
ബെംഗലൂരു: ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിശ്ചയിക്കാനുള്ള നിര്‍ണായക പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ആര്‍ സി ബി ആരാധകരെ ആശങ്കയിലാഴ്ത്തി നഗരത്തിന്‍റെ പലയിടത്തും ഒറ്റപ്പെട്ട മഴ. മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിയോടെ മഴപെയ്യുമെന്നായിരുന്നു പ്രവചനമെങ്കിലും നഗരത്തിന്‍റെ മറ്റ് പലയിടങ്ങളിലും നേരത്തെ മഴ പെയ്യാന്‍ തുടങ്ങിയത് ആര്‍സിബി ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അതേസമയം, മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരങ്ങളിലും ഇപ്പോള്‍ മഴയില്ലെന്നതാണ് ആശ്വസകരമായ കാര്യം. ആകാശം പകുതി മേഘാവൃതമാണെങ്കിലും സ്റ്റേഡിയത്തില്‍ ഇപ്പോള്‍ മഴയില്ലെന്നത് ആര്‍സിബി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. മഴ പെയ്താലും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രെയിനേജ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നതും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
തോല്‍വിയുടെ നാണക്കേടിന് പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് വിലക്കുമായി ബിസിസിഐ, വന്‍തുക പിഴ
എന്നാല്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് ചുറ്റും ആകാശം 99 ശതമാനം മേഘാവൃതമായിരിക്കുമെന്നും വൈകീട്ട് ഇടിയോട് കൂടി മഴ പെയ്യാന്‍ 70 ശതമാനം സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ പ്രവചനം. വൈകിട്ട് ഏഴരയ്ക്കാണ് സി എസ് കെ-ആർ സി ബി മത്സരം തുടങ്ങേണ്ടത്. മഴ മൂലം കളി ഉപേക്ഷിച്ചാൽ ആർസിബി പ്ലേ ഓഫ് കാണാതെ പുറത്താകും. 15 പോയന്‍റുമായി സി എസ് കെ നാലാം സ്ഥാനം ഉറപ്പിച്ച് പ്ലേ ഓഫിലേക്ക് മുന്നേറുകയും ചെയ്യും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും സൺറൈസേഴ്സ് ഹൈദരാബാദുമാണ് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയ ടീമുകൾ. ഡൽഹിക്കും ലഖ്നൗവിനും 14 പോയിന്‍റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഏറെ പിന്നിലായതിനാല്‍ നിലവിലെ സാഹചര്യത്തിൽ പ്ലേ ഓഫിൽ എത്താനുളള സാധ്യത വിദൂരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക