ഇഷാന്തിന്‍റെ ഫിറ്റ്‌നസില്‍ ആര്‍ക്കും സംശയം വേണ്ട; വിമര്‍ശനങ്ങള്‍ക്ക് ഷമിയുടെ മറുപടി

By Web TeamFirst Published Aug 27, 2021, 3:11 PM IST
Highlights

ഇംഗ്ലീഷ് ഓപ്പണര്‍മാരെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാംദിനവും ഇഷാന്തിന് തന്നെ കോലി ന്യൂബോള്‍ നല്‍കിയിരുന്നു

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ വിമര്‍ശനം നേരിടുന്ന ഇഷാന്ത് ശര്‍മ്മയ്‌ക്ക് പിന്തുണയുമായി സഹപേസര്‍ മുഹമ്മദ് ഷമി. ഇഷാന്തിന്‍റെ ഫിറ്റ്‌നസില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നാണ് ഷമിയുടെ പ്രതികരണം. 

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര വെറും 78 റണ്‍സിന് തകര്‍ന്ന് തരിപ്പിണമായപ്പോള്‍ ഇഷാന്ത് ശര്‍മ്മയെ പന്തേല്‍പിച്ചാണ് വിരാട് കോലി തുടങ്ങിയത്. ഇംഗ്ലീഷ് ഓപ്പണര്‍മാരെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാംദിനവും ഇഷാന്തിന് തന്നെ കോലി ന്യൂബോള്‍ നല്‍കി. എന്നാല്‍ 22 ഓവര്‍ എറിഞ്ഞ് 92 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് വിക്കറ്റൊന്നും നേടാനായില്ല. വിക്കറ്റില്ലാത്ത ഏക ഇന്ത്യന്‍ ബൗളറായി ഇഷാന്ത്.

ഇതോടെയാണ് ഇഷാന്തിന്‍റെ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ സംശയം ഉടലെടുത്തത്. ഓപ്പണിംഗ് സ്‌പെല്‍ എറിയാന്‍ ഇഷാന്തിനെ വിളിച്ചതിനെ ഇന്ത്യന്‍ മുന്‍താരം അജിത് അഗാര്‍ക്കര്‍ ആദ്യദിനം വിമര്‍ശിച്ചിരുന്നു. ഇത് വകവെക്കാതെയാണ് രണ്ടാംദിനവും ഇഷാന്തിനെ തന്നെ ഓപ്പണിംഗ് സ്‌പെല്‍ കോലി ഏല്‍പിച്ചത്. ക്യാപ്റ്റന്‍റെ വിശ്വാസം കാക്കാന്‍ താരത്തിനായില്ല. 

ഷമിയുടെ വാക്കുകള്‍ 

'ചില നേരങ്ങളില്‍ ബൗളറുടെ കൈയ്യില്‍ നിന്ന് പന്ത് അത്ര നന്നായി വരില്ല. ടീം ഏറെ നേരം ഫീല്‍ഡിലുണ്ടെങ്കില്‍ 3-4 ഓവറുകളുള്ള ചെറിയ സ്‌പെല്ലുകള്‍ മാത്രമേ നായകന്‍ ഏല്‍പിക്കൂ. ടെസ്റ്റില്‍ 7-8 ഓവറുകള്‍ നീണ്ട സ്‌പെല്ലുകള്‍ എപ്പോഴും ആവശ്യമില്ല. ഇന്നിംഗ്‌സ് നന്നായി ആരംഭിക്കുകയും അവസാനിപ്പിക്കുകയും ഇഷാന്ത് ചെയ്തിട്ടുണ്ട്. അതിനാല്‍ താരത്തിന്‍റെ ഫിറ്റ്‌നസില്‍ സംശയിക്കേണ്ടതില്ല. ഏത് ബൗളര്‍ വേണം, എത്ര ഓവര്‍ എറിയണം, ചെറുതോ വലുതോ ആയ സ്‌പെല്‍ വേണോ എന്ന കാര്യങ്ങള്‍ ബൗളറല്ല, നായകനാണ് തീരുമാനമെടുക്കുന്നത്' എന്നും ലീഡ്‌സിലെ രണ്ടാംദിനത്തിന് ശേഷം ഷമി പറഞ്ഞു. 

അതേസമയം രണ്ടാംദിനം നിര്‍ണായക ബ്രേക്ക്‌ത്രൂകള്‍ ഇന്ത്യക്ക് നല്‍കാന്‍ മുഹമ്മദ് ഷമിക്കായിരുന്നു. റോറി ബേണ്‍സ്, ജോണി ബെയര്‍സ്റ്റോ, ജോസ് ബട്‌ലര്‍ എന്നീ ബാറ്റ്സ്‌മാന്‍മാരെ ഷമിയാണ് പുറത്താക്കിയത്.

ഇംഗ്ലണ്ടിന് വമ്പന്‍ ലീഡ്

എന്നാല്‍ ഇതിനകം ആദ്യ ഇന്നിംഗ്‌സില്‍ 345 റൺസിന്‍റെ ഹിമാലയന്‍ ലീഡ് ഇംഗ്ലണ്ട് നേടിക്കഴിഞ്ഞു. എട്ട് വിക്കറ്റിന് 423 റൺസെന്ന നിലയിൽ ഇംഗ്ലണ്ട് ഇന്ന് മൂന്നാം ദിവസം പുനരാരംഭിക്കും. ഒവേര്‍ട്ടനും(24*) റോബിന്‍സണുമാണ്(0*) ക്രീസില്‍. പരമ്പരയിലെ മൂന്നാമത്തെ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 121 റൺസെടുത്തു. റോറി ബേൺസ് 61ഉം ഹസീബ് ഹമീദ് 68ഉം ഡേവിഡ് മാലന്‍ 70ഉം ജോസ് ബട്‌ലര്‍ ഏഴും റൺസെടുത്ത് പുറത്തായി. 

ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് സിറാജും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം എടുത്തു. നേരത്തെ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 78 റൺസിന് ഓള്‍ഔട്ടായിരുന്നു. 

അയാളാണ് മോശം പേസര്‍, എന്നിട്ടും...കോലിയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് വോണ്‍

സെഞ്ചുറിക്കുതിപ്പ്; പോണ്ടിംഗിന്‍റെ റെക്കോര്‍ഡിനരികെ റൂട്ട്

ശസ്‌ത്രക്രിയക്ക് പിന്നാലെ കാലുകള്‍ തളര്‍ന്നു; ക്രിസ് കെയ്‌ന്‍സ് ഗുരുതരമായി തുടരുന്നു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!