രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒറ്റപ്പെടുത്തരുതെന്ന് ഓസ്ട്രേലിയയോട് അഫ്ഗാനിസ്ഥാന്‍

By Web TeamFirst Published Sep 10, 2021, 10:43 PM IST
Highlights

പരമ്പര റദ്ദാക്കുമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രഖ്യാപനത്തില്‍ നടുക്കം രേഖപ്പെടുത്തിയ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ഹമീദ് ഷിന്‍വാരി തീരുമാനം തിടുക്കത്തിലുള്ളതും അപ്രതീക്ഷിതവുമാണെന്ന് പ്രതികരിച്ചു.

കാബൂള്‍: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒറ്റപ്പെടുത്തരുതെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്ട്രേലിയയോട് അഭ്യര്‍ത്ഥിച്ച് അഫ്ഗാനിസ്ഥാന്‍. വനിതാ താരങ്ങളെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്‍റെ നിര്‍ദേശത്തിന് പിന്നാലെ  നവംബറില്‍ അഫ്ഗാന്‍ പുരുഷ ടീമിനെതിരെ നടക്കുന്ന ഏക ടെസ്റ്റില്‍ നിന്ന് പിന്‍മാറുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു.

വനിതാ താരങ്ങളോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. എന്നാല്‍ പരമ്പര റദ്ദാക്കുമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പ്രഖ്യാപനത്തില്‍ നടുക്കം രേഖപ്പെടുത്തിയ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ഹമീദ് ഷിന്‍വാരി തീരുമാനം തിടുക്കത്തിലുള്ളതും അപ്രതീക്ഷിതവുമാണെന്ന് പ്രതികരിച്ചു.

രാജ്യത്തെ ഭരണമാറ്റത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ ഷെന്‍വാരി അഫ്ഗാന്‍ ക്രിക്കറ്റിനായി വാതിലുകള്‍ തുറന്നിടാന്‍ മറ്റ് രാജ്യങ്ങള്‍ തയാറാവണമെന്നും അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തരുതെന്നും അഭ്യര്‍ത്ഥിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയ അഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരം റദ്ദാക്കിയാല്‍ ക്രിക്കറ്റ് ലോകത്ത് അഫ്ഗാന്‍ ഒറ്റപ്പെടുമെന്നും ഐസിസി വിഷയത്തില്‍ ഇടപെടണമെന്നും ഷെന്‍വാരി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!