
ബെംഗളൂരു: ദുലീപ് ട്രോഫി ഫൈനലില്‍ മധ്യമേഖലക്കെതിരെ ദക്ഷിണമേഖലക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണ മേഖല ആദ്യ ദിനം 149 റണ്‍സിന് പുറത്തായി. 31 റണ്‍സെടുത്ത തന്‍മയ് അഗര്‍വാളാണ് ദക്ഷിണമേഖലയുടെ ടോപ് സ്കോറര്‍. ദക്ഷിണ മേഖലയുടെ ക്യാപ്റ്റനായ മലയാളി താരം മുഹമ്മദ് അസറുദ്ദീന്‍ നാലു റൺസെടുത്ത് പുറത്തായപ്പോള്‍ മറ്റൊരു മലയാളി താരമായ സല്‍മാന്‍ നിസാര്‍ 24 റണ്‍സെടുത്ത് ടീമന്‍റെ രണ്ടാമത്തെ ടോപ് സ്കോററായി. അഞ്ച് വിക്കറ്റെടുത്ത സാരാന്‍ഷ് ജെയിനും നാലു വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയയും ചേര്‍ന്നാണ് ദക്ഷിണ മേഖലയെ എറിഞ്ഞിട്ടത്. മറുപടി ബാറ്റിംഗ് തുടങ്ങിയ മധ്യമേഖല ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെന്ന നിലയിലാണ്. 28 റണ്‍സുമായി ഡാനിഷ് മലേവാറും 20 റണ്‍സുമായി അക്ഷയ് വാഡ്കറും ക്രീസില്‍.
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ദക്ഷിണ മേഖലക്ക് തുടക്കം മുതലെ തിരിച്ചടിയേറ്റു. ഒമ്പത് റണ്‍സെടുത്ത മോഹിത് കാലെയെ കുമാര്‍ കാര്‍ത്തികേയ ബൗള്‍ഡാക്കിയപ്പോള്‍ മൂന്നാം നമ്പറിലിറങ്ങിയ സ്മരണ്‍ രവിചന്ദ്രന്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി. സ്കോര്‍ 50 കടക്കും മുമ്പെ തന്‍മയ് അഗര്‍വാള്‍ റണ്ണൗട്ടായത് ദക്ഷിണ മേഖലക്ക് കനത്ത തിരിച്ചടിയായി. ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ ഒമ്പത് പന്തുകള്‍ നേരിട്ട് നാലു റണ്‍സ് മാത്രമെടുത്ത് മടങ്ങിയപ്പോള്‍ ദക്ഷിണമേഖല 67-ലേക്ക് തകര്‍ന്നടിഞ്ഞു.
റിക്കി ബൂയിയും സല്‍മാന്‍ നിസാറും ചേര്‍ന്ന് ദക്ഷിണ മേഖലക്ക് പ്രതീക്ഷ നല്‍കിയെങ്കിലും റിക്കി ബൂയിയെ(15) വിക്കറ്റിന് മുന്നില്‍ കുടുക്കിയ സാരാന്‍ഷ് ജെയിന്‍ വീണ്ടും പ്രഹരമേല്‍പ്പിച്ചു. പൊരുതി നിന്ന സല്‍മാന്‍ നിസാറിനെ മധ്യമേഖല ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ പറന്നുപിടിച്ചതോടെ ദക്ഷിണമേഖലയുടെ അവസാന പ്രതീക്ഷയും നഷ്ടമായി. വാലറ്റത്ത് അങ്കിത് ശര്‍മ(20), മലയാളി താരം എം ഡി നിധീഷ്(12), ആന്ദ്രെ സിദ്ധാര്‍ത്ഥ്(12) എന്നിിവര്‍ നടത്തിയ ചെറുത്തുനില്‍പ്പ് ദക്ഷിണ മേഖലയെ 149ല്‍ എത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക