ലോര്‍ഡ്‌സില്‍ കളിക്കാന്‍ തയ്യാറായിരുന്നു, സംഭവിച്ചതെന്ത്? വെളിപ്പെടുത്തി അശ്വിന്‍

By Web TeamFirst Published Aug 20, 2021, 4:06 PM IST
Highlights

സമനിലയില്‍ അവസാനിച്ച ആദ്യ ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും അശ്വിന്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ നിരയില്‍ ആര്‍ അശ്വിന്‍റെ അസാന്നിധ്യം. ബാറ്റിംഗില്‍ കൂടി സാധ്യതയുള്ള ഇന്ത്യന്‍ ടീമിലെ ഏറ്റവും സീനിയറായ സ്‌പിന്നറെ കളിപ്പിക്കാത്തത് വലിയ ചോദ്യങ്ങളുയര്‍ത്തി. എന്നാല്‍ ലോര്‍ഡ്‌സില്‍ തന്നെ പരിഗണിച്ചിരുന്നതായും അവസാന നിമിഷത്തെ ചില ട്വിസ്റ്റുകളാണ് പദ്ധതികള്‍ താളംതെറ്റിച്ചത് എന്നും അശ്വിന്‍ വിശദമാക്കി. 

'രസകരമായ ഒരു കാര്യം എന്താണെന്ന് ചോദിച്ചാല്‍ മത്സരത്തിന് മുമ്പ് ചൂടേറിയ ഒരു ചര്‍ച്ചയുണ്ടായിരുന്നു. ലോര്‍ഡ്‌സില്‍ ചിലപ്പോള്‍ അവസരം ലഭിക്കുമെന്നും തയ്യാറായിരിക്കണമെന്നും എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രഭാതഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴേക്കും മഴ തുടങ്ങി. ഇതോടെ ടോസിന് മുമ്പ് അപ്രതീക്ഷിത മാറ്റമുണ്ടാവുകയായിരുന്നു എന്നും അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറഞ്ഞു. 

സമനിലയില്‍ അവസാനിച്ച ആദ്യ ടെസ്റ്റില്‍ കളിച്ചില്ലെങ്കിലും അശ്വിന്‍ ലോര്‍ഡ്‌സിലെ രണ്ടാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഷാര്‍ദുല്‍ താക്കൂര്‍ പരിക്കേറ്റ് പുറത്തായത് പ്രതീക്ഷയ്‌ക്ക് ആക്കം കൂട്ടി. എന്നാല്‍ അശ്വിന് ലോര്‍ഡ്‌സില്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. 

ലോര്‍ഡ്‌സിലേത് ഐതിഹാസിക ജയം

ലോര്‍ഡ്‌സ് ടെസ്റ്റില്‍ തോൽവിയുടെ വക്കിൽ നിന്ന് ഐതിഹാസിക വിജയത്തിലേക്ക് ഉയർത്തെഴുന്നേല്‍ക്കുകയായിരുന്നു ടീം ഇന്ത്യ. അവസാന ദിനം 151 റൺസ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആവേശം അവസാന മണിക്കൂറിലേക്ക് നീണ്ട അഞ്ചാം ദിനം തുടങ്ങുമ്പോൾ ഇംഗ്ലണ്ടിനായിരുന്നു ജയസാധ്യത. തുടക്കത്തിലെ റിഷഭ് പന്തിനെ നഷ്ടമായതോടെ ജയമുറപ്പിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യ വാലിൽക്കുത്തി തല ഉയർത്തുകയായിരുന്നു

മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെയും പോരാട്ടവീര്യത്തിൽ തോൽക്കില്ലെന്ന് ഉറപ്പിച്ച ഇന്ത്യ പിന്നീട് ജയത്തിലേക്ക് പന്തെറിഞ്ഞു. അവസാന മണിക്കൂർ വരെ സമനിലക്കായി പൊരുതിയ ഇംഗ്ലണ്ടിനെ ഒടുവിൽ പേസ് കരുത്തിൽ എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി. സ്‌കോർ: ഇന്ത്യ 364, 298-8, ഇംഗ്ലണ്ട് 391, 120. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.

'മൂന്ന് പേരെ ശ്രദ്ധിക്കണം'; ടി20 ലോകകപ്പില്‍ തിളങ്ങാന്‍ സാധ്യതയുള്ള താരങ്ങളെ കുറിച്ച് കാര്‍ത്തിക്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!