ന്യൂസിലന്‍ഡിനെതിരായ ടി20-യില്‍ ഇഷാന്‍ കിഷന്‍ സെഞ്ചുറി നേടിയതോടെ ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി സഞ്ജു സാംസണും കിഷനും തമ്മിലുള്ള മത്സരം കടുത്തു. 

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20-യില്‍ ഇഷാന്‍ കിഷന്റെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഇഷാന്‍, വെറും 43 പന്തില്‍ നിന്ന് 103 റണ്‍സ് അടിച്ചുകൂട്ടി തന്റെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ചുറി തികച്ചു. നായകന്‍ സൂര്യകുമാര്‍ യാദവിനൊപ്പം (137 റണ്‍സിന്റെ കൂട്ടുകെട്ട്) ചേര്‍ന്ന ഇഷാന്റെ പ്രകടനം ഇന്ത്യയെ 271 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു. 46 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പര 4-1 ന് സ്വന്തമാക്കി.

സഞ്ജു സാംസണും ലോകകപ്പ് സെലക്ഷനും

ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കുമ്പോള്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായിരുന്നു സഞ്ജു. ഇഷാന്‍ സഞ്ജുവിന്റെ ബാക്ക് അപ്പും. എന്നാല്‍ തിലക് വര്‍മയ്ക്ക് പരിക്കേറ്റതോടെ കിഷന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചു. അവസരം ശരിക്കും മുതലാക്കുകയായിരുന്നു താരം. സഞ്ജുവാകട്ടെ ശരിക്കും പതറി. 5 മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് 46 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. ഇതോടെ സഞ്ജുവിനെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോകകപ്പ് ഓപ്പണറായേക്കുമെന്ന ചര്‍ച്ചകള്‍ ഇതോടെ ശക്തമായി.

ഫെബ്രുവരി 7ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ അമേരിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ലോകകപ്പില്‍ അഭിഷേക് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് സൂര്യകുമാര്‍ നല്‍കിയത്. ''ഇഷാനാണോ സഞ്ജുവാണോ പ്ലേയിംഗ് ഇലവനില്‍ ഉണ്ടാവുകയെന്ന് ഫെബ്രുവരി 7ന് നിങ്ങള്‍ക്കറിയാം. ടീമിലെ 15 പേരും കളിക്കാന്‍ അര്‍ഹതയുള്ളവരാണ്. ഇത് സെലക്ടര്‍മാരെ സംബന്ധിച്ച് ഒരു നല്ല തലവേദന തന്നെയാണ്.'' സൂര്യകുമാര്‍ പറഞ്ഞു.

തിലക് വര്‍മ്മയുടെ തിരിച്ചുവരവ്

പരിക്കേറ്റ് വിശ്രമത്തിലായിരുന്ന തിലക് വര്‍മ്മ തിരിച്ചെത്തുന്നതിനെക്കുറിച്ചും സൂര്യകുമാര്‍ അപ്ഡേറ്റ് നല്‍കി. തിലക് ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെന്നും താരം മൂന്നാം നമ്പറില്‍ തിരിച്ചെത്തുകയാണെങ്കില്‍ ടീമിന്റെ കരുത്ത് വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൂര്യകുമാറിന്റെ 'പ്ലെയര്‍ ഓഫ് ദി സീരീസ്

തന്റെ ഫോമിനെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചവര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കിയാണ് സൂര്യകുമാര്‍ ഈ പരമ്പര അവസാനിപ്പിച്ചത്. പരമ്പരയിലുടനീളം ബാറ്റിംഗില്‍ തിളങ്ങിയ സൂര്യകുമാര്‍ 'പ്ലെയര്‍ ഓഫ് ദി സീരീസ്' പുരസ്‌കാരവും സ്വന്തമാക്കി. ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിച്ച അവസാന ടി20 മത്സരം വിജയത്തോടെയും ആത്മവിശ്വാസത്തോടെയും പൂര്‍ത്തിയാക്കാന്‍ ടീമിന് സാധിച്ചു.

YouTube video player