ലീഡ്‌സിലെ അവസാന രണ്ട് മത്സരങ്ങളിലുള്ള റെക്കോര്‍ഡ് ഇന്ത്യന്‍ ടീമിന് കരുത്തുപകരുന്നതാണ്

ലീഡ്‌സ്: ഇംഗ്ലണ്ട്-ഇന്ത്യ മൂന്നാം ടെസ്റ്റില്‍ കൂടുതല്‍ വിജയസാധ്യത നിലവിലെ ഫോം വച്ച് കോലിപ്പടയ്‌ക്കാണ് എന്നതില്‍ സംശയമില്ല. ലീഡ്‌സിലെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിലുള്ള റെക്കോര്‍ഡും ഇന്ത്യന്‍ ടീമിന് കരുത്തുപകരുന്നതാണ്. അതേസമയം ആതിഥേയര്‍ ലീഡ്‌സില്‍ ഇന്ത്യക്കെതിരെ വിജയിച്ചിട്ട് അഞ്ച് പതിറ്റാണ്ട് പിന്നിട്ടു. 

ലീഡ്സിലെ ഏഴാം ടെസ്റ്റിനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇതുവരെയുള്ള കളികളില്‍ 3-2ന് നേരിയ മുന്‍തൂക്കം ഇംഗ്ലണ്ടിനൊപ്പമാണെങ്കിലും അവസാന രണ്ട് മത്സരങ്ങളിലും ജയം ഇന്ത്യക്കായിരുന്നു. 1986ല്‍ കപില്‍ ദേവിന്‍റെ സംഘം ലീഡ്‌സില്‍ വിജയിച്ചതാണ് ആദ്യത്തേത്. 2002ൽ സൗരവ് ഗാംഗുലിയുടെ ടീം അവസാനം ലീഡ്സില്‍ ഇറങ്ങിയപ്പോള്‍ ഐതിഹാസിക ജയം സ്വന്തമാക്കി. ഇന്നിംഗ്സിനും 46 റൺസിനുമാണ് ദാദപ്പട അന്ന് ജയിച്ചത്. അതേസമയം 1967ലാണ് ഇംഗ്ലണ്ട് ഈ വേദിയില്‍ അവസാനമായി ജയിച്ചത്. 1952ലും 1959ലുമായിരുന്നു ആതിഥേയരുടെ മറ്റ് വിജയങ്ങള്‍. 1979ലെ മത്സരം സമനിലയില്‍ അവസാനിച്ചു.

ലീഡ്സിൽ വൈകിട്ട് മൂന്നരയ്‌ക്കാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് തുടക്കമാവുക. ലോർഡ്സിലെ രണ്ടാം ടെസ്റ്റില്‍ 151 റൺസിന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ട്രെന്‍ഡ് ബ്രിഡ്‌ജിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. അതേസമയം ലോർഡ്സിലെ തോൽവിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഇംഗ്ലണ്ട് പരിക്കിന്റെ പിടിയിലാണ്. പേസർ മാർക് വുഡ് ലീഡ്സിൽ കളിക്കില്ല. പകരം സാഖിബ് മഹ്മൂദോ ക്രെയ്ഗ് ഒവേർട്ടനോ ടീമിലെത്തും. 

റോറി ബേൺസിനൊപ്പം ഹസീബ് ഹമീദ് ഓപ്പണറാവും. 2012ന് ശേഷം ഇംഗ്ലണ്ടിന്റെ ഇരുപത്തിരണ്ടാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടായിരിക്കും ഇത്. ഒലി പോപ്പും ഡേവിഡ് മലനും മൂന്നാം സ്ഥാനത്തിനായി മത്സരിക്കുന്നു. ജോ റൂട്ടിന്റെ ഹോം ഗ്രൗണ്ടിൽ നായകന്റെ ബാറ്റിലേക്ക് തന്നെയാണ് ഇംഗ്ലണ്ട് ഉറ്റുനോക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona