'ഭാര്യ നല്‍കിയ ഉപദേശം വഴിത്തിരിവായി'; ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട നിരാശയില്‍ നിന്ന് കരകയറിയതെങ്ങനെയെന്ന് വ്യക്തമാക്കി സൂര്യകുമാര്‍

Published : Nov 11, 2026, 05:24 PM IST
suryakumar yadav

Synopsis

ടി20 ലോകകപ്പിന് ശേഷം ടീമിൽ നിന്ന് പുറത്തായ സൂര്യകുമാർ യാദവ് ഭാര്യയുടെ ഉപദേശത്തോടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താനാണ് താരത്തിന്റെ ലക്ഷ്യം.

മുംബൈ: ടി20 ലോകകപ്പ് വിജയത്തിലേക്ക് ടീമിനെ നയിച്ചിട്ടും ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. എന്നാല്‍ ക്രിക്കറ്റിനോടുള്ള തന്റെ പഴയ സ്‌നേഹവും അഭിനിവേശവും ഇപ്പോള്‍ വീണ്ടെടുത്തതായും വെളിപ്പെടുത്തി. ടി20 മുംബൈ ലീഗ് സംഘടിപ്പിച്ച 'സെലിബ്രേറ്റിങ് ദി ചാമ്പ്യന്‍സ്' ചടങ്ങിലാണ് 36കാരനായ താരം മനസ് തുറന്നത്. 2026 മാര്‍ച്ച് 8ന് ന്യൂസിലാന്‍ഡിനെതിരെ നടന്ന ടി20 ലോകകപ്പ് ഫൈനലിലാണ് സൂര്യകുമാര്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്.

ആ മത്സരത്തില്‍ ഇന്ത്യ 96 റണ്‍സിന് വിജയിച്ചെങ്കിലും, ആദ്യ പന്തില്‍ തന്നെ പുറത്തായ സൂര്യകുമാറിന്റെ മോശം ഫോം പിന്നീട് ടീമില്‍ നിന്നുള്ള പുറത്താകലിലേക്ക് നയിക്കുകയായിരുന്നു. ലോകകപ്പിന് ശേഷം തിരിച്ചടികള്‍ നേരിട്ട ആദ്യ രണ്ട് മാസങ്ങള്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ മേയ് മാസത്തില്‍ മകള്‍ ജനിച്ചതോടെ തന്റെ ശ്രദ്ധ പൂര്‍ണമായും കുടുംബത്തിലേക്ക് മാറിയെന്നും അത് വലിയൊരു ആശ്വാസമായെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ഭാര്യ ദേവിഷ ഷെട്ടിയുമായി സംസാരിച്ച ശേഷമാണ് ക്രിക്കറ്റിനെ വീണ്ടും അതേ പഴയ ആവേശത്തോടെ സമീപിക്കാന്‍ തുടങ്ങിയത്.

15-ാം വയസില്‍ മുംബൈക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിച്ച അതേ അഭിനിവേശം തിരിച്ചുകൊണ്ടുവരാന്‍ ഭാര്യ നല്‍കിയ ഉപദേശമാണ് വഴിത്തിരിവായതെന്നും സൂര്യകുമാര്‍. വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ ടീമിനെ നയിച്ചുകൊണ്ട് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്നാണ് സൂര്യകുമാര്‍ പ്രതീക്ഷിക്കുന്നത്. ഐ പി എല്‍ കരാറുകള്‍ നേടുന്നതാവരുത് യുവതാരങ്ങളുടെ അന്തിമ ലക്ഷ്യമെന്നും, മുംബൈക്ക് വേണ്ടിയും രാജ്യത്തിന് വേണ്ടിയും കളിക്കുക എന്നതിനായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇത്തവണത്തെ രഞ്ജി ട്രോഫിയുടെ ആദ്യ ഘട്ട മത്സരങ്ങള്‍ക്കുള്ള മുംബൈ ടീമില്‍ ഉള്‍പ്പെടുത്താത്തതിലെ നിരാശയും അദ്ദേഹം സൂചനയായി പങ്കുവെച്ചു. എന്നിരുന്നാലും, വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മുംബൈ താരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടെസ്റ്റ്‌ റാങ്കിംഗില്‍ ശുഭ്‌മാന്‍ ഗില്ലിനെ പിറകിലാക്കി റഹ്മത്‌ ഷാ, ചരിത്രം സൃഷ്ടിച്ച്‌ അഫ്‌ഗാനിസ്ഥാന്‍ താരം
വിട്ടുകൊടുക്കാൻ ഒരുക്കമല്ല! സൂര്യകുമാ‍ര്‍ യാദവ് ഒന്നില്‍ നിന്ന് തുടങ്ങുന്നു