച്ചതല്ല

ദില്ലി: മുന്‍ നായകന്‍ എം എസ് ധോണിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമുള്ളതിനാലാണ് രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലി ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങുന്നതെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും എംപിയുമായ ഗൗതം ഗംഭീര്‍. ക്യാപ്റ്റനെന്ന നിലയില്‍ കോലി ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ കോലിയുടെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നു. അതിന് കാരണം രോഹിത് ശര്‍മയുടെയും എം എസ് ധോണിയുടെയും പിന്തുണയാണ്.

ഒരു ക്യാപ്റ്റന്റെ മികവറിയുന്നത് പ്രതിഭാശാലികളായ കളിക്കാരുടെ സഹായമില്ലാത്തപ്പോള്‍ ടീമിനെ എങ്ങനെ നയിക്കുന്നു എന്നതിലാണ്. അങ്ങനെ നോക്കിയാല്‍ കോലിയുടെ ഐപിഎല്‍ റെക്കോര്‍ഡ് അത്ര മികച്ചതല്ല. മികവുറ്റ കളിക്കാരുടെ പിന്തുണയില്ലാതെ ഫ്രാഞ്ചൈസികളെ നയിക്കുമ്പോഴാണ് ഒരാളുടെ ക്യാപ്റ്റന്‍ സി മികവ് അളക്കാനാകുക. ചെന്നൈക്കായി ധോണിയും മുംബൈക്കായി രോഹിത്തും നേടിയ ഐപിഎല്‍ കിരീടങ്ങളുടെ അടുത്തൊന്നും കോലിയില്ല. കോലിയുടെ ബാംഗ്ലൂര്‍ ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടിയിട്ടേയില്ലെന്നും ഗംഭീര്‍ പറഞ്ഞു.

ടെസ്റ്റിലും രോഹിത് ശര്‍മ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണമെന്നും ഗംഭീര്‍ വ്യക്തമാക്കി. ഓപ്പണര്‍ എന്ന നിലയില്‍ കെ എല്‍ രാഹുലിന് ഒരുപാട് അവസരങ്ങള്‍ നല്‍കിക്കഴി‌ഞ്ഞു. രോഹിത്തിനെ ടെസ്റ്റ് ടീമിലെടുത്താല്‍ കളിപ്പിക്കണം. 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് കാര്യമില്ല. 2007ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആലോചിച്ചിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

click me!