ധോണിയാവാന്‍ നോക്കേണ്ട; ഋഷഭ് പന്തിന് ഉപദേശവുമായി ഓസീസ് ഇതിഹാസം

By Web TeamFirst Published Nov 5, 2019, 9:30 PM IST
Highlights

താങ്കള്‍ അടുത്ത ധോണിയാവാനല്ല ശ്രമിക്കേണ്ടത്, സ്വന്തം കളി എങ്ങനെ മെച്ചപ്പെടുത്താമെന്നാണ്. അതുപോലെ ആരാധകരും ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും ഗില്‍ക്രിസ്റ്റ്

ദില്ലി: എം എസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് അരങ്ങേറിയതുമുതല്‍ കേള്‍ക്കുന്നതാണ് ധോണിയുമായുള്ള താരതമ്യം. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഡിആര്‍എസ് എടുത്തത് പിഴച്ചപ്പോഴും ആരാധകര്‍ ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ധോണിയാവാന്‍ നോക്കാതെ സ്വന്തം കളി പുറത്തെടുക്കാന്‍ പന്തിനെ ഉപദേശിക്കുകയാണ് ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്.

താങ്കള്‍ അടുത്ത ധോണിയാവാനല്ല ശ്രമിക്കേണ്ടത്, സ്വന്തം കളി എങ്ങനെ മെച്ചപ്പെടുത്താമെന്നാണ്. അതുപോലെ ആരാധകരും ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും ഗില്‍ക്രിസ്റ്റ് അഭിപ്രായപ്പെട്ടു. ധോണിയുടെ നിലവാരത്തിലെത്താന്‍ ഒരുപാട് കാലം കളിക്കേണ്ടിവരും. ഒരുദിവസം ആരെങ്കിലും ധോണിയ്ക്കൊപ്പം എത്തുമോ എന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്. അതിന് സാധ്യത വിരളമാണ്.

പ്രതിഭാധനനായ കളിക്കാരനാണ് ഋഷഭ് പന്ത്. അതുകൊണ്ടുതന്നെ അയാള്‍ക്കുമേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തരുത്. എല്ലാ ദിവസവും അയാള്‍ക്ക് ധോണിയെപ്പോലെ കളിക്കാനാവില്ല. അതുകൊണ്ടുതന്നെ പന്തിന് നല്‍കാനുള്ള ഉപദേശം, ധോണി ചെയ്ത കാര്യങ്ങളൊക്കെ മറന്നേക്കു, ധോണിയാവാനും ശ്രമിക്കേണ്ട, ഋഷഭ് പന്ത്  എന്ന നലിയില്‍ താങ്കളുടെ മികവ് പുറത്തെടുക്കുകയാണ് വേണ്ടതെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

click me!