
വിശാഖപട്ടണം: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയെ 50 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡിന് ആശ്വാസജയം. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ 165 റണ്‍സിന് ഓള്‍ ഔട്ടായി. 23 പന്തില്‍ 65 റണ്‍സെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. റിങ്കു സിംഗ് 30 പന്തില്‍ 39 റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 15 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി.
ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മയെ നഷ്ടമായ ഇന്ത്യക്ക് ശിവം ദുബെ ക്രിസിലുണ്ടായിരുന്നപ്പോള്‍ വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ദുബെ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായതോടെ പോരാട്ടം അവസാനിച്ചു. മൂന്ന് വിക്കറ്റെടുത്ത ക്യാപ്റ്റൻ മിച്ചല്‍ സാന്‍റ്നറാണ് കിവീസിനായി ബൗളിംഗില്‍ തിളങ്ങിയത്. ആദ്യ മൂന്ന് കളികളും ജയിച്ച് ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു, പരമ്പരയിലെ അവസാന മത്സരം ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. സ്കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 215-7, ഇന്ത്യ 18.4 ഓവറില്‍ 165ന് ഓള്‍ ഔട്ട്.
കഴിഞ്ഞ കളിയില്‍ നിന്ന് വ്യത്യസ്തമായി മാന്‍റ് ഹെന്‍റിയുടെ ആദ്യ ഓവറില്‍ സ്ട്രൈക്ക് ചെയ്തത് അഭിഷേക് ശര്‍മയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി ഹെന്‍റിയെ സിക്സ് അടിക്കാന്‍ നോക്കിയ അഭിഷേകിനെ തേര്‍ഡ്‌മാന്‍ ബൗണ്ടറിയില്‍ ഡെവോണ്‍ കോണ്‍വെ തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവാണ് മൂന്നാം നമ്പറില്‍ ക്രീസിലെത്തിയത്. ആദ്യ ഔവറില്‍ ബൗണ്ടറി നേടിയ സൂര്യ ഹെന്‍റിയുടെ റിട്ടേണ്‍ ക്യാച്ചില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ടാം ഓവറില്‍ ആദ്യ പന്ത് നേരിട്ട സഞ്ജുവിന് ആദ്യ രണ്ട് പന്തുകളില്‍ റണ്ണെടുക്കാനായില്ല. മൂന്നാം പന്തില്‍ സഞ്ജു സിംഗിളെടുത്തു. വീണ്ടും സൂര്യയുടെ ബൗണ്ടറി. എന്നാല്‍ അവസാന പന്തില്‍ സൂര്യയെ തകര്‍പ്പൻ റിട്ടേണ്‍ ക്യാച്ചിലൂടെ ജേക്കബ് ഡഫി മടക്കിയതോടെ ഇന്ത്യ പതറി.
സഞ്ജുവിന്‍റെ ആദ്യ ബൗണ്ടറി
മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഹെന്‍റിയെ ബൗണ്ടറി കടത്തിയാണ് സഞ്ജു ആദ്യ ബൗണ്ടറി നേടിയത്. അതേ ഓവറില്‍ ഒരു ബൗണ്ടറി കൂടി സഞ്ജു നേടി.പിന്നാലെ സാക്രി ഫോക്സ് എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായി സിക്സുകള്‍ പറത്തി റിങ്കു സിംഗ് അക്കൗണ്ട് തുറന്നു.ജേക്കബ് ഡഫിക്കെതിരെ പവര്‍പ്ലേയിലെ അവസാന ഓവറില്‍ സിക്സ് അടിച്ചു കരുത്തുകാട്ടിയ സഞ്ജു പവര്‍ പ്ലേയില്‍ ഇന്ത്യയെ 53 റണ്‍സിലെത്തിച്ചു. എന്നാല്‍ നല്ല തുടക്കം മുതലാക്കാനാവാതെ സഞ്ജു മിച്ചല്‍ സാന്‍റ്നറുടെ അടുത്ത ഓവറില്‍ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. 15 പന്തില്‍ 3 ബൗണ്ടറിയും ഒരു സിക്സും പറത്തിയ സഞ്ജു 24 റണ്‍സ് നേടി. പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യയും(2) സാന്‍റനര്‍ക്ക് മുന്നില്‍ വീണതോടെ ഇന്ത്യ 63-4ലേക്ക് വീണു.
റിങ്കു സിംഗും ശിവം ദുബെയും പ്രതീക്ഷ നല്‍കിയെങ്കിലും റിങ്കുവിനെ മടക്കി സാക്രി ഫോക്സ് ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. എന്നാല്‍ ഹര്‍ഷിത് റാണയെ ഒരറ്റത്ത് നിര്‍ത്തി ശിവം ദുബെ സിക്സര്‍ മഴ പെയ്യിച്ചതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. ഇഷ് സോധിയുടെ ഓവറില്‍ നാല് സിക്സ് അടക്കം 29 റണ്‍സടിച്ച ശിവം ദുബെ 15 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. എന്നാല്‍ ഹര്‍ഷിത് റാണയുടെ സ്ട്രൈറ്റ് ഡ്രൈവ് മാറ്റ് ഹെന്‍റിയുടെ കൈയില്‍ തട്ടി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റംപില്‍ തട്ടി ദുബെ നിര്‍ഭാഗ്യകരമായി റണ്ണൗട്ടായതോടെ ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു. ശിവം ദുബെ പുറത്താകുമ്പോള്‍ 15 ഓവറില്‍ 145 റണ്‍സിലെത്തിയിരുന്ന ഇന്ത്യ 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടായി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. 36 പന്തില്‍ 62 റണ്‍സെടുത്ത ടിം സൈഫര്‍ട്ടാണ് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ഡെവോണ്‍ കോണ്‍വെ 23 പന്തില്‍ 44 റണ്‍സെടുത്തപ്പോള്‍ ഗ്ലെന്‍ ഫിലിപ്സ് 16 പന്തില്‍ 24 റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ 18 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതമെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!