സഞ്ജു യുവനായകനല്ല, ബുദ്ധിമാനായ നായകനെന്ന് ക്രിസ് മോറിസ്

By Web TeamFirst Published Mar 30, 2021, 6:30 PM IST
Highlights

സഞ്ജുവുമായി മികച്ച ബന്ധമുണ്ടെന്നതില്‍ താന്‍ ശരിക്കും ഭാഗ്യവാനാണെന്നും മോറിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജസ്ഥാനിലായിരുന്നപ്പോഴും ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നപ്പോഴും ഞാന്‍ സഞ്ജുവിനൊപ്പം ബാറ്റ് ചെയ്തിട്ടുണ്ട്.

മുംബൈ: ഐപിഎല്ലില്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന മലയാളിതാരം സഞ്ജു സാംസണെ അഭിനന്ദിച്ച് ടീം അംഗവും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറുമായ ക്രിസ് മോറിസ്. സഞ്ജു സാംസണെ യുവനായകനായി മാത്രം കാണാനാവില്ലെന്നും മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള കളിക്കാരനാണ് സഞ്ജുവെന്നും മോറിസ് പറഞ്ഞു.

ടീമിലെ പരിയചസമ്പന്നനായ കളിക്കാരനെന്ന നിലയില്‍ സഞ്ജുവിന് ഉപദേശം നല്‍കുന്നതില്‍ തനിക്ക് മടിയില്ലെന്നും മോറിസ് വ്യക്തമാക്കി. സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജുവിനെ ഈ സീസണില്‍ രാജസ്ഥാന്‍ നായകനായി തെരഞ്ഞെടുത്തത്.

സഞ്ജുവുമായി മികച്ച ബന്ധമുണ്ടെന്നതില്‍ താന്‍ ശരിക്കും ഭാഗ്യവാനാണെന്നും മോറിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജസ്ഥാനിലായിരുന്നപ്പോഴും ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നപ്പോഴും ഞാന്‍ സഞ്ജുവിനൊപ്പം ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ യുവനായകനെന്ന് മാത്രം പറയാനാവില്ല. നല്ല ക്രിക്കറ്റ് ബുദ്ധിയുള്ള മികച്ചൊരു കളിക്കാരനാണ് സഞ്ജു.

വിക്കറ്റ് കീപ്പര്‍ കൂടിയാകുന്നത് സഞ്ജുവിന് ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ മികവ് കാട്ടാനുള്ള അവസരമാണ്. കാരണം ഒരു വിക്കറ്റ് കീപ്പര്‍ക്ക് കളിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ രീതീയില്‍ സമീപിക്കാനാവും. അതുകൊണ്ടുതന്നെ അവരുടെ തന്ത്രങ്ങളും വ്യത്യസ്തമായിരിക്കും. കളിയെ ഗൗരവത്തോടെ സമീപിക്കുന്ന കളിക്കാരനാണ് സഞ്ജു.

അദ്ദേഹത്തിന് കീഴില്‍ കളിക്കാനായി കാത്തിരിക്കുകയാണ് ഞാന്‍. മത്സരസങ്ങളില്‍ സഞ്ജുവിന് ആവശ്യം വന്നാല്‍ 100 ശതമാനം പിന്തുണക്കും. ഇത്തവണത്തെ ഐപിഎല്‍ ആവേശകരമായിരിക്കുമെന്നും മോറിസ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരമായിരുന്ന മോറിസിനെ ഇത്തവണം റെക്കോര്‍ഡ് പ്രതിഫലം നല്‍കിയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

click me!