കിഷനും രാഹുലും സഞ്ജുവുമുണ്ട്, ഏകദിന ലോകകപ്പില്‍ ആര് കീപ്പറാകുമെന്ന ചോദ്യത്തിന് മറുപടിയുമായി ദ്രാവിഡ്

By Web TeamFirst Published Jan 24, 2023, 11:40 AM IST
Highlights

ഒരു ബാറ്ററെ കൂടി ഉള്‍പ്പെടുത്താനായി മുമ്പ് രാഹുല്‍ ദ്രാവിഡിനെ കീപ്പറാക്കിയതുപോല കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയുള്ള പരീക്ഷണമാകുമോ ഏകദിന ലോകകപ്പില്‍ ഇന്ത്യ നടത്തുക എന്ന ചോദ്യത്തിനായിരുന്നു ദ്രാവിഡ് മറുപടി നല്‍കിയത്.

ഇന്‍ഡോര്‍: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനം സ്വന്തമാക്കാന്‍ യുവതാരങ്ങള്‍ക്കിടയില്‍ കടുത്ത മത്സരമാണ്. റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റതിനാല്‍ ലോകകപ്പില്‍ കളിക്കാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. റിഷഭ് പന്തിന് പകരം ഇഷാന്‍ കിഷനെയാണ് നിലവില്‍ ആദ്യ ചോയ്സായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബംഗ്ലാദേശിനെതിരായ ഏകദിന ഡബിള്‍ സെഞ്ചുറിയിലൂടെ മറ്റ് യുവതാരങ്ങളെക്കാള്‍ മുന്‍തൂക്കം കിഷന്‍ നേടുകയും ചെയ്തിട്ടുണ്ട്. കെ എല്‍ രാഹുലും മലയാളി താരം സഞ്ജു സാംസണും കെ എസ് ഭരതും ജിതേഷ് ശര്‍മയുമെല്ലാം ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറാകാനുള്ള മത്സരത്തിലുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ പരിക്കേറ്റ് പുറത്തായ സഞ്ജു ഇപ്പോള്‍ തിരിച്ചുവരാനുള്ള പരിശ്രമത്തിലുമാണ്. ഈ സാഹചര്യത്തില്‍ ലോകകപ്പില്‍ ആരാകും ഇന്ത്യന്‍ കീപ്പറാകുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദ്രാവിഡ് ലോകകപ്പില്‍ ആരെയാണ് കീപ്പറായി പരിഗണിക്കുക എന്ന സൂചന നല്‍കിയത്.

ഒരു ബാറ്ററെ കൂടി ഉള്‍പ്പെടുത്താനായി മുമ്പ് രാഹുല്‍ ദ്രാവിഡിനെ കീപ്പറാക്കിയതുപോല കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയുള്ള പരീക്ഷണമാകുമോ ഏകദിന ലോകകപ്പില്‍ ഇന്ത്യ നടത്തുക എന്ന ചോദ്യത്തിനായിരുന്നു ദ്രാവിഡ് മറുപടി നല്‍കിയത്. വിക്കറ്റ് കീപ്പറായ ബാറ്ററെയാണ് നമ്മള്‍ നോക്കുന്നത്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. എം എസ് ധോണിക്കുശേഷം നിര്‍ഭാഗ്യവശാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അതുപോലെയുള്ള സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരുണ്ടായിട്ടില്ല. എന്നാല്‍ നമ്മള്‍ അക്കാര്യത്തില്‍ ഭാഗ്യവാന്‍മാരാണ്. ന്യൂസിലന്‍ഡിനെതിരെ കളിക്കുന്ന ടീമില്‍ ഇഷാന്‍ കിഷനും ശ്രീകര്‍ ഭരതുമുണ്ട്.

മുഹമ്മദ് ഷമിക്ക് തിരിച്ചടി; മുന്‍ ഭാര്യ ഹസിന്‍ ജഹാന് പ്രതിമാസം 50000 രൂപ വീതം ജീവനാംശം നല്‍കണമെന്ന് കോടതി

രണ്ട് പേരും കീപ്പര്‍മാരാണെന്നതുപോലെ നല്ല ബാറ്റര്‍മാരുമാണ്. അതുപോലെ കെ എല്‍ രാഹുലും സഞ്ജു സാംസണുമുണ്ട്. നിര്‍ഭാഗ്യവശാല്‍ റിഷഭ് പന്തിന് പരിക്കേറ്റ് പുറത്ത് പോവേണ്ടിവന്നു. ഇവരെല്ലാം മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ്. ഇന്നത്തെ കാലത്ത് വിക്കറ്റ് കീപ്പര്‍ നല്ല ബാറ്ററുമായിരിക്കണം. ടി20 ടീമിലെടുത്ത ജിതഷ് ശര്‍മയെയും ഇവരുടെ കൂട്ടത്തില്‍ ചേര്‍ക്കാവുന്നതാണ്. അതിവേഗം സ്കോര്‍ ചെയ്യാനുള്ള മിടുക്കാണ് ജിതേഷിനെ വേറിട്ടു നിര്‍ത്തുന്നത്. എല്ലാ ടീമുകളും നല്ല വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെ തന്നെയാണ് ടീമിലേക്ക് നോക്കുക എന്നും ദ്രാവിഡ് പറഞ്ഞു.

ഏകദിന ലോകകപ്പില്‍ സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറെ തന്നെയാവും ഇന്ത്യ ടീമിലുള്‍പ്പെടുത്തുക എന്നതിന്‍റെ സൂചനയാണ് ദ്രാവിഡിന്‍റെ വാക്കുകള്‍. കെ എല്‍ രാഹുലിനെ ടീമിലെടുക്കുകയാണെങ്കില്‍ ബാറ്ററായിട്ടായിരിക്കും എന്നും ദ്രാവിഡിന്‍റെ വാക്കുകള്‍ സൂചിപ്പിക്കുന്നു. സഞ്ജു അടക്കമുള്ള യുവ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ദ്രാവിഡിന്‍റെ വാക്കുകള്‍.

click me!