ശുഭ്മാന്‍ ഗില്ലിനെപ്പോലൊരു കളിക്കാരനുപോലും ലോകകപ്പ് ടീമില്‍ ഇടമില്ലെങ്കില്‍ എത്രമാത്രം മികവുറ്റ കളിക്കാരാകും ഇന്ത്യക്കുണ്ടാകുക എന്ന് ഊഹിക്കാവുന്നതേയുള്ളുവെന്ന് പോണ്ടിംഗ്.

സിഡ്നി: ടി20 ടീമിന്‍റെ വൈസ് ക്യാപറ്റനും ഓപ്പണറുമായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ഒഴിവാക്കിയത് തനിക്ക് വിശ്വസിക്കാനായില്ലെന്ന് മുന്‍ ഓസ്ട്രേലിയൻ നായകന്‍ റിക്കി പോണ്ടിംഗ്. സമീപകാലത്ത് മോശം ഫോമിലായിരുന്നെങ്കിലും ഗില്ലിനെപ്പോലൊരു താരത്തെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് ഞെട്ടിക്കുന്ന തീരുമാനമായിരുന്നുവെന്നും റിക്കി പോണ്ടിംഗ് ഐസിസി പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു.

ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ എനിക്കത് ആദ്യം വിശ്വസിക്കാനായില്ല. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ അവന്‍റെ സമീപകാല ഫോം അത്ര മികച്ചതല്ലായിരുന്നു. എങ്കിലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അവന്‍ പുറത്തെടുത്ത പ്രകടനം അടുത്തകാലത്തൊന്നും ആരും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അവനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. പക്ഷെ ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാധാരാളിത്തമാണ് അത് കാണിക്കുന്നത്.

കാരണം, ശുഭ്മാന്‍ ഗില്ലിനെപ്പോലൊരു കളിക്കാരനുപോലും ലോകകപ്പ് ടീമില്‍ ഇടമില്ലെങ്കില്‍ എത്രമാത്രം മികവുറ്റ കളിക്കാരാകും ഇന്ത്യക്കുണ്ടാകുക എന്ന് ഊഹിക്കാവുന്നതേയുള്ളു. ഓരോ ഐസിസി ടൂര്‍ണമെന്‍റ് വരുമ്പോഴും ആരെ ഒഴിവാക്കുമെന്ന പ്രതിസന്ധിയാണ് ഇന്ത്യൻ സെലക്ടര്‍മാര്‍ നേരിടേണ്ടിവരുന്നതെന്നും അത്രമാത്രം പ്രതിഭകളാണ് ഇന്ത്യൻ ക്രിക്കറ്റില്‍ ഓരോ ദിവസവും ഉണ്ടാകുന്നതെന്നും പോണ്ടിംഗ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പ് മുതല്‍ ടി20 ടീമിന്‍റെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായി തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്‍ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചതാണെങ്കിലും അവസാനം കളിച്ച 18 ഇന്നിംഗ്സില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാനാവാതിരുന്നത് തിരിച്ചടിയായി. ഓപ്പണറെന്ന നിലയില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയ മലയാളി താരം സഞ്ജു സാംസണെ മാറ്റിയായിരുന്നു ഗില്ലിനെ ഓപ്പണറാക്കിയത്. സഞ്ജു ആദ്യം മധ്യനിരയിൽ കളിച്ചെങ്കിലും പിന്നീട് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. എന്നാല്‍ ഗില്‍ തിളങ്ങാതിരുന്നതോടെ സഞ്ജുവിനെ വീണ്ടും ലോകകപ്പ് ടീമിന്‍റെ ഓപ്പണറായി തെരഞ്ഞെടുക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക