
ബെംഗലൂരു: സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനത്തിന് സുനില്‍ ഗവാസ്കര്‍ക്ക് പരോക്ഷ മറുപടിയുമായി ആര്‍സിബി താരം വിരാട് കോലി. ആരുടെയും അംഗീകാരം ആവശ്യമില്ലെന്നും ആരുടെയും ഉപദേശം ചോദിച്ചിട്ട് പോവാറില്ലെന്നും ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തില്‍ വിരാട് കോലി പറഞ്ഞു. ഐപിഎല്ലിന്‍റെ ആദ്യപകുതിയില്‍ ഓപ്പണറായി ഇറങ്ങുന്ന വിരാട് കോലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ലൈവ് കമന്‍റററിക്കിടെ ഗവാസ്കര്‍ വിമര്‍ശിച്ചിരുന്നു.
പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് ഞാന്‍ ചെവി കൊടുക്കാറില്ല. ഗ്രൗണ്ടില്‍ എനിക്കെന്ത് ചെയ്യാനാവുമെന്ന് എനിക്കറിയാം. ഞാന്‍ എങ്ങനത്തെ കളിക്കാരനാണെന്നും എന്‍റെ കഴിവുകള്‍ എന്തൊക്കെയാണെന്നും ആരും എന്നോട് പറയേണ്ട കാര്യമില്ല. ഒരു കളി എങ്ങനെ ജയിക്കാമെന്ന് ഞാന്‍ ആരോടും ഉപദേശം ചോദിച്ചിട്ടില്ല. എന്‍റെ കഴിവും പരിചയസമ്പത്തും ഉപയോഗിച്ചാണ് അതെല്ലാം ഞാന്‍ തിരിച്ചറിയുന്നത്. പുറത്തു നിന്ന് അങ്ങനെ ഉപദേശിക്കുന്നവരോടെ എന്നെക്കുറിച്ച് അങ്ങനെ പറയരുതെന്ന് ഞാന്‍ പറയാറുമില്ല. കാരണം, ഗ്രൗണ്ടിലിറങ്ങിയാല്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം.
വിമര്‍ശകരില്‍ നിന്നല്ല ഞാനൊന്നും പഠിച്ചിട്ടുള്ളത്. കരിയറിന്‍റെ തുടക്കത്തില്‍ പിതാവില്‍ നിന്നാണ് താന്‍ പലകാര്യങ്ങളും പഠിച്ചത്. അതുകൊണ്ടു തന്നെ എനിക്കാരുടെയും അംഗീകാരം ആവശ്യമില്ല. ഞാന്‍ നന്നായി കളിക്കുന്നുവെന്നും ആരും പറയേണ്ട കാര്യമില്ല. മത്സരങ്ങള്‍ നേരത്തെ ഫിനിഷ് ചെയ്യാതെ 20-ാം ഓവറിലേക്കും 50-ാം ഓവറിലേക്കും കൊണ്ടുപോകുന്നതിനെതിരെ ധോണിക്കെതിരെ പോലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പക്ഷെ ധോണി തന്‍റെ പ്രവര്‍ത്തിയില്‍ വിശ്വസിച്ച് മുന്നോട്ടുപോകുകയാണ് ചെയ്തത്. അതുവഴി എത്രയോ മഹത്തായ വിജയങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. എത്രയോ മത്സരങ്ങളാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. അതിനുള്ള വഴി അദ്ദേഹത്തിന് മാത്രം അറിയാവുന്നതാണ്. ഞാനാണ് ക്രീസിലെങ്കില്‍ പത്തൊമ്പതാം ഓവറിലോ ഇരുപതാം ഓവറിലോ കളി ഫിനിഷ് ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ അദ്ദേഹം കൂടെയുണ്ടെങ്കില്‍ അവസാന ഓവറുകളില്‍ എതിരാളികളുടെ വിറയല്‍ കാണാൻ കഴിയുമെന്നും കോലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!