ആരാധകർക്ക് നിരാശ, ഐപിഎല്ലിൽ ഇത്തവണ 'ട്രാവിഷേക്' വെടിക്കെട്ടില്ല; ഹൈദരാബാദിനെ ഞെട്ടിച്ച് ട്രാവിസ് ഹെഡിന്‍റെ പിന്മാറ്റം

Published : Nov 17, 2026, 02:09 PM IST
Abhishek Sharma and Travis Head

Synopsis

അടുത്ത ഐപിഎൽ സീസണിൽ നിന്ന് ഓസ്‌ട്രേലിയൻ സൂപ്പർ താരം ട്രാവിസ് ഹെഡ് പിന്മാറുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര മത്സരങ്ങളിലെ ജോലിഭാരം കുറയ്ക്കുന്നതിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരത്തിൻ്റെ ഈ തീരുമാനം.

ഹൈദരാബാദ്: ഐപിഎൽ 2027 സീസണിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. ടീമിന്‍റെ വെടിക്കെട്ട് ഓപ്പണറും ഓസ്‌ട്രേലിയൻ സൂപ്പർ താരവുമായ ട്രാവിസ് ഹെഡ് ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ നിന്ന് പിന്മാറാനൊരുങ്ങുന്നതായി ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇതോടെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ഓപ്പണിംഗ് സഖ്യങ്ങളിലൊന്നായ ട്രാവിസ് ഹെഡ് - അഭിഷേക് ശർമ്മ കൂട്ടുകെട്ടിന് താൽക്കാലിക വിരാമമാകും.

തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമം പരിഗണിച്ച് ജോലിഭാരം ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് വരാനിരിക്കുന്ന ഐപിഎൽ സീസണിൽ നിന്ന് വിട്ടുനിൽക്കാൻ ഹെഡ് തീരുമാനിച്ചത്. ഇക്കാര്യം താരം സൺറൈസേഴ്സ് ടീം മാനേജ്‌മെന്റിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. റീട്ടെൻഷൻ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് മുന്നോടിയായാണ് ഈ നിർണായക നീക്കം. ട്രാവിസ് ഹെഡിന്‍റെ പിന്‍മാറ്റം ഹൈദരാബാദിന്‍റെ ബാറ്റിംഗ് നിരയിൽ വലിയ വിടവുണ്ടാക്കുമെങ്കിലും, ഡിസംബർ 16-ന് ഗോവയിൽ നടക്കുന്ന മിനി ലേലത്തിൽ ടീമിന്‍റെ പേഴ്സിലേക്ക് 14 കോടി രൂപ കൂടി അധികമായി എത്താൻ ഇത് വഴിയൊരുക്കും.

2025 മെഗാ ലേലത്തിന് മുന്നോടിയായി 14 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഹെഡിനെ നിലനിർത്തിയിരുന്നത്. ഐപിഎൽ റീട്ടെൻഷൻ നിയമങ്ങൾ പ്രകാരം, ഹെഡിനെ റിലീസ് ചെയ്യുന്നതിലൂടെ ഈ 14 കോടി രൂപ പൂർണ്ണമായും ടീമിന്‍റെ ലേലത്തുകയിലേക്ക് തിരികെ ലഭിക്കും. ഹെൻറിച്ച് ക്ലാസൻ (23 കോടി), പാറ്റ് കമ്മിൻസ് (18 കോടി), അഭിഷേക് ശർമ്മ (14 കോടി), നിതീഷ് കുമാർ റെഡ്ഡി (6 കോടി) എന്നിവരാണ് ഹൈദരാബാദ് നിലനിർത്തിയ മറ്റ് പ്രധാന താരങ്ങൾ. 2027-ൽ ഓസ്‌ട്രേലിയൻ ടീമിന് മുന്നിലുള്ള സുപ്രധാന അന്താരാഷ്ട്ര പരമ്പരകളാണ് ഹെഡിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. അടുത്ത വർഷം 20 ടെസ്റ്റ് മത്സരങ്ങളാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. കൂടാതെ, ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ജൂൺ മുതൽ ഓഗസ്റ്റ് വരെ നടക്കുന്ന ആഷസ് പരമ്പര, ഒക്ടോബർ-നവംബർ മാസങ്ങളിലായി ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവയും ഓസ്‌ട്രേലിയയ്ക്ക് മുന്നിലുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ദേശീയ ടീമിന്‍റെ മത്സരങ്ങൾക്ക് മുൻഗണന നൽകുന്നതിനായി താരങ്ങൾക്ക് ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് ഓസ്‌ട്രേലിയൻ മുഖ്യ പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് നേരത്തെ സൂചിപ്പിച്ചിരുന്നു. 2024-ലെ ലേലത്തിൽ 6.8 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് ട്രാവിസ് ഹെഡിനെ സ്വന്തമാക്കിയത്. ടീമിൽ ഒരു ഇടംകൈയ്യൻ ഓപ്പണറെ നിർബന്ധമായും വേണമെന്ന മുഖ്യ പരിശീലകൻ ഡാനിയൽ വെട്ടോറിയുടെ തീരുമാനപ്രകാരമായിരുന്നു അത്. കഴിഞ്ഞ സീസണുകളിൽ അഭിഷേക് ശർമ്മയ്ക്കൊപ്പം ചേർന്ന് പവർപ്ലേ ഓവറുകളിൽ എതിരാളികളെ തകർത്തെറിഞ്ഞ ഹെഡിന് പകരക്കാരനെ കണ്ടെത്തുക എന്നതായിരിക്കും ഗോവയിൽ നടക്കുന്ന താരലേലത്തിൽ ഹൈദരാബാദിന്‍റെ പ്രധാന വെല്ലുവിളി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎൽ റീട്ടെൻഷൻ ദിനത്തിൽ വമ്പൻ അട്ടിമറി, രാജസ്ഥാൻ വിടാനൊരുങ്ങി ജയ്‌സ്വാൾ; 43 കോടിയുടെ താരങ്ങളെ ഒഴിവാക്കാൻ കൊല്‍ക്കത്ത
ഇന്ത്യയ്‌ക്കെതിരായ വെല്ലിംഗ്ടൺ ടെസ്റ്റിന് മുമ്പ് ന്യൂസിലൻഡിന് തിരിച്ചടി; സ്റ്റാർ ഓൾറൗണ്ടർ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു