Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് മണ്ണിൽ പടയോട്ടം തുടരാൻ കോലിപ്പട, തിരിച്ചടിക്കാന്‍ റൂട്ടും സംഘവും; മൂന്നാം ടെസ്റ്റിന് ആവേശമേറും

ലോർഡ്സിൽ ത്രസിപ്പിക്കുന്ന വിജയം നേടിയ ടീമിൽ മാറ്റമില്ലാതെയാകും മൂന്നാം അങ്കത്തിന് ടീം ഇന്ത്യ കച്ചകെട്ടുക

india vs england third test starts today
Author
Leeds, First Published Aug 25, 2021, 12:10 AM IST

ലീഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് ഇന്ന് തുടക്കമാവും. ലീഡ്‌സില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ലോര്‍ഡ്‌സിലെ ആവേശ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. നായകന്‍ ജോ റൂട്ടിന്റെ ഹോം ഗ്രൗണ്ടില്‍ തിരിച്ചടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാകും ഇംഗ്ലണ്ട് ഇറങ്ങുക.

ലോർഡ്സിൽ ത്രസിപ്പിക്കുന്ന വിജയം നേടിയ ടീമിൽ മാറ്റമില്ലാതെയാകും മൂന്നാം അങ്കത്തിന് ടീം ഇന്ത്യ കച്ചകെട്ടുക. ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്ന് നായകന്‍ വിരാട് കോലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിജയിച്ച ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കോലി പറഞ്ഞത്. ആർക്കെങ്കിലും പരിക്കേറ്റാൽ മാത്രമേ മാറ്റങ്ങളുണ്ടാകു എന്നും നായകൻ കൂട്ടിച്ചേർത്തിരുന്നു.

ഇന്ത്യന്‍ ടീമില്‍ നാല് പേസര്‍മാരും തുടരും. രവീന്ദ്ര ജഡേജയ്ക്ക് പകരം അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചിരുന്നെങ്കിലും കോലി നിലപാട് വ്യക്തമാക്കിയതോടെ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരയുടെ പ്രകടനം മൂന്നാം ടെസ്റ്റിൽ നിർണായകമാകും.

അതേസമയം ഇംഗ്ലീഷ് ടീമില്‍ മാറ്റങ്ങളുറപ്പാണ്. റോറി ബേണ്‍സിനൊപ്പം ഹസീബ് ഹമീദ് ഇന്നിംഗ്‌സ് തുറക്കാനെത്തിയേക്കും. മൂന്നാം സ്ഥാനത്തിനായി ഒലി പോപ്പും ഡേവിഡ് മലനും മത്സരിക്കുന്നു. പേസര്‍ മാര്‍ക് വുഡ് പരിക്കേറ്റ് പിന്‍മാറിയത് തിരിച്ചടിയാവും. പകരം സാഖിബ് മഹ്‌മൂദോ ക്രെയ്ഗ് ഒവേര്‍ട്ടനോ ടീമിലെത്തിയേക്കും. നായകൻ ജോ റൂട്ടിന്റെ ബാറ്റിംഗ് മികവ് തന്നെയാകും ഇക്കുറിയും ഇംഗ്ലണ്ടിന് നിർണായകം.

ഒന്നാം ടെസ്റ്റ് മഴയില്‍ കുതിര്‍ന്നെങ്കിലും ലോര്‍ഡ്‌സില്‍ 151 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. ഇതോടെ അ‍ഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. മൂന്നാം ടെസ്റ്റിലും ജയമാവർത്തിച്ച് പരമ്പര നഷ്ടമാകില്ലെന്ന് ഉറപ്പിക്കാനാകും കോലിയും കൂട്ടരും കളത്തിലെത്തുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios