സെവാ​ഗിനെയും ​ഗിൽക്രിസ്റ്റിനെയുംപോലെ റിഷഭ് പന്തും എതിരാളികളുടെ പേടി സ്വപ്നമെന്ന് ദിനേശ് കാർത്തിക്

By Web TeamFirst Published Jun 5, 2021, 1:50 PM IST
Highlights

എതിരാളികളുടെ മനസിൽ സാന്നിധ്യംകൊണ്ട് ഭീതികോരിയിടാൻ റിഷഭ് പന്തിനാവും. അതിന് കാരണം ഓരോ കളിയിലും അദ്ദേഹം ചെലുത്തുന്ന പ്രഭാവം തന്നെയാണ്.

കൊൽക്കത്ത:വീരേന്ദർ സെവാ​ഗിനെയും ആദം ​ഗിൽക്രിസ്റ്റിനെയും പോലെ എതിരാളികളുടെ പേടിസ്വപ്നമാകുന്ന കളിക്കാരനാണ് ഇന്ത്യയുടെ യുവതാരം റിഷഭ് പന്തുമെന്ന് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. റിഷഭ് പന്തിന്റെ സാന്നിധ്യം ടീമിന് കൂടുതൽ സന്തുലനം നൽകുമെന്നും ഒരു ബാറ്റ്സ്മാനെയും ബൗളറെയോ അധികമായി കളിപ്പിക്കാൻ ഇതിലൂടെ ടീം മാനേജ്മെന്റിന് കഴിയുമെന്നും കാർത്തിക് പറഞ്ഞു.

എതിരാളികളുടെ മനസിൽ സാന്നിധ്യംകൊണ്ട് ഭീതികോരിയിടാൻ റിഷഭ് പന്തിനാവും. അതിന് കാരണം ഓരോ കളിയിലും അദ്ദേഹം ചെലുത്തുന്ന പ്രഭാവം തന്നെയാണ്. പ്രതാപകാലത്ത് സെവാ​ഗും ​ഗിൽക്രിസ്റ്റും എങ്ങനെ ആയിരുന്നോ അതുപോലെയാണ് റിഷഭ് പന്ത് ഇപ്പോഴെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ദിനേശ് കാർത്തിക്ക് പറഞ്ഞു.

ഓസ്ട്രേലിയക്കും ഇം​ഗ്ലണ്ടിനുമെതിരായ ടെസ്റ്റ് പരമ്പരകളിൽ തിളങ്ങിയ പന്ത് ഇന്ത്യയുടെ പരമ്പരനേട്ടത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ ഇം​ഗ്ലണ്ടിൽ ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇം​ഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കുമുള്ള തയാറെടുപ്പിലാണ് റിഷഭ് പന്ത് ഇപ്പോൾ.

ഇന്ത്യയിലെ ക്വാറന്റീൻ പൂർത്തിയാക്കിയശേഷം കഴിഞ്ഞദിവസം ഇം​ഗ്ലണ്ടിലെ സതാംപ്ടണിലെത്തിയ ഇന്ത്യൻ താരങ്ങൾ ഇന്ന് പരിശീലനത്തിന് ഇറങ്ങും. 18നാണ് ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഓ​ഗസ്റ്റ് നാലു മുതലാണ് ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. കഴിഞ്ഞ ഇം​ഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ പരമ്പര 4-1ന് തോറ്റെങ്കിലും അവസാന ടെസ്റ്റിൽ 159 റൺസടിച്ചാണ് റിഷഭ് പന്ത് രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!