ന്യൂസിലന്‍ഡിനെതിരായ ടി20-യില്‍ സഞ്ജു സാംസണ് പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായത് മുന്‍കൂട്ടി തീരുമാനിച്ച പ്ലാനിന്റെ ഭാഗമായാണെന്ന് നായകന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20-യില്‍ സഞ്ജു സാംസണ് പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസ് അണിഞ്ഞത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. സ്വന്തം തട്ടകത്തില്‍ സഞ്ജുവില്‍ നിന്ന് കീപ്പിംഗ് മാറ്റിയത് താരത്തിന്റെ ലോകകപ്പ് സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നെങ്കിലും, മത്സരശേഷം നായകന്‍ സൂര്യകുമാര്‍ യാദവ് കാര്യങ്ങള്‍ വ്യക്തമാക്കി. ഇഷാന് ഗ്ലൗ നല്‍കിയത് ലോകകപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായിരുന്നു എന്നാണ് പൊതുവെയുള്ള സംസാരം. എന്നാലിപ്പോള്‍ വ്യക്തത നല്‍കുകയാണ് സൂര്യകുമാര്‍.
മുന്‍കൂട്ടി തീരുമാനിച്ച മാറ്റം
ന്യൂസിലന്‍ഡിനെ 46 റണ്‍സിന് തകര്‍ത്ത് പരമ്പര 4-1 ന് സ്വന്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു സൂര്യകുമാര്‍. സഞ്ജുവിന്റെ മോശം ഫോമല്ല, മറിച്ച് നേരത്തെ തീരുമാനിച്ച പ്ലാന്‍ പ്രകാരമാണ് ഇഷാന്‍ കീപ്പറായതെന്ന് അദ്ദേഹം പറഞ്ഞു. ''തിലക് വര്‍മ ലഭ്യമല്ലാത്തതിനാല്‍ ആദ്യ മത്സരം മുതല്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരും പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. പരമ്പര തുടങ്ങും മുന്‍പേ ഞങ്ങള്‍ ഒരു തീരുമാനമെടുത്തിരുന്നു. സഞ്ജു മൂന്ന് മത്സരങ്ങളിലും ഇഷാന്‍ രണ്ട് മത്സരങ്ങളിലും കീപ്പിംഗ് നടത്തുമെന്ന്. പരിക്കു കാരണം ഇഷാന് കഴിഞ്ഞ മത്സരം നഷ്ടമായെങ്കിലും, ഇന്നത്തെ മത്സരത്തില്‍ അദ്ദേഹം കീപ്പറാകുമെന്ന് നേരത്തെ ഉറപ്പിച്ചതാണ്.'' സൂര്യകുമാര്‍ വ്യക്തമാക്കി.
ഇഷാന്റെ 'സെഞ്ച്വറി' ഷോ
മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ഇഷാന്‍ കിഷന്‍ കളം നിറഞ്ഞു. തന്റെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി നേടിയ ഇഷാന്റെ കരുത്തില്‍ ഇന്ത്യ 20 ഓവറില്‍ 272 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. സൂര്യകുമാറിന്റെ അര്‍ദ്ധസെഞ്ച്വറിയും അഭിഷേക് ശര്‍മ്മയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും ഇന്നിംഗ്സുകളും ഇന്ത്യയ്ക്ക് തുണയായി. മറുപടി ബാറ്റിംഗില്‍ ഫിന്‍ അലന്‍ (38 പന്തില്‍ 80) വെടിക്കെട്ട് നടത്തിയെങ്കിലും ന്യൂസിലന്‍ഡിന് ലക്ഷ്യത്തിലെത്താനായില്ല.
ഗെയിം ചേഞ്ചര്‍
ഇഷാന്‍ കിഷന്റെയും അഭിഷേക് ശര്‍മ്മയുടെയും ബാറ്റിംഗ് ശൈലിയെ നായകന്‍ വാനോളം പുകഴ്ത്തി. ''ഇഷാന്‍ തന്റെ സ്വാഭാവികമായ ശൈലിയില്‍ തന്നെ കളിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അഭിഷേകും ഇഷാനും ചേര്‍ന്ന് നല്‍കുന്ന തുടക്കം മിഡില്‍ ഓര്‍ഡറിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഞ്ജു ബാറ്റിംഗില്‍ പതറുന്നുണ്ടെങ്കിലും ടീം എന്ന നിലയില്‍ ഇന്ത്യ ശക്തമായ ഫോമിലാണെന്നും ലോകകപ്പിന് മുന്‍പ് എല്ലാ പരീക്ഷണങ്ങളും വിജയകരമാണെന്നും സൂര്യകുമാര്‍ സൂചിപ്പിച്ചു. ഫെബ്രുവരി 7ന് ആരംഭിക്കുന്ന ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിച്ച അവസാന ടി20 മത്സരമായിരുന്നു ഇത്.

