
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയത്തിന് ശേഷം ഇന്ത്യന്‍ ടീമിനെതിര രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്. സ്വന്തം നാട്ടില്‍ ഉണ്ടായിരുന്ന ടീമിന്റെ ദീര്‍ഘകാല ആധിപത്യം തകര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിലെ തോല്‍വി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍ തോല്‍വിയായിരുന്നു. കൂടാതെ 12 മാസത്തിനിടെ ഒരു ഹോം പരമ്പരയില്‍ എതിര്‍ ടീം ജയിക്കുന്നത് രണ്ടാം തവണയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് മുമ്പ് ന്യൂസിലന്‍ഡും ഇന്ത്യയെ തൂത്തുവാരിയിരുന്നു.
കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ... ''ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ടീമുകള്‍ മുമ്പ് ഭയപ്പെട്ടിരുന്നു. ഇപ്പോള്‍ ആധിപത്യം ഇന്ത്യക്ക് നഷ്ടമായി. 12 മാസത്തിനിടെ രണ്ടാമത്തെ വൈറ്റ്വാഷ്. ഇന്ത്യയില്‍ നടന്ന അവസാന മൂന്ന് പരമ്പരകളില്‍ രണ്ടെണ്ണം വൈറ്റ്വാഷ് ചെയ്യപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഇത് ദുഷ്‌കരമായ സമയങ്ങളാണ്, അതിനാല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. ഇന്ത്യ വളരെയധികം ഓള്‍റൗണ്ടര്‍മാരെയാണ് ആശ്രയിക്കുന്നത്. പേസ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി ആഭ്യന്തര കലണ്ടര്‍ സീസണില്‍ 14 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്.'' കാര്‍ത്തിക് പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു... ''ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മോശം അവസ്ഥ തുറന്ന് കാണിക്കുന്നു. ഹോം പിച്ചുകളില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവച്ചു, പേസിനും സ്പിന്നിനും മുന്നില്‍ ബാറ്റിംഗ് ദുര്‍ബലമായി തോന്നി. കൂടാതെ നിരവധി സെലക്ഷന്‍ തീരുമാനങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.'' കാര്‍ത്തിക് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ മൂന്നാം നമ്പര്‍ സ്ഥാനത്തെക്കുറിച്ച് അദ്ദേഹം ആശങ്കയും പ്രകടമാക്കി. ''ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍, ആരാണ് നമ്മുടെ മൂന്നാം നമ്പര്‍? വാഷിംഗ്ടണ്‍ കൊല്‍ക്കത്തയില്‍ മൂന്നാം സ്ഥാനത്തും സായ് സുദര്‍ശന്‍ ഗുവാഹത്തിയില്‍ മൂന്നാം സ്ഥാനത്തും കളിക്കുന്നു. ബാറ്റിംഗ് സ്ഥാനത്ത് പോലും ആര്‍ക്കും സ്ഥിരതയില്ല.'' കാര്‍ത്തിക് കൂട്ടിചേര്‍ത്തു. ''എട്ട് മാസത്തിന് ശേഷമാണ് അടുത്ത ടെസ്റ്റ് മത്സരം. നമ്മള്‍ ഇത് മറക്കാന്‍ പോകുകയാണോ? അതാണ് വലിയ ചോദ്യം. ഈ ടെസ്റ്റ് ടീം തിരിച്ചുവന്ന് പഴയതുപോലെ മികച്ചവരാകാന്‍ എന്താണ് വേണ്ടത്?'' കാര്‍ത്തിക് ചോദിച്ചു.