സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ സ്പിന്നര്‍ ആശ ശോഭനയുടെ ആറ് വിക്കറ്റ് പ്രകടനത്തിന്റെ മികവിൽ കേരളം സൗരാഷ്ട്രയെ 111 റൺസിന് പരാജയപ്പെടുത്തി.

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് 111 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. സ്പിന്നര്‍ ആശ ശോഭനയുടെ ആറ് വിക്കറ്റ് പ്രകടനമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. കേരളം ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്ര 31.2 ഓവറില്‍ വെറും 76 റണ്‍സിന് പുറത്തായി. സ്‌കോര്‍: കേരളം - 50 ഓവറില്‍ 187/9, സൗരാഷ്ട്ര - 31.2 ഓവറില്‍ 76 ഓള്‍ ഔട്ട്.

Add Asianetnews as a Preferred SourcegooglePreferred

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരു റണ്ണെടുത്ത ക്യാപ്റ്റന്‍ ടി. ഷാനിയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. അക്ഷയ (10), പ്രണവി ചന്ദ്ര (0), എസ്. ആശ (5) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. മികച്ച ഷോട്ടുകളുമായി തുടങ്ങിയെങ്കിലും ഐ. വി. ദൃശ്യയ്ക്കും (21) വലിയൊരു ഇന്നിങ്‌സ് പടുത്തുയര്‍ത്താനായില്ല. ഇതോടെ അഞ്ച് വിക്കറ്റിന് 49 റണ്‍സെന്ന നിലയിലായിരുന്നു കേരളം. തുടര്‍ന്നെത്തിയ നജ്‌ല, വൈഷ്ണ, കീര്‍ത്തി എന്നിവരുടെ ചെറുത്തുനില്‍പ്പാണ് കേരളത്തെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. നജ്‌ല സിഎംസി 27-ഉം വൈഷ്ണ എം പി 46-ഉം കീര്‍ത്തി കെ ജെയിംസ് പുറത്താകാതെ 29 റണ്‍സും നേടി. സൗരാഷ്ട്രയ്ക്കായി എന്‍. ചാവ്ഡ, റീന എം, എന്‍ ഓസ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാനായില്ല. ഓപ്പണര്‍ ഉമേഷ്വരി ജെഠ്വയെ പുറത്താക്കി എസ്. ആശ തുടങ്ങിയ വിക്കറ്റ് വേട്ട സൗരാഷ്ട്ര ബാറ്റിങ് നിരയുടെ നടുവൊടിച്ചു. വിക്കറ്റുകള്‍ തുടരെ വീണതോടെ സൗരാഷ്ട്രയുടെ ഇന്നിങ്‌സ് 76 റണ്‍സില്‍ അവസാനിച്ചു. 17 റണ്‍സെടുത്ത സരസ്വതിയാണ് സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. കേരളത്തിന് വേണ്ടി ആറ് വിക്കറ്റെടുത്ത എസ്. ആശയ്ക്ക് പുറമെ കീര്‍ത്തി കെ. ജെയിംസ്, ടി. ഷാനി, സലോനി ഡങ്കോരെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പത്ത് ഓവറില്‍ മൂന്ന് മെയ്ഡനടക്കം 13 റണ്‍സ് മാത്രം വിട്ടു കൊടുത്താണ് ആശ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയത്.

YouTube video player