മങ്കാദിങ് മാന്യതക്ക് നിരക്കാത്തതല്ല, എന്നാല്‍ എന്റെ ടീമിലത് വേണ്ട; വ്യക്തമാക്കി ദിനേശ് കാര്‍ത്തിക്

By Web TeamFirst Published Aug 23, 2020, 3:36 PM IST
Highlights

ഈ സീസണില്‍ അശ്വിന്‍ ഡല്‍ഹി കാപിറ്റല്‍സിലേക്ക് മാറി. റിക്കി പോണ്ടിംഗാണ് ഡല്‍ഹിയുടെ പരിശീലകന്‍. പോണ്ടിംഗ് മുന്നറിയിപ്പ് നല്‍കിയത്, മാന്യതക്ക് ചേര്‍ന്നതല്ലെന്നാണ്. 

IPL, Dinesh Karthik, R Ashwin, Ricky Ponting, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, റിക്കി പോണ്ടിംഗ്

ദുബായ്: കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ ഏറെ വിവാദമായ സംഭവമായിരുന്നു മങ്കാദിങ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന ആര്‍ അശ്വിന്‍ മങ്കാദിങ്ങിലൂടെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ പുറത്താക്കുകയായിരുന്നു. ഇത്തരം പുറത്താക്കലുകള്‍ ക്രിക്കറ്റിന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് അന്ന് സംസാരമുണ്ടായിരുന്നു. ചതിപ്രയോഗമാണെന്നും ചര്‍ച്ചകള്‍ വന്നു. ഈ സീസണില്‍ അശ്വിന്‍ ഡല്‍ഹി കാപിറ്റല്‍സിലേക്ക് മാറി. റിക്കി പോണ്ടിംഗാണ് ഡല്‍ഹിയുടെ പരിശീലകന്‍. പോണ്ടിംഗ് മുന്നറിയിപ്പ് നല്‍കിയത്, മാന്യതക്ക് ചേര്‍ന്നതല്ലെന്നാണ്. 

എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്ക്. ക്രിക്കറ്റിന്റെ പരിശുദ്ധിക്ക് എതിരായ ഒന്നാണെന്് തോന്നിയിട്ടില്ലെന്നാണ് കാര്‍ത്തിക് പറയുന്ന്. അദ്ദേഹം തുടര്‍ന്നു... ''മങ്കാദിങ് വിക്കറ്റുകള്‍ ഒരിക്കലും ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത സംഭവമായി തോന്നിയിട്ടില്ല. ബാറ്റ്‌സ്മാന്‍ ഏതൊക്കെ സമയത്ത് അനുവാദമില്ലാതെ പുറത്തിറങ്ങുന്നുവോ അപ്പോഴൊക്കെ പുറത്താക്കാനുള്ള സ്വാതന്ത്ര്യം ബൗളര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കുമുണ്ട്. 

മങ്കാദിങ്ങിലൂടെ പുറത്താക്കുന്നതില്‍ ഒരു മാന്യതകുറവും എനിക്ക് തോന്നിയിട്ടില്ല. ഇത്തരം സംഭവങ്ങള്‍ നിയമത്തിന് അനുസൃതമായിരിക്കണം. ഇത്തരം പുറത്താക്കലുകള്‍ വേണമോ എന്നുള്ള കാര്യം ക്യാപ്റ്റന്‍ ആലോചിച്ച് തീരുമാനമെടുക്കണം. ബൗളറോ അംപയറോ ആവരുത് അവസാന തീരുമാനമെടുക്കേണ്ടത്. പന്തെറിയുന്ന സമയത്ത് തീര്‍ച്ചയായും ബാറ്റ്‌സ്മാന്‍ ക്രീസില്‍ വേണം. ക്രീസിന് പുറത്താണെങ്കില്‍ ബൗളര്‍ക്ക് പുറത്താക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാന്‍ പുറത്തുപോകുന്നതിന് മുമ്പ് ആലോചിക്കണമെന്ന് മാത്രം.'' കാര്‍ത്തിക് പറഞ്ഞു.

എന്നാല്‍ എന്റെ ടീമിലെ ഒരു ബൗളറാണ് ഇത്തരത്തില്‍ ബാറ്റ്‌സ്മാനെ പുറത്താക്കുന്നതെങ്കില്‍ ഞാന്‍ സമ്മതിക്കില്ലെന്നും കാര്‍ത്തിക് പറഞ്ഞു. ''അങ്ങനെ ചെയ്താലും ഞാന്‍ ബാറ്റ്‌സ്മാനോട് ക്രീസില്‍ തുടരാന്‍ പറയും. ഇത്തരം പുറത്താകലുകള്‍ അനാവശ്യമായി കാര്യമാണ്. അതായത് എന്റെ ബൗളര്‍മാര്‍ക്ക് അല്ലാതെ ബാറ്റ്‌സ്മാനെ പുറത്താക്കുനുള്ള കഴിവുണ്ട്.'' കാര്‍ത്തിക് പറഞ്ഞുനിര്‍ത്തി.

click me!