ഓരോ ടെസ്റ്റ് പരമ്പരക്ക് മുമ്പും ടീമിന് മികച്ച തയാറെടുപ്പ് ആവശ്യമാണെന്ന് ഗില്‍ സെലക്ടര്‍മാരുമായും ബിസിസിഐ പ്രതിനിധികളുമായും നടത്തിയ അനൗപചാരിക ചര്‍ച്ചകളില്‍ വ്യക്തമാക്കിയെന്നാണ് സൂചന.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ നിര്‍ണായക ഇടപെടലുമായി ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ നടന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ വെള്ളത്തിലായിരുന്നു. ഇതിന് പിന്നാലെ ഓരോ ടെസ്റ്റ് പരമ്പരക്ക് മുമ്പും ടീമിന് 15 ദിവസത്തെ പരിശീലന ക്യാംപ് സംഘടിപ്പിക്കണമെന്ന് ഗില്‍ ബിസിസിഐയോട് ആവശ്യപ്പെട്ടുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഓരോ ടെസ്റ്റ് പരമ്പരക്ക് മുമ്പും ടീമിന് മികച്ച തയാറെടുപ്പ് ആവശ്യമാണെന്ന് ഗില്‍ സെലക്ടര്‍മാരുമായും ബിസിസിഐ പ്രതിനിധികളുമായും നടത്തിയ അനൗപചാരിക ചര്‍ച്ചകളില്‍ വ്യക്തമാക്കിയെന്നാണ് സൂചന. ഇന്ത്യൻ ടീം തുടര്‍ച്ചയായി മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനാല്‍ ഓരോ ടെസ്റ്റ് പരമ്പരക്കു മുമ്പും 15 ദിവസത്തെ പരിശീലന ക്യാംപ് എന്ന ഗില്ലിന്‍റെ നിര്‍ദേശം എത്രമാത്രം പ്രായോഗികമാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ കഴിഞ്ഞതിന് പിന്നാലെ ഒരാഴ്ചപോലും വിശ്രമം ലഭിക്കാതെയാണ് ഇന്ത്യൻ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാനായി പോയത്.

അതുപോലെ ഏഷ്യാകപ്പ് സെപ്റ്റംബര്‍ 28ന് പൂര്‍ത്തിയായതിന് പിന്നാലെ ഒക്ടോബര്‍ രണ്ടിന് ഇന്ത്യ ഗില്ലിന്‍റെ നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങി. ഏഷ്യാ കപ്പിലും ഗില്‍ ഇന്ത്യയുടെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായി കളിച്ചിരുന്നു. അതുപോലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര പൂര്‍ത്തിയായശേഷം ഓസ്ട്രേലിയക്കെതിരാ ടി20 പരമ്പര നവംബര്‍ എട്ടിന് പൂര്‍ത്തിയായശേഷം നവംബര്‍ 14ന് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് കളിക്കാനിറങ്ങി.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കുശേഷം കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍, സെലക്ടര്‍മാര്‍ എന്നിവരുമായി ബിസിസിഐ ഇന്ത്യൻ ടീമിന്‍റെ പ്രകടനം വിലയിരുത്തിയിരുന്നു. ഈ യോഗത്തിലാണ് ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് ടീമിന് 15 ദിവസത്തെ പരിശീലന ക്യാംപ് വേണമെന്ന നിര്‍ദേശം ഗില്‍ മുന്നോട്ടുവെച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയോടെ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ വെള്ളത്തിലായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇനി അവശേഷിക്കുന്ന ഒമ്പത് ടെസ്റ്റില്‍ ഏഴിലും ജയിച്ചാല്‍ മാത്രമാണ് ഇന്ത്യക്ക് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യാനാവു. ഇതില്‍ നാലു മത്സരങ്ങള്‍ ശ്രീലങ്കക്കും ന്യൂസിലന്‍ഡിനുമെതിരെ വിദേശത്താണെന്നതും അഞ്ച് മത്സരങ്ങള്‍ നാട്ടില്‍ ഓസ്ട്രേലിയക്കെതിരെ ആണെന്നതും ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക