'കോലിയുടെ വീറുറ്റ ടീമിനെതിരെ മത്സരിക്കുന്നത് തന്നെ അംഗീകാരം'; വാക്‌പോരിനെ കുറിച്ച് ബട്‌ലര്‍

By Web TeamFirst Published Aug 25, 2021, 10:53 AM IST
Highlights

വിരാട് കോലിയുടെ അക്രമണോത്‌സുക സമീപനത്തെയും പോരാട്ടവീര്യത്തേയും പിന്തുണയ്‌ക്കുകയാണ് ബട്‌ലര്‍

ലീഡ്‌സ്: ഇംഗ്ലണ്ട്-ഇന്ത്യ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ഇരു ടീമിലെയും താരങ്ങള്‍ തമ്മിലുള്ള വാക്‌പോരിന് വേദിയായിരുന്നു. അഞ്ചാം ദിനം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്‌ലറും ഇതിന്‍റെ ഭാഗമാകുന്നത് ഏവരും കണ്ടു. ലോര്‍ഡ്‌സിലെ സംഭവങ്ങള്‍ ഏറെ വിമര്‍ശനവിധേയമായെങ്കിലും വിരാട് കോലിയുടെ അക്രമണോത്‌സുക സമീപനത്തെയും പോരാട്ടവീര്യത്തേയും പിന്തുണയ്‌ക്കുകയാണ് ബട്‌ലര്‍. 

'വിരാട് കോലി അവിശ്വസനീയമായ പോരാട്ടവീര്യമുള്ള താരമാണ്. വെല്ലുവിളികള്‍ താരം ഇഷ്‌ടപ്പെടുന്നു. മികച്ച ബാറ്റ്സ്‌മാനാണ്. അദേഹത്തിനെതിരെ കളിക്കുന്നത് അംഗീകാരമാണ് എന്ന് സത്യസന്ധമായി പറയാം. കോലിക്കും അദേഹത്തിന്‍റെ ടീമിനുമെതിരെ പോരടിക്കുന്നത് അംഗീകാരമാണ്. അത് ആസ്വദിക്കുന്നു. ഇംഗ്ലീഷ് ടീമിലും വളരെ മത്സരബുദ്ധിയുള്ള താരങ്ങളുണ്ട്' എന്നും ലീഡ്‌സിലെ മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ജോസ് ബട്‌ലര്‍ പറഞ്ഞു. 

ഇന്ത്യന്‍ ടീമിന്‍റെ വിജയരഹസ്യം 

'ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ പോരടിക്കുന്നത് മത്സരത്തിന്‍റെ ഭാഗമാണ്. കാഴ്‌ചക്കാരന്‍ എന്ന നിലയില്‍ അത് നയനമനോഹര കാഴ്‌ചയാണ്. രാജ്യത്തിനായി വിജയിക്കാന്‍ 22 താരങ്ങള്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായി ഇതിനെ കാണാം. ചിലപ്പോഴൊക്കെ ഇഗോയും മോശം വാക്കുകളും വന്നിട്ടുണ്ടെങ്കിലും മിക്കപ്പോഴും നല്ല സ്‌പിരിറ്റോടെയാണ് ഇത്തരം പോരാട്ടങ്ങള്‍ അരങ്ങേറിയിട്ടുള്ളത്. പരമ്പരയില്‍ എങ്ങനെ തിരിച്ചെത്താമെന്നാണ് ടീമെന്ന നിലയില്‍ ഞങ്ങള്‍ ചിന്തിക്കുന്നത്.

പരിചയസമ്പത്താണ് നിലവിലെ ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും വലിയ വ്യത്യാസം. മൂന്ന് വര്‍ഷമായി ഒന്നിച്ചുള്ള താരങ്ങളാണിവര്‍. ഏറെ അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിച്ചതിന്‍റെ പരിചയവും വിജയങ്ങളും ടീം ഇന്ത്യയുടെ ആത്മവിശ്വാസമാണ്' എന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. 

ലീഡ്സിൽ വൈകിട്ട് മൂന്നരയ്‌ക്ക് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കമാവും. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ 151 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ചത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബൗളിംഗ് നിരയാണ് കോലിപ്പയുടെ കരുത്ത്. 

ലീഡ്‌സില്‍ ലീഡ് ആര്‍ക്ക്; അറിയാം കണക്കിലെ കളികളില്‍ ടീം ഇന്ത്യയുടെ സ്ഥാനം

ഇംഗ്ലിഷ് മണ്ണിൽ പടയോട്ടം തുടരാൻ കോലിപ്പട, തിരിച്ചടിക്കാന്‍ റൂട്ടും സംഘവും; മൂന്നാം ടെസ്റ്റിന് ആവേശമേറും

ലീഡ്‌സില്‍ റെക്കോര്‍ഡ് എറിഞ്ഞിടാന്‍ ബുമ്രയും അടിച്ചെടുക്കാന്‍ റൂട്ടും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!