
ചെന്നൈ: ഏഷ്യാ കപ്പില്‍ ആശങ്കകളെയെല്ലാം ബൗണ്ടറി കടത്തി യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയതിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ മുന്‍താരം ആര്‍ അശ്വിന്‍. സഞ്ജുവിന് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കുന്ന പിന്തുണ അതിശയിപ്പിക്കുന്നതാണെന്ന് അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഏഷ്യാ കപ്പിൽ യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. അതേസമയം സഞ്ജുവിന് ലഭിക്കുന്ന പിന്തുണയില്‍ സന്തോഷവും തോന്നി. സഞ്ജുവിന് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നല്‍കുന്ന പിരഗണന അത്ഭുതപ്പെടുത്തുന്നതാണ്. ഏഷ്യാ കപ്പിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ സൂര്യ സഞ്ജുവിന്‍റെ കാര്യം ഞങ്ങള്‍ നന്നായി നോക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. അത് മത്സരത്തിലും പ്രകടമായിരുന്നു. അതേസമയം, സഞ്ജു പ്ലേയിംഗ് ഇലവനില്‍ കളിക്കുകയാണെങ്കില്‍ ടോപ് ഓര്‍ഡറില്‍ തന്നെ ബാറ്റിംഗിന് അവസരം നല്‍കണമെന്നും അശ്വിന്‍ പറഞ്ഞു. സഞ്ജു പവര്‍പ്ലേയില്‍ കരുത്തുകാട്ടുന്ന കളിക്കാരനാണ്. അതുകൊണ്ട് അവനെ ഓപ്പണറായി പരിഗണിച്ചില്ലെങ്കില്‍ പോലും പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടമായാല്‍ ബാറ്റിംഗിന് ഇറക്കണം.
സഞ്ജുവിനെ ഞാന്‍ അഭിമുഖം നടത്തിയപ്പോള്‍ അവന്‍ ഗംഭീര്‍ പറഞ്ഞ കാര്യം എന്നോട് പറഞ്ഞിരുന്നു. തുടര്‍ച്ചയായി 21 ഡക്കുകള്‍ അടിച്ചാലും 22-ാം മത്സരത്തിനും അവനെ കളിപ്പിക്കുമെന്ന് ഗംഭീര്‍ പറഞ്ഞതായി അവന്‍ വെളിപ്പെടുത്തിയിരുന്നു. അതാണ് കോച്ചും ക്യാപ്റ്റനും അവന് നല്‍കുന്ന ആത്മവിശ്വാസം. സഞ്ജുവിന്‍റെ കഴിവില്‍ ടീം മാനേജ്മെന്‍റിന് പൂര്‍ണവിശ്വാസമുണ്ട്. അതുകൊണ്ടാണ് അവനെ അഞ്ചാമനായിട്ടാണെങ്കിലും ഇന്നലെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയതെന്നും അശ്വിന്‍ പറഞ്ഞു.ഇന്നലെ യുഎഇക്കെതിരായ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ചെങ്കിലും സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ വിക്കറ്റിന് പിന്നില്‍ രണ്ട് ക്യാച്ചുകളുമായി സഞ്ജു തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക